സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.
ചെറുപ്പത്തിൽ കാല് തട്ടി വീഴുമ്പോൾ ജാതി മത ഭേദമെന്യേ എല്ലാവരും വിളിക്കുന്നത് “അമ്മേ” എന്നാണ്. വീണു കഴിഞ്ഞിട്ട് വിളിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ലെന്നറിഞ്ഞിട്ടും വിളിക്കുന്നവർക്ക് അതൊരാശ്വാസമാണ്. ധൈര്യം, സംരക്ഷണം, ആത്മവിശ്വാസം, കരുതലായ സ്നേഹം അങ്ങനെ പലതും അമ്മേ എന്ന വിളിയിൽ നിറഞ്ഞു നില്ക്കുന്നു. ബാലനായ യേശു കളിക്കുന്നതിനിടയിൽ വീണപ്പോൾ ആദ്യം ഓടിയെത്തിയതും അമ്മയാണ് എന്ന് പാഷൻ ഓഫ് ക്രൈസ്റ്റ് സിനിമയിലും കാണുന്നു. കലയിൽ മാത്രമല്ല ജീവിതത്തിലും അമ്മയുടെ സ്ഥാനം വലുതാണ്.
സമർപ്പിത ജീവിതത്തിലേയ്ക്ക് ഞാൻ വന്നപ്പോൾ മാതാവ് എനിക്ക് അമ്മയായി. ജീവിതത്തിൽ നമ്മൾ അറിയാതെ പോകുന്ന മറ്റൊരു സത്യമുണ്ട്. നമ്മുടെ സ്വന്തം അമ്മമാരും മാതാവിന് സമമാണ് എന്നുള്ളത്. പരി. അമ്മയുടെ സാധാരണ ജീവിതം പോലെ തന്നെയാണ് നമ്മുടെ അമ്മമാരുടെ ജീവിതവും. നമ്മൾ കാണാതെ പോകുന്ന അവരുടെ സഹനം. ഒന്നു പിറകോട്ട് കണ്ണോടിച്ചാൽ നാമോരോരുത്തർക്കും പറയുവാനുണ്ടാകും കരളലിയിപ്പിക്കുന്ന നമ്മുടെ അമ്മയുടെ സഹനത്തിൻ്റെ ഒരു കഥയെങ്കിലും. അസാധാരണ ദൈവഭക്തിയോടെ അവർ നമ്മളെ വളർത്തിയതുകൊണ്ടല്ലേ ഇപ്പോഴും നമ്മൾ ദൈവഭയമുള്ളവരായിരിക്കുന്നത്. സമർപ്പിത ജീവിതത്തിൽ ഞാൻ സന്തുഷ്ടയാണ്. സമർപ്പിത ജീവിതത്തിൽ ഞാനെത്തിയത് അസാധാരണ ദൈവഭക്തിയോടെ എൻ്റെ അമ്മ എന്നെ വളർത്തിയതുകൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

പരിശുദ്ധ അമ്മയുടെ വണക്കമാസത്തിൻ്റെ നാലാം ദിനത്തിലേയ്ക്ക് നാം പ്രവേശിക്കുമ്പോൾ ചിന്താവിഷയമാകുന്നത് പരിശുദ്ധ കന്യകയുടെ പിറവിയാണ്. ഭൂലോകത്തിന് ഏറ്റവും വലിയ പ്രത്യാശ നൽകിയതായിരുന്നു പരിശുദ്ധ കന്യകയുടെ ജനനം. പിതാവായ ദൈവത്തിൻ്റെ ഓമൽ കുമാരിയും സുതനായ ദൈവത്തിൻ്റെ മാതാവും പരിശുദ്ധാത്മാവിൻ്റെ മണവാട്ടിയുമായ പരിശുദ്ധ അമ്മയുടെ ജനനത്തിൽ സ്വർഗ്ഗവാസികളും സന്തോഷിച്ചു എന്നാണ് പറയപ്പെടുന്നത്. നമ്മുടെ അമ്മമാരുടെ ജനനത്തേയും സന്തോഷ പൂരിതമായ മുഹൂർത്തമായി നമ്മൾ കാണണം. അമ്മയെ സ്നേഹിക്കുന്നവർക്കേ പരിശുദ്ധ അമ്മയെ സ്നേഹിക്കാൻ കഴിയുകയുള്ളൂ..
പരിശുദ്ധ അമ്മയുടെ വണക്കമാസ കാലത്ത് അമ്മയിലൂടെ എല്ലാ അനുഗ്രഹങ്ങളും ലോകത്തിന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സുകൃതജപം.
ഉദയ നക്ഷത്രമായ പരി. മറിയമേ..
ഞങ്ങളുടെ ജീവിതം പ്രത്യാശാപൂർണ്ണമാക്കേണമേ..

പരിശുദ്ധ അമ്മയോടുള്ള സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.