സുഗതന്‍ തെക്കെപ്പുര (National Executive Member IW-A GB)
ലണ്ടന്‍: ബ്രിട്ടണിലെ കുടിയേറ്റക്കാരുടെ പുതുതലമുറയില്‍ പെട്ടവരുടെ മാതൃ രാജ്യങ്ങളില്‍ നിന്ന് വിവാഹം ചെയ്യുവാനുള്ള സ്വാതന്ത്ര്യത്തിന് പരോക്ഷമായി തടയിടുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ഇമ്മിഗ്രഷന്‍ നിയമത്തിനെതിരെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യുണിയന്‍ അതിശക്തമായ നിലപാട് എടുത്തു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ അതികായനും ഇറാഖ് യുദ്ധക്കുറ്റത്തിന് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറെ വിചാരണ നടത്തിയ ഹോം അഫയേഴ്‌സ് കമ്മിറ്റിയുടെ ചെയര്‍മാനുമയ കീത്ത് വാസ് എംപിയാണ് പാര്‍ലമെന്റില്‍ ലോബിയിങ്ങിനായി ചര്‍ച്ചക്കു തുടക്കം കുറിച്ചത്.

ഒരു പൗരന്റെ, കുടുംബമായി ജീവിക്കാനുള്ള മിനിമം വരുമാനം 13,500 പൗണ്ട് ആയിരിക്കെ തങ്ങളുടെ ജീവിത പങ്കാളി യുറോപ്പിനു വെളിയില്‍ നിന്നാണെങ്കില്‍ അവരുടെ വരുമാനം മിനിമം 18,600 പൗണ്ടും പിന്നെ ഓരോ കുട്ടിയുടെയും കണക്കനുസരിച്ച് അത് 24,000 പൗണ്ട് വരെ എത്തിപ്പെടുന്ന കുടിയേറ്റ നിയമം വിവേചന പരമാണെന്ന് അദ്ദേഹം പറഞ്ഞു. അത് മാത്രവുമല്ല ഏതാണ്ട് ഇന്ത്യന്‍ മൗലിക അവകാശത്തിനു തുല്യമായ യുറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹുമന്‍ റൈറ്റ്‌സിന്റെ ആര്‍ട്ടിക്കിള്‍ 8 പ്രകാരമുള്ള കുടുംബവുമായി ജീവിക്കാനുള്ള പൗരന്റെ അവകാശത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

അതു പോലെ തന്നെ ഭാഷാ പരിഞാനത്തിന്റെ പേരില്‍ അമേരിക്കന്‍ കമ്പനി നടത്തിയ ടെസ്റ്റുകളിലെ പിഴവിന്റെ പേരില്‍ മുഴുവന്‍ ആളുകളുടെയും പരീക്ഷാ ഫലം റദ്ദു ചെയ്ത യുകെ ഗവണ്‍മെന്റ് നടപടിയെക്കുറിച്ചും ഹോം അഫയേഴ്‌സ് കമ്മിറ്റി അന്വേഷിക്കും എന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചക്ക് പിന്തുണയേകി ഷാഡോ ട്രഷറി സെക്രടറി സീമ മല്‍ഹോത്ര, ഷാഡോ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഡാനിയേല്‍ ഷെയ്‌സ്‌നര്‍, റൂത്ത് കാഡ്ബറി തുടങ്ങിയവരും പങ്കെടുത്തു.

ചര്‍ച്ചക്കു IWA GB സെക്രട്ടറി ജോഗീന്ദര്‍ ബൈന്‍സ് നേതൃത്വം നല്കി. പ്രസിഡന്റ് ദയാല്‍ ബാഗ്രി, മറ്റു ദേശീയ കമ്മിറ്റി അംഗങ്ങളായ ഹര്‍സേവ് അവതാര്‍, സാദിക് ഇബ്രാഹിം വാക്കുളങ്ങര, സുഗതന്‍ തെക്കേപ്പുര എന്നിവരും പ്രോഗ്രസ്സിവ് മലയാളി സോസൈറ്റിയുടെ പ്രവര്‍ത്തകരായ രാജേഷ് കൃഷ്ണ, ഫൈസല്‍, ഹാരിസ് റാസല്‍ ജിജി നട്ടാശേരി തുടങ്ങിയവരും പങ്കെടുത്തു.

ചര്‍ച്ചക്കു ശേഷം IWA GB നേതാക്കളായ ജോഗിന്ദര്‍ ദയാല്‍ ബാഗ്രി ഇബ്രാഹിം വാക്കുളങ്ങര രജീന്ദര്‍ സിംഗ് എന്നിവര് 10 ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തി ആയിരക്കണക്കിന് ആളുകള്‍ ഒപ്പ് വെച്ച മെമ്മോറാണ്ടവും കൈമാറി.

IMG_0430 IMG_0447 IMG_0449 IMG_0454 IMG_0456