എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിൽ നിന്ന് റിയാദിലേക്ക് യാത്ര ചെയ്ത മലപ്പുറം വെളിമുക്ക് സ്വദേശിനി പാസ്പോർട്ട് വിമാനത്തിൽ മറന്ന് വെച്ചത് കാരണം എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ കുടുങ്ങി.
ഇന്നലെ (ചൊവ്വ) രാത്രി 11 മണിക്ക് ശേഷം ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരി റിയാദ് എമിഗ്രേഷൻ കൌണ്ടറിൽ എത്തിയപ്പോഴായിരുന്നു പാസ്പോർട്ട് എടുക്കാൻ മറന്ന വിവരം അറിയുന്നത്.
ഉടൻ എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വിമാനത്തിൽ തിരഞ്ഞെങ്കിലും പാസ്പോർട്ട് കിട്ടിയില്ല എന്ന മറുപടിയായിരുന്നു ജീവനക്കാർ നൽകിയത്.
കൂടുതൽ പരിശോധനകൾക്ക് മുതിരാതെ വിമാനം കരിപ്പൂരിലേക്കുള്ള യാത്രക്കാരുമായി തിരിച്ച് പറക്കുകയും ചെയ്തു.
എന്നാൽ പാസ്പോർട്ടില്ലാത്തതിനാൽ റിയാദ് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ കുടുങ്ങിയ യാത്രക്കാരിയുടെ നാട്ടിലുള്ള മകൻ കരിപ്പൂരിലെ എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ വിമാനത്തിൽ വീണ്ടും തിരച്ചിൽ നടത്തുകയും പാസ്പോർട്ട് കണ്ടെത്തുകയും ചെയ്തു.
എന്നാൽ ബുധനാഴ്ച രാത്രി റിയാദിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ പാസ്പോർട്ട് അയക്കുകയും അത് കൈപ്പറ്റുകയും ചെയ്യുന്നത് വരെ ഇനി യാത്രക്കാരിക്ക് റിയാദ് എയർപോർട്ടിൽ തന്നെ തുടരേണ്ടതുണ്ട്.
ആദ്യം തന്നെ ജിവനക്കാർ വിശദമായി തിരച്ചിൽ നടത്തിയിരുന്നെങ്കിൽ പാസ്പോർട്ട് ലഭിക്കുകയും തനിക്ക് ഇന്നലെത്തന്നെ പുറത്തിറങ്ങാൻ സാധിക്കുകയും ചെയ്യുമായിരുന്നു എന്ന് പറഞ്ഞ യാത്രക്കാരി ഏതായാലും പാസ്പോർട്ട് തിരികെ ലഭിച്ച ആശ്വാസത്തിലാണുള്ളത്.
Leave a Reply