ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജൂനിയർ ഡോക്ടർമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇംഗ്ലണ്ടിലെ ആശുപത്രി മേധാവികൾ രംഗത്ത്. അടുത്തയാഴ്ച നാല് ദിവസമാണ് ജൂനിയർ ഡോക്ടർമാർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് രോഗികളെ കാര്യമായി ബാധിക്കുമെന്നും, മറ്റ് ക്രമീകരണങ്ങൾ ആലോചനയിലുണ്ടെന്നും ലണ്ടനിലെ ഗയ്‌സ് ആൻഡ് സെന്റ് തോമസിന്റെ എൻഎച്ച്എസ് ട്രസ്റ്റ് മേധാവികൾ പറഞ്ഞു. ഡോക്ടർമാരിൽ ഭൂരിപക്ഷമാളുകളും വാക്ക് ഔട്ട്‌ നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.

അതേസമയം, അടിയന്തിര സാഹചര്യത്തെ നേരിടാൻ തക്കതായ പദ്ധതികൾ ആലോചനയിലുണ്ടെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. അടിയന്തിര സേവനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ യൂണിയനുമായും, ആംബുലൻസ് യൂണിയൻ മേധാവികളുമായും അസോസിയേഷൻ പ്രതിനിധികൾ ചർച്ച നടത്തും. ഏപ്രിൽ 7 മുതൽ പണിമുടക്ക് കൂടുതൽ വ്യാപിപ്പിക്കാനാണ് നീക്കം. തുടർച്ചയായി സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി.

സമരത്തിലേക്ക് നീങ്ങാനുള്ള ജൂനിയർ ഡോക്ടർമാരുടെ തീരുമാനം പുനഃപരിശോധിക്കാൻ യൂണിയൻ തയാറാകണമെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടു യൂണിയൻ കൂടുതൽ കടുത്ത നടപടികളിലേയ്ക്ക് നീങ്ങുകയാണ്. ഈസ്റ്റർ വാരാന്ത്യത്തിന് തൊട്ടുപിന്നാലെയാണ് നാല് ദിവസത്തെ വാക്ക് ഔട്ട്‌ പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ സാഹചര്യം കൂടുതൽ മോശമാകുമെന്നാണ് എൻ എച്ച് എസ് നൽകുന്ന മുന്നറിയിപ്പ്.