കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ നീതിക്കായി വാദിച്ച പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ സമ്മര്‍ദ്ദത്തിലാകുന്ന റിപ്പോര്‍ട്ട് . ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും ദിലീപും തമ്മില്‍ കോടികളുടെ ഇടപാടുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടാണ് എംഎല്‍എയെ വെട്ടിലാക്കുന്നത്. ഒരു പ്രമുഖ ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയ പ്രമുഖനായിരുന്നു പിസി ജോര്‍ജ്ജ്. തുടര്‍ന്ന് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോളും അതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ജോര്‍ജ്ജ് പറഞ്ഞത്. അതിന് ശേഷം പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും ദിലീപിന് പിന്തുണയുമായി എത്തിയിരുന്നു. ഷോണ്‍ ജോര്‍ജ്ജിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നതെന്നും രണ്ട് പേരേയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ്  റിപ്പോര്‍ട്ടില്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ്ജിനേയും ചോദ്യം ചെയ്‌തേക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനേയും പരിഹസിച്ചുകൊണ്ടായിരുന്നു അന്ന് പിസി ജോര്‍ജ്ജ് രംഗത്ത് വന്നത്. ആരോപണം ഉയര്‍ത്തി തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും അത്തരത്തില്‍ വിരളാന്‍ വേറെ ആളെ നോക്കണമെന്നുമായിരുന്നു അന്ന് ജോര്‍ജ്ജ് പറഞ്ഞിരുന്നത്.