തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ നല്‍കിയ പരാതിയില്‍ നടപടിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുക്കള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ നടപടിയെടുത്തില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

രാജീവ് ചന്ദ്രശേഖറിനെതിരെ പ്രാഥമിക തെളിവുണ്ടായിട്ടും തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ നടപടിയെടുത്തില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. മഹിളാ കോണ്‍ഗ്രസ് നേതാവ് അവനി ബെന്‍സാലും രഞ്ജിത്ത് തോമസുമാണ് ഹര്‍ജിക്കാര്‍.

അതേസമയം, തിരഞ്ഞെടുപ്പ്നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന പരാതിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ആദായനികുതി വകുപ്പാണ് അന്വേഷണം നടത്തും. ആദായനികുതി വകുപ്പ് തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് സ്വത്ത് വിവരം മറച്ചുവെച്ചുവെന്ന പരാതി അന്വേഷിക്കുക.

രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വിവരങ്ങളിലെ വസ്തുത പരിശോധിക്കാൻ ആദായ നികുതി വകുപ്പിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിരുന്നു.

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചുവെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് അവനി ബെന്‍സാല്‍ ആണ് ആദ്യം ഉന്നയിച്ചത്. ഇതു ചൂണ്ടിക്കാട്ടി ഇവര്‍ വരണാധികാരിയായ ജില്ലാ കലക്ടറിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ കലക്ടര്‍ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചിരുന്നു.