ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഡ്രിഡ്: സ്പെയിനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബെനാൽമദേനയിലെ ഒരു ഹോട്ടലിൽ മൂന്ന് ചെറിയ കുട്ടികളെ മുറിയിൽ തനിച്ചാക്കി രാത്രി ആഘോഷത്തിനായി പുറത്തുപോയെന്ന ആരോപണത്തിൽ ബ്രിട്ടീഷ് ദമ്പതികൾക്ക് കടുത്ത ശിക്ഷ. കുട്ടികളെ അവഗണിക്കുകയും സംരക്ഷണ ചുമതല നിർവഹിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തുകയും ചെയ്തെന്ന കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് കോടതി നടപടി സ്വീകരിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ കുട്ടികളുടെ സുരക്ഷയെ ഗുരുതരമായി അപകടത്തിലാക്കിയ നടപടിയാണ് രക്ഷിതാക്കൾ സ്വീകരിച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സംഭവത്തിൽ സ്പെയിനിലും ബ്രിട്ടനിലും വ്യാപക ചർച്ചയാണ് ഉയർന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവദിവസം ഹോട്ടലിന്റെ ഇടനാഴികളിലും പൊതുമേഖലകളിലും രക്ഷിതാക്കളില്ലാതെ കുട്ടികൾ അലഞ്ഞുനടക്കുന്നതായി ജീവനക്കാർ ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ നാല് വയസുള്ള കുട്ടി ഇളയ സഹോദരങ്ങളായ രണ്ട് വയസുകാരനെയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും നോക്കാൻ ശ്രമിക്കുന്ന നിലയിലായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്. കുട്ടികൾ ഏറെ നേരമായി മേൽനോട്ടമില്ലാതെ കഴിഞ്ഞിരുന്നതായും മുറിയിൽ ആവശ്യമായ പരിചരണം ലഭിച്ചിരുന്നില്ലെന്നും കണ്ടെത്തി. ഇതോടെയാണ് ഹോട്ടൽ അധികൃതർ പൊലീസിനെയും സാമൂഹിക ക്ഷേമ വിഭാഗത്തെയും വിവരം അറിയിച്ചത്.

41 വയസുള്ള പുരുഷനും 28 വയസുള്ള സ്ത്രീയും ഉൾപ്പെടുന്ന ദമ്പതികൾക്ക് ഒരു വർഷവും നാല് മാസവും തടവുശിക്ഷ വിധിച്ചെങ്കിലും ചില വ്യവസ്ഥകളോടെ ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു. കൂടാതെ രണ്ടുവർഷത്തിലേറെയായി കുട്ടികളുമായി നേരിട്ട് ബന്ധപ്പെടുന്നതിലും രക്ഷാകർതൃ അവകാശങ്ങൾ വിനിയോഗിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തി. കുട്ടികളിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ എത്തരുതെന്നും കോടതി നിർദേശിച്ചു. നിലവിൽ മൂന്ന് കുട്ടികളും സ്പാനിഷ് സാമൂഹിക സംരക്ഷണ സംവിധാനത്തിന്റെ പരിചരണത്തിലാണെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.