ലണ്ടന്‍: ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് പ്രധാനമന്ത്രി തെരേസ മേയെ പരോക്ഷമായി അധിക്ഷേപിച്ചെന്ന് ആരോപണം. ക്യാബിനറ്റില്‍ ലിംഗ വിവേചനപരമായ പരാമര്‍ശം നടത്തിയെന്ന വിവാദമാണ് കൊഴുക്കുന്നത്. ഗതാഗതത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ ട്രെയിനുകള്‍ ഓടിക്കുന്നത് ഇന്നത്തെക്കാലത്ത് വളരെ എളുപ്പമാണെന്നും പെണ്ണുങ്ങള്‍ക്കും അവ ഓടിക്കാമെന്നുമായിരുന്നു ഹാമണ്ട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. സണ്‍ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി ഈ പരാമര്‍ശത്തെ അപലപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനു ശേഷം ബ്രെക്‌സിറ്റ് വിഷയത്തില്‍ നിശ്ചയദാര്‍ഢ്യമുള്ള നിലപാടുകള്‍ സ്വീകരിച്ചു വരുന്ന ടോറി ആയാണ് ഹാമണ്ട് വിശേഷിപ്പിക്കപ്പെടുന്നത്. ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ പ്രാപ്തിയുള്ള നേതാവ് എന്ന പ്രതീക്ഷയും പ്രവര്‍ത്തകര്‍ക്ക് ഹാമണ്ടില്‍ ഉണ്ട്. ചര്‍ച്ചയിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ വിശദീകരണവുമായി മറ്റ് മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്.

ട്രെയിന്‍ ഗതാഗത മേഖലയിലെ കുറഞ്ഞ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഹാമണ്ട് എന്നാണ് ചാന്‍സലറിനോട് അടുത്ത വൃതങ്ങള്‍ അവകാശപ്പെടുന്നത്. ശരിയായ ഉദ്ദേശ്യത്തോടെയുള്ള പരാമര്‍ശമായിരുന്നെന്ന് മറ്റൊരു മന്ത്രിയും വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്കു ശേഷം മന്ത്രിസഭയില്‍ ഭിന്നതകള്‍ രൂക്ഷമാണെന്നും പ്രധാനമന്ത്രിക്കെതിരെ കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്കിടയില്‍ അതൃപ്തി പുകയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.