ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകളിൽ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കാൻ കൂടുതൽ കർശനമായ നിയമനടപടികൾക്ക് സർക്കാർ നീക്കം തുടങ്ങി. കുട്ടികളുടെ ക്ഷേമവും പഠനവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി ജാക്കി സ്മിത്ത് അറിയിച്ചതനുസരിച്ച്, കുട്ടികളുടെ മെച്ചപ്പെട്ട പെരുമാറ്റവും സ്കൂൾ വിദ്യാഭ്യാസ സംവിധാനവും ശക്തിപ്പെടുത്തുന്നതിനാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി ഹൗസ് ഓഫ് ലോഡ്സിൽ വ്യക്തമാക്കി. ബില്ലിൽ ഭേദഗതി കൊണ്ടുവന്ന് സ്കൂളുകൾക്ക് മൊബൈൽ ഫോൺ നിയന്ത്രണത്തിൽ വ്യക്തമായ നിയമബാധ്യത സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത് . ഇതിനോടകം തന്നെ പല സ്കൂളുകളും ഫോൺ നിയന്ത്രണ നയം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, നിയമത്തിന്റെ അഭാവം കാരണം ഏകീകൃതമായ നടപടിക്രമം ഇല്ലെന്ന വിമർശനം ഉയർന്നിരുന്നു. പുതിയ നീക്കത്തോടെ എല്ലാ സ്കൂളുകളും ഒരേ രീതിയിൽ കർശനമായ സമീപനം സ്വീകരിക്കേണ്ട സാഹചര്യം രൂപപ്പെടും.

വിദ്യാർത്ഥികൾക്ക് പഠന സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കാനും, സോഷ്യൽ മീഡിയ ഉപയോഗം മൂലമുള്ള മാനസിക സമ്മർദ്ദം കുറയ്ക്കാനും, സൈബർ ബുള്ളിയിംഗ് പോലുള്ള പ്രശ്നങ്ങൾ നിയന്ത്രിക്കാനുമാണ് ഈ മാർഗ്ഗനിർദേശങ്ങൾ ലക്ഷ്യമിടുന്നത്. മുഴുവൻ സ്കൂൾ സമയവും ‘ഫോൺ-ഫ്രീ’ അന്തരീക്ഷം ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ നേരത്തെ സ്കൂളുകൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. പുതിയ നിയമം വന്നാൽ ഈ നിർദ്ദേശങ്ങൾ നിർബന്ധമായും സ്കൂളുകൾ പാലിക്കേണ്ടതായി വരും. കൂടാതെ സ്കൂളുകൾക്ക് സ്വന്തം രീതിയിൽ കർശനമായ നിയന്ത്രണ മാർഗങ്ങൾ രൂപീകരിക്കാനും സ്വാതന്ത്ര്യമുണ്ടാകും.

അതേസമയം ഈ തീരുമാനത്തെ തുടർന്ന് രാഷ്ട്രീയരംഗത്ത് വ്യാപകമായ പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട് . കൺസർവേറ്റീവ് പാർട്ടിയുടെ ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ലോറ ട്രോട്ട് സർക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും വൈകിയതിനെ വിമർശിക്കുകയും ചെയ്തു. മുൻപ് തന്നെ ഇത്തരമൊരു നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും, ഇപ്പോൾ സർക്കാർ അതേ നിലപാട് സ്വീകരിച്ചതായും അവർ പറഞ്ഞു. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം ഗുണകരമായ ഒരു നടപടിയാണിതെന്നും ആണ് വിദ്യാഭ്യാസ വിദഗ്ദ്ധർ വിലയിരുത്തുന്നത് . അടുത്ത ദിവസങ്ങളിൽ പാർലമെന്റിൽ ഭേദഗതി അവതരിപ്പിക്കപ്പെടും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അതിനു ശേഷം നിയമം നടപ്പാക്കൽ നടപടികൾക്ക് തുടക്കമാകുമെന്നാണ് സൂചന.











Leave a Reply