ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ . വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ പേട്രൺ ആയി പ്രഖ്യാപിച്ചതിന്റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച സെന്റ് ജോസഫ് ഇയറിന്റെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ തല സമാപനത്തോടനുബന്ധിച്ചു ബ്രിട്ടനിലെ വിശുദ്ധ യൗസേഫ് പിതാവിന്റെ നാമധേയത്തിലുള്ള ചരിത്ര പ്രസിദ്ധമായ ഫാൻബൊറോ ആബിയിലേക്കു തീർഥാടനം സംഘടി പ്പിച്ചിരിക്കുന്നു.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഡിസംബർ നാലാം തീയതി ശനിയാഴ്ച മൂന്നു മണിക്ക് നടക്കുന്ന തീർഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂൺഷിയോ ആർ ച്ച്‌ ബിഷപ് മാർ ക്ലൗഡിയോ ഗുജരോത്തി മുഖ്യാതിഥി ആയി പങ്കെടുക്കും .രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽ രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ . ആൻറണി ചുണ്ടെലിക്കാട്ട് , വികാരി ജെനെറൽമാരായ റെവ.ഫാ. ജിനോ അരീക്കാട്ട് എം. സി. ബി.എസ് , ഫാ. സജിമോൻ മലയിൽ പുത്തൻപുര ,റെവ. ഫാ. ജോർജ് ചേലക്കൽ , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുള്ള വൈദികർ എന്നിവരും സഹകാർമ്മികരാകും ,സ്ഥല പരിമിതികൾ മൂലം മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറു പേർക്കാണ് പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ഉള്ളതെന്നും , പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും, വികാരി ജെനെറൽ ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു .