മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ ഗതാഗതം നിയന്ത്രിച്ചതിൽ അസ്വസ്ഥനായി ഉച്ചത്തിൽ യുവാവിന്റെ അസഭ്യം പറച്ചിൽ. കേട്ടുനിന്ന അസി. കമ്മിഷണർ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തെങ്കിലും കൈ തട്ടിമാറ്റി വണ്ടി എങ്ങനെയോ സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ യുവാവിന്റെ ശ്രമം. ഏതാനും മീറ്ററകലെ പൊലീസ് സംഘം ബൈക്ക് തടഞ്ഞെങ്കിലും നിർത്താതെ പോകാൻ ശ്രമിച്ച യുവാവിനെ ബലപ്രയോഗത്തിലൂടെ ഒടുവിൽ പൊലീസ് കുടുക്കി. ചിറ്റിലപ്പിള്ളി അമ്പിഴപ്പിള്ളി ആൻസൺ വടക്കൻ (40) ആണ് പിടിയിലായത്.

തിങ്കളാഴ്ച രാവിലെ ഒൻപതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം തൃശൂർ – ഗുരുവായൂർ പാതയിലൂടെ പുഴയ്ക്കലെത്തിയപ്പോഴാണ് സംഭവം. വാഹനവ്യൂഹത്തിനു കടന്നുപോകാൻ പൊലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഏതാനും മിനിറ്റുകൾ കാത്തുനിന്നപ്പോഴേക്കും യുവാവ് അസ്വസ്ഥനായി. ഗതാഗതം നിയന്ത്രിച്ച എസിപി വി.കെ. രാജുവിനോടു യുവാവ് കയർക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തിയപ്പോഴാണ് എല്ലാവരും കേൾക്കെ യുവാവ് അസഭ്യം പറഞ്ഞത്. ഇതോടെ എസിപി എത്തി ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉടൻ യുവാവ് എസിപിയുടെ കൈ തട്ടിമാറ്റിയ ശേഷം ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു കുതിച്ചു. പഴയ ബൈക്ക് ആയതുകൊണ്ട് താക്കോൽ ഇല്ലാതെയും സ്റ്റാർട്ട് ചെയ്യാവുന്ന അവസ്ഥയിലായിരുന്നെന്നു പൊലീസ് പറയുന്നു.

വയർലെസിലൂടെ എസിപി നിർദേശം നൽകിയതനുസരിച്ച് ശോഭ സിറ്റിക്കു സമീപത്തു വച്ച് പൊലീസ് സംഘം ബൈക്ക് തടഞ്ഞു. നിർത്താതെ മുന്നോട്ടു കുതിച്ച ബൈക്ക് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.