കൊവിഡ് 19 രൂക്ഷമായി ബാധിച്ച ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരില്‍ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ഭാര്യയും. യാത്രാപ്രശ്നങ്ങൾ മൂലം നാട്ടിലേക്കു വരാനാകാത്ത അവസ്ഥയിലാണ് മുഹ്സിന്റെ ഭാര്യ. കാമറിനോ സർവകലാശാലയിൽ ഗവേഷകയാണ് ഉത്തർപ്രദേശ് സ്വദേശിയായ മുഹ്സിന്റെ ഭാര്യ ഷഫക് ഖാസിം.

വിഷയം ഇന്നലെ നിയമ സഭയിലും ചർച്ചയാവുകയും ചെയ്തു. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രമേയാവതരണത്തിനു ശേഷമാണു മുഹ്സിന്റെ ഭാര്യയുടെ വിഷയം സഭയിലെത്തിയത്. സഭയിൽ മുഹ്സിന് തൊട്ടടുത്ത് ഇരിക്കുന്ന പി സി ജോർജ്ജ് എംഎൽയായിരുന്നു വിഷയം ഉന്നയിച്ചത്.

മുഹ്സിൻ വലിയ വിഷമത്തിലാണ്, അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോൾ ഇറ്റലിയിലാണ്. ഭാര്യയെ നേരിട്ടു കാണണമെന്നു പട്ടാമ്പി അംഗത്തിന് ആഗ്രഹമുണ്ട്. വിഡിയോ കോളിലൂടെ മാത്രമേ കാണാൻ കഴിയൂ. അവർക്ക് നാട്ടിലെത്താൻ കഴിയുന്നില്ല എന്നായിരുന്നു പിസിയുടെ പരാമർശം. എന്നാൽ‌ നാട്ടിലെത്താനാവാത്തത് അണ് പ്രശ്നം എന്നും ഇവിടെയെത്തിയാൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാമെന്നു മന്ത്രി കെ.കെ ശൈലജ ഉറപ്പു നൽകി.

ഷഫക് ഖാസിമിന് നാട്ടിലെത്താൻ കഴിയാത്തതിനെ കുറിച്ച് മുഹമ്മദ് മുഹ്സിനും പിന്നീട് വിശദീകരിച്ചു. ”അവൾക്കിനി ഉടൻ വരാൻ കഴിയുമെന്നു തോന്നുന്നില്ല. ടിക്കറ്റ് കിട്ടിയാൽ തന്നെ കോവിഡ് ഉണ്ടോയെന്നു പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനം ഇറ്റലിയിൽ ഇപ്പോൾ വളരെ ചുരുക്കമാണ്. എയർ ഇന്ത്യ, അലി‌റ്റാലിയ ഫ്ലൈറ്റുകൾ മാത്രമാണ് ഇങ്ങോട്ടുള്ളത്. അതിൽ എയർ ഇന്ത്യയുടേതു മിക്കതും ഇതിനോടകം റദ്ദാക്കിക്കഴിഞ്ഞു.

ഇറ്റലി പൂർണമായി സ്തംഭനാവസ്ഥയിലാണ്. ആരും പുറത്തിറങ്ങുന്നില്ല. ഇനി സർവകലാശാലയ്ക്കുള്ളിൽ പ്രവേശിക്കരുതെന്ന അറിയിപ്പും വന്നിട്ടുണ്ട്. സർവകലാശാല നൽകിയ അപ്പാർട്ട്മെന്റിലാണു താമസം. പ്രദേശത്തെ കടകൾ ഏതു സമയവും അടച്ചേക്കും. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങി വച്ചിട്ടുണ്ട്. ഷഫക്കിനു ഫെലോഷിപ്പുള്ളതു കൊണ്ടു പ്രശ്നമില്ല. പക്ഷേ മറ്റ് പലരുടെയും അവസ്ഥ വളരെ മോശമാണ്. സൂപ്പർ മാർക്കറ്റുകളിലും മറ്റും പാർട്ട് ടൈം ജോലി ചെയ്താണു ചെലവിനുള്ള പണം കണ്ടെത്തുന്നത്. കടകൾ അടച്ചു പൂട്ടുന്നതോടെ ഇവരുടെ കാര്യം എന്താകുമെന്ന് അറിയില്ല. പലരും സ്വകാര്യ അപാർട്ട്മെന്റ് എടുത്തു താമസിക്കുകയാണ്.

രണ്ടാഴ്ച മുൻപാണ് ഇറ്റലിയിൽ യാത്രാനിരോധനം വരുന്നത്. അതിന് മുൻപ് ഇന്ത്യക്കാർക്ക് ഇങ്ങോട്ടു വരാൻ കഴിയുമായിരുന്നു. പക്ഷേ റോമിലെ വിമാനത്താവളം വരെ എത്തണമെങ്കിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമായിരുന്നു. ആ യാത്രയിൽ രോഗം പിടിപെടാനുള്ള സാധ്യത കുടുതലായിരുന്നു. എന്നാൽ‌ ഇന്ത്യക്കാർക്കായി പ്രത്യേക ഗതാഗത സൗകര്യം ഒരുക്കണമെന്ന് ഞാനുൾപ്പെടെ പലരും എംബസിക്കു കത്തയിച്ചിട്ടും അവർ തിരിഞ്ഞുനോക്കിയില്ല.” എന്നും അദ്ദേഹം വ്യക്തമാക്കി.