കൊച്ചി: എറണാകുളം നഗരത്തിലെ ഒരു ലോഡ്ജിൽ അനാശാസ്യ പ്രവർത്തനം നടത്തിയെന്ന പരാതിയിൽ മൂന്ന് യുവതികളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത സ്വദേശികളായ മൂന്ന് യുവതികളും ഇടപാടുകാരനായ പാലക്കാട് സ്വദേശിയും ലോഡ്ജിലെ ഒരു ജീവനക്കാരനുമാണ് സെൻട്രൽ പൊലീസിന്റെ പിടിയിലായത്. എറണാകുളം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വളഞ്ഞമ്പലം ഭാഗത്ത് സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി. എറണാകുളം സൗത്ത് മേഖലയിൽ ചില ലോഡ്ജുകൾ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. പൊലീസ് എത്തുമ്പോൾ ഒരു മുറിയിൽ പാലക്കാട് സ്വദേശിയും ഒരു യുവതിയും ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റ് രണ്ട് യുവതികൾ ഇടപാടുകാർക്കായി കാത്തിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മണിക്കൂർ അടിസ്ഥാനത്തിലായിരുന്നു ഇടപാടുകൾ.
അറസ്റ്റിലായ യുവതികളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മറ്റ് പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. റെയ്ഡ് സമയത്ത് ലോഡ്ജ് ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾക്കെതിരെ അനാശാസ്യ കേന്ദ്രം നടത്തിയതടക്കമുള്ള കുറ്റങ്ങൾ ചുമത്തും. നേരത്തെ താക്കീത് നൽകിയിട്ടും സമീപ പ്രദേശങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നതായും, ചില ചെറുകിട ലോഡ്ജുകളിൽ മണിക്കൂർ നിരക്കിൽ സൗകര്യം ഒരുക്കുന്നതായും പൊലീസ് വ്യക്തമാക്കി.











Leave a Reply