കൊച്ചി∙ ‘മാലാഖ’ വന്നിട്ടുണ്ട്, ‘ചായ കുടി’ക്കാൻ പോരേ ‘ഹണിബീ’ എന്നു കേട്ടാൽ ചായ കുടിക്കാനുള്ള ക്ഷണമായി തോന്നാം. പക്ഷേ ചാലക്കുടി പൊലീസിന് അത് വെറുമൊരു ക്ഷണക്കുറിപ്പല്ല, ഓൺലൈൻ സെക്സ് റാക്കറ്റ് സംഘത്തിന്റെ രഹസ്യ കോഡാണ്. കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ സംഘത്തിന്റെ മുഖ്യകണ്ണിയുടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ട സന്ദേശങ്ങളിലാണ് ഈ കോഡുകൾ. യുവതിയുടെ ഫോട്ടോയ്ക്കൊപ്പം ഏതാണ്ട് 70 പേർക്ക് അയച്ചു കൊടുത്തതാണ് ഈ സന്ദേശം. എസ്കോർട്ട്, ഗൈഡ്, തുടങ്ങിയ കോഡ് വാക്കുകളും സംഘം ഉപയോഗിക്കുന്നുണ്ടെന്നു വ്യക്തമായതായി പൊലീസ് പറയുന്നു.

ഇരിങ്ങാലക്കുട കിഴുത്താണിയിലെ സെക്സ് റാക്കറ്റിനെ പിടിക്കാൻ ഇറങ്ങിത്തിരിച്ച പൊലീസിനെ കാത്തിരുന്നത് മതിലുകൾ ചാടിക്കടന്നുള്ള ഓട്ടം. സംഘത്തിന്റെ നടത്തിപ്പുകാരൻ കൊടുങ്ങല്ലൂർ പെരിഞ്ഞനം പൊൻമാനിക്കുടം കീഴ്പ്പുള്ളി സുഷിൻ എന്ന സുഷി, മനവലശേരി പാലയ്ക്കൽ അനീഷ് എന്ന ജെഷിൻ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത് പിന്നാലെ ഓടിയിട്ടാണ്. ഇവരെ പിടികൂടാൻ ശ്രമിക്കുമ്പോൾ സുഷി ഓടി മതിലുകൾ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.

വിട്ടുകൊടുക്കാതെ പൊലീസും മതിൽ ചാടിക്കടന്നതിനാൽ പ്രതികൾ പിടിയിലായി. വീട്ടിൽ ‘ചായ കുടി’ക്കാൻ വന്ന ‘തേനീച്ച’കൾ ഉടുതുണി പോലും ഇല്ലാതെ ഓടി രക്ഷപ്പെട്ടു. അവർ ഫോണുകളും കൊണ്ടുപോയതിനാൽ പല തെളിവുകളും ലഭിച്ചില്ലെന്നു പൊലീസ്. സുഷി ആവശ്യപ്പെട്ടതനുസരിച്ച് എത്തിയ ‘മാലാഖ’ കോഴിക്കോട് സ്വദേശിനിയാണെന്നു വ്യക്തമായിട്ടുണ്ട്. പ്രതികൾ ഓടി രക്ഷപ്പെടുന്നതു കണ്ടാണ് നാട്ടുകാരും വിവരം അറിയുന്നത്. കാർ റെന്റ് സ്ഥാപന ഉടമ എന്നു പരിചയപ്പെടുത്തിയിരുന്നതിനാൽ വാഹനങ്ങൾ വീട്ടിൽ വന്നു പോകുന്നത് അയൽവാസികൾ ശ്രദ്ധിക്കാറില്ലായിരുന്നത്രേ.
മോഡലിങ്ങിന് അവസരം നൽകുമെന്ന വാഗ്ദാനം വിശ്വസിച്ചെത്തിയ 19 കാരി കെണി തിരിച്ചറിഞ്ഞ് പരാതിപ്പെട്ടതോടെയാണ് സംഘത്തെക്കുറിച്ചു പൊലീസിനു വിവരം ലഭിക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിക്കുകയും പലർക്കും കാഴ്ച വയ്ക്കുകയും ചെയ്തെന്നായിരുന്നു പരാതി. നേരത്തെ പിടിയിലായ കൂടപ്പുഴ സ്വദേശി ഡിസ്കോ ജോക്കിയായ അജിത് വഴിയാണ് യുവതി പ്രതിയുമായി പരിചയത്തിലായതും കെണിയിൽ പെട്ടതും.

ഈ പെൺകുട്ടിയുടെ പടമാണ് വാട്സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ അയച്ചു കൊടുത്ത് പലരിൽനിന്നും പ്രതികൾ പണം തട്ടിയെടുക്കുന്നത്. ഇവരുടെ വലയിലുള്ള നിരവധി പെൺകുട്ടികളുടെ ഫോൺ നമ്പരുകളും ഫോട്ടോകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അനീഷിനെ പൊലീസ് പിടികൂടിയത്.

റിയൽ എസ്റ്റേറ്റ് ബിസിനസ്, യൂസ്ഡ് വാഹനക്കച്ചവടം തുടങ്ങിയ ഇടപാടുകളാണെന്നു പറഞ്ഞാണ് സുഷി സമ്പന്നരായ ആളുകൾ താമസിക്കുന്ന പ്രദേശത്ത് വീട് വാടകയ്ക്കെടുത്തിരുന്നത്. അതുകൊണ്ടുതന്നെ ഇവിടെ വാഹനങ്ങൾ വന്നു പോകുന്നത് അയൽവാസികൾ കാര്യമാക്കിയിരുന്നില്ല. ഒടുവിൽ പൊലീസ് എത്തിയപ്പോഴാണ് നാട്ടുകാർ കാര്യമറിഞ്ഞത്. വിദേശ മലയാളികളും മറ്റുമാണ് ഇവരുടെ പ്രധാന ഇടപാടുകാരെന്ന് പൊലീസ് പറയുന്നു. ഓൺലൈനിൽ ആവശ്യക്കാർ ബന്ധപ്പെടുമ്പോൾ ചിത്രങ്ങൾ അയച്ചു കൊടുത്താണ് അവരെ വലയിലാക്കിയിരുന്നത്. പണം മുൻകൂർ വാങ്ങുന്നതാണ് പതിവ്. ഇങ്ങനെ സമ്പാദിച്ച പണമത്രയും ആഡംബര ജീവിതത്തിനു ചെലവഴിച്ചെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്.

നേരത്തെ ബസ് ക്ലീനറായിരുന്നത്രേ സുഷി. കൂലിത്തല്ലും മറ്റുമായിരുന്നു അന്ന് പ്രധാന ജോലി. കേസിൽ പെട്ടതോടെ കർണാടകത്തിലേക്കു കടന്ന സുഷി മാസങ്ങൾക്കു ശേഷം തിരിച്ചെത്തി പെരിന്തൽമണ്ണയിൽ കുറേ നാൾ താമസിച്ചു. പിന്നീട് കയ്പമംഗലം, ഇരിങ്ങാലക്കുട ഭാഗങ്ങളിൽ താമസിച്ച് പെൺവാണിഭ സംഘത്തിനു നേതൃത്വം നൽകുകയായിരുന്നു. ഇയാളുടെ ഇടപാടുകളെക്കുറിച്ച് അറിവു ലഭിച്ച പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. കിഴുത്താണിയിൽ ഇയാൾ താമസിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞ് ആൾ സ്ഥലത്ത് ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് വീടു വളഞ്ഞതും പ്രതിയെ ഓടിച്ചുപിടിച്ചതും. ഇയാളുടെ ഫോണിൽ നമ്പറുള്ള യുവതികളുടെയും യുവാക്കളുടെയും വിശദവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്ഐ പി.ഡി. അനിൽകുമാർ പറഞ്ഞു.