കോവളം ∙ മതിയായ യാത്രാരേഖകളില്ലാതെ മൂന്ന് മാസമായി കോവളത്തെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന റഷ്യൻ വനിതയെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു. 44കാരിയായ അന്നാ അൽക്സീവയെയാണ് കോവളം എസ്.എച്ച്.ഒ ഷീനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പാസ്പോർട്ട്, വിസ ഉൾപ്പെടെയുള്ള രേഖകൾ കൈവശമില്ലാതെയാണ് ഇവർ താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

കോവളത്തെ ഹുസൈൻ എന്നയാളുടെ ഹോംസ്റ്റേയിലാണ് അന്നാ അൽക്സീവ കഴിഞ്ഞ മൂന്ന് മാസമായി താമസിച്ചിരുന്നത്. കോവളത്ത് താമസിക്കുന്ന വിദേശികളെക്കുറിച്ചുള്ള വിവരം ഹോട്ടൽ, ഹോംസ്റ്റേ ഉടമകൾ പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. 2019ൽ ഇവർ കോവളത്ത് എത്തിയിരുന്നതായും പിന്നീട് ഗോവയിൽ താമസിച്ച് പീറ്റർ എന്നയാളെ വിവാഹം കഴിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദേശ വനിതയെ പൊലീസ് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലും (എഫ്.ആർ.ആർ.ഒ.) ഹാജരാക്കി. ഉസ്ബെക്കിസ്ഥാനിൽനിന്ന് റഷ്യയിലേക്ക് കുടിയേറിയതാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിദേശ വനിതയുടെ താമസവിവരം പൊലീസിനെ അറിയിക്കാത്തതിന് ഹോംസ്റ്റേ നടത്തിപ്പുകാരൻ ഹുസൈനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് കോവളം എസ്.എച്ച്.ഒ ഷീന പറഞ്ഞു.