കൊച്ചി: നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതിയെ അറിയിക്കുമെന്ന് പോലീസ്. നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുളളൂ. അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുള്ളതിനാല്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

താന്‍ നിരപരാധിയാണെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷ പറയുന്നു. ഹര്‍ജി 13ന് കോടതി പരിഗണിക്കും. തന്നെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്.

നടിയെ ആക്രമിച്ച കേസിന്റെ വസ്തുതകള്‍ നാദിര്‍ഷ മറച്ചുവെച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അന്വേഷണം വഴിതിരിച്ചു വിടാനും ദിലീപിനെ സംരക്ഷിക്കാനുമുളള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്രകാരം ചെയ്തതെന്നും പോലീസ് പറയുന്നു.