ദുരൂഹസാഹചര്യങ്ങളിൽ കാണാതായ മൂന്നു സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തിൽ, പ്രതി സെബാസ്റ്റ്യനെ വിശദമായി ചോദ്യംചെയ്യാൻ തുടങ്ങി. ഇതിൽ ഏറ്റുമാനൂർ സ്വദേശിനി ജെയ്‌നമ്മയെ കാണാതായ കേസിൽ ഇതുവരെ 24 പേരെ കോട്ടയം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തു. സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച തീരും. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

ഹയറുമ്മ(ഐഷ)യെ കാണാതായ കേസന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച്, സെബാസ്റ്റ്യനെ കസ്റ്റഡിയിൽ കിട്ടാൻ നടപടി തുടങ്ങി. ജെയ്‌നമ്മയെ കാണാതായ സംഭവത്തിലാണ് സെബാസ്റ്റ്യനെതിരേ കൊലക്കേസെടുത്തത്. തുടരന്വേഷണത്തിൽ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽനിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി.

എന്നാൽ, ഇത് കാണാതായ സ്ത്രീകളിൽ ആരുടേതാണെന്ന് സ്ഥിരീകരിക്കാനായില്ല. അതിനാലാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഇതിന്റെ ഫലം വ്യാഴാഴ്ചയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഫലം വന്നാലേ മുന്നോട്ടുപോകാനാവൂവെന്ന അവസ്ഥയിലാണ് അന്വേഷണസംഘം.

ചോദ്യംചെയ്യലുമായി സഹകരിക്കാത്ത സെബാസ്റ്റ്യനെ ശാസ്ത്രീയമാർഗങ്ങളിലൂടെ ചോദ്യംചെയ്യുന്നതിനുള്ള നടപടി തുടങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെബാസ്റ്റ്യനെതിരേ ആദ്യം ആരോപണമുയരുന്നത് ബിന്ദു പദ്മനാഭൻ തിരോധാനത്തിലായിരുന്നു. കടക്കരപ്പള്ളി സ്വദേശിനിയായ ബിന്ദുവിനെ കാണാനില്ലെന്ന് സഹോദരൻ പി. പ്രവീൺകുമാർ 2017 സെപ്റ്റംബറിലാണ് പരാതി നൽകുന്നത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന അച്ഛൻ പദ്മനാഭപിള്ളയുടെ കോടികളുടെ സ്വത്തിനവകാശിയായിരുന്നു ബിന്ദു. അച്ഛനമ്മമാർ മരിക്കും മുൻപേബിന്ദു സഹോദരനുമായി അകന്നിരുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തിനിടെ സ്വത്തെല്ലാം ഒന്നൊന്നായി വിറ്റു. ഇതിനെല്ലാം സഹായിയായത് സെബാസ്റ്റ്യനും. 2003-ൽ മാസങ്ങളുടെ ഇടവേളകളിൽ ബിന്ദുവിന്റെ സ്വത്തെല്ലാം വിറ്റെന്നാണ് കണ്ടത്തൽ. എംബിഎ പഠനം പൂർത്തിയാക്കിയ ബിന്ദു 2006 വരെ ജീവിച്ചിരുന്നതായാണുനിഗമനം. ഇതിനു ശേഷവും ഇവർ ജീവിച്ചിരുന്നെന്ന മൊഴിയുണ്ടങ്കിലും ഉറപ്പിച്ചിട്ടില്ല. പട്ടണക്കാട് പോലീസും പ്രത്യേക അന്വേഷണസംഘവും അന്വേഷിച്ച കേസ് നിലവിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

ബിന്ദുവിനെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്ന സഹോദരന്റെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് സെബാസ്റ്റ്യന്റെ പേര്‌ പുറത്തുവന്നത്.

പഞ്ചായത്തു ജീവനക്കാരിയായിരുന്ന ചേർത്തല നഗരസഭ ഏഴാംവാർഡ് വെളിയിൽ ഹയറുമ്മ എന്ന ഐഷ(62)യെ 2018 മേയ് 13-നാണ് കാണാതാകുന്നത്. ഭർത്താവുമായി പിണങ്ങി അകന്നിരുന്ന ഇവർ ആദ്യം മകനോടൊപ്പവും പിന്നീട് ഒറ്റയ്ക്ക് ചേർത്തലയിലും താമസിച്ചു. വീടിനോടു ചേർന്നുള്ള അഞ്ചുസെന്റ് ഭൂമി വാങ്ങാനാണ് ഇവർ സെബാസ്റ്റ്യനുമായി ബന്ധപ്പെടുന്നത്. സെബാസ്റ്റ്യന്റെ വിശ്വസ്തയായിരുന്ന, അയൽവാസിയായ സ്ത്രീ വഴിയായിരുന്നു ഇത്. പണവും അണിഞ്ഞിരുന്ന ആഭരണങ്ങളുമായാണ് ഐഷയെ കാണാതാകുന്നത്. അവസാനയാത്ര സെബാസ്റ്റ്യന്റെ വീട്ടിലേക്കായിരിക്കാമെന്നാണ് കണക്കാക്കുന്നത്. മകന്റെ പരാതിയിലായിരുന്നു കേസ്. പ്രാഥമികാന്വേഷണത്തിൽ മൂവാറ്റുപുഴയിൽ കണ്ട മൃതദേഹം ഇവരുടേതെന്നുറപ്പിച്ച് മറവുചെയ്ത്‌ കേസ് അവസാനിപ്പിച്ചിരുന്നു. ബിന്ദു പദ്മനാഭൻ കേസ് ഉയർന്ന ഘട്ടത്തിലാണ് ഇതിനു വീണ്ടും ജീവൻവെച്ചത്. ആലപ്പുഴ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാലായിൽ വീട്ടിൽ മാത്യുവിന്റെ ഭാര്യ ജെയിൻ മാത്യു എന്ന ജെയ്നമ്മ(48)യെ 2024 ഡിസംബർ 23-നു രാവിലെ വീട്ടിൽനിന്നു കാണാതായെന്നാണ് ഭർത്താവിന്റെ പരാതി. ഇവർ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളിൽ പോകുകയും താമസിക്കുകയും ചെയ്തിരുന്നു. ധ്യാനകേന്ദ്രങ്ങളിൽ വെച്ചാകാം സെബാസ്റ്റ്യനുമായി സൗഹൃദമായതെന്നാണു സൂചന. ഏറ്റുമാനൂർ പോലീസെടുത്ത കേസ് നിലവിൽ കോട്ടയം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ജെയ്നമ്മയുടെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനുമായുള്ള പരിചയം തെളിഞ്ഞത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടം കണ്ടെത്തിയത്. തുടർന്നാണ് സെബാസ്റ്റ്യനെതിരേ കൊലപാതകത്തിനു കേസെടുത്തത്.