ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സൗത്തെൻഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്ന പരാതിയെ തുടർന്ന് 2 ലക്ഷം പൗണ്ടിലേറെ വിലമതിക്കുന്ന ലംബോർഗിനി ഹുറാക്കാൻ സൂപ്പർകാർ എസെക്സ് പൊലീസ് പിടിച്ചെടുത്തു. അനുവദിച്ച വേഗപരിധിയുടെ ഇരട്ടിയിലധികം വേഗത്തിൽ വാഹനം സഞ്ചരിച്ചതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമൂഹിക അസ്വസ്ഥതയും റോഡ് അപകടസാധ്യതയും സൃഷ്ടിക്കുന്ന ഡ്രൈവിങ് നിയന്ത്രിക്കാൻ ഈ വർഷം ശക്തിപ്പെടുത്തിയ നിയമപ്രകാരം പൊലീസ് വാഹനം ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുമ്പ് സമാന സംഭവങ്ങളിൽ ആദ്യം മുന്നറിയിപ്പ് നൽകുകയും 12 മാസത്തിനുള്ളിൽ വീണ്ടും നിയമലംഘനം നടത്തിയാൽ മാത്രമേ വാഹനം പിടിച്ചെടുക്കാനാകുമായിരുന്നുള്ളു.

പൊതുസ്ഥലങ്ങളിൽ ഡ്രിഫ്റ്റിങ് നടത്തൽ, വീൽസ്പിൻ, അനധികൃത റേസിങ്, അമിത ശബ്ദത്തോടെ വാഹനമോടിക്കൽ തുടങ്ങിയ പ്രവൃത്തികൾ വാഹനങ്ങൾ പിടിച്ചെടുക്കാൻ കാരണമാകുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ലണ്ടനിൽ സാമൂഹിക അസ്വസ്ഥത സൃഷ്ടിച്ച ഡ്രൈവിങിനെതിരായ പ്രത്യേക നടപടിയുടെ ഭാഗമായി ഫെറാരി, ലംബോർഗിനി, ബെന്റ്ലി ഉൾപ്പെടെ 60 ലക്ഷം പൗണ്ടിലേറെ വിലമതിക്കുന്ന 72 ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു.