പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിൽ നിര്‍ണായക തീരുമാനവുമായി വത്തിക്കാൻ. ഫ്രാൻസിസ് ഒന്നാമൻ മാർപ്പാപ്പയുടെ എൺപത്തിമൂന്നാം പിറന്നാൾ ദിനത്തിലാണ് വത്തിക്കാന്‍റെ ചരിത്ര പ്രഖ്യാപനം.

പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിലെ സഭാ രേഖകൾ ഇനിമുതൽ പരസ്യപ്പെടുത്തും. കേസിൽപ്പെടുന്നവർ അതാത് രാജ്യത്തെ നിയമസംവിധാനവുമായി സഹകരിക്കണമെന്നും വത്തിക്കാൻ വാർത്താകുറിപ്പിറക്കി. 18- വയസ്സിൽ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങൾ കുട്ടികളുടേതായി കണക്കാക്കുമെന്നും വത്തിക്കാൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നേരെത്തെ ഇത് പതിനാല് വയസ്സ് വരെയാണ് കുട്ടികളായി കണക്കാക്കിയിരുന്നത്.

കുട്ടികൾക്കെതിരായ ലൈംഗിക പീഡന കേസുകളിൽ പുരോഹിതന്മാർ പ്രതിയായാൽ ആ രാജ്യത്തെ, നിയമ സംവിധാവുമായി സഹകരിക്കാനാണ് നിർദ്ദേശം. വിവരങ്ങൾ പൊലീസിന് കൈമാറുകയും വേണം. പുരോഹിതന്മാർ ലൈംഗിക പീഡന കേസുകളിൽ പ്രതിയെങ്കിൽ ഇതു സംബന്ധിച്ച സഭാ രേഖകൾ പരസ്യപ്പെടുത്തുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഇരകൾക്കും സാക്ഷികൾക്കുമുണ്ടായിരുന്ന വിലക്ക് നീക്കിയാണ് വത്തിക്കാൻ ചരിത്ര നയംമാറ്റം പ്രഖ്യാപിച്ചത്.