അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. അച്ഛനും കന്നഡതാരവുമായിരുന്ന രാജ്കുമാർ അന്ത്യവിശ്രമം കൊള്ളുന്നതിന് അരികിലായി കണ്ഠീരവ സ്റ്റുഡിയോയിൽ ആണ് പുനീതിന്റെ നിത്യനിദ്ര.

പവർ സ്റ്റാറിന്റെ അമേരിക്കയിലുള്ള മകൾ ശനിയാഴ്ച രാത്രിയോടെയാണ് ബംഗളൂരുവിൽ എത്തി. പുലർച്ചെ നാലുമണിയോടെയാണ് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചത്. തുടർന്നു വിലാപയാത്രയായി 11 കിലോമീറ്റർ അകലെയുള്ള സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. 7.30ന് ആണു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്.

വെള്ളിയാഴ്ച 4 മണിക്ക് ആരംഭിച്ച പൊതുദർശനത്തിൽ രണ്ടു ലക്ഷം പേർ താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചുവെന്നാണ് കണക്ക്. കന്നഡ സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം നേരിട്ടെത്തി അന്തിമോപചാരം അർപ്പിച്ചു.

പുനീതിന്റെ വിയോഗം കന്നഡ സിനിമാ ആരാധകരെ കടുത്ത വിഷാദത്തിലാക്കിയിരുന്നു. അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആരാധകരെല്ലാം എത്തുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്ന സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്താണ് കുടുംബം സംസ്‌കാര ചടങ്ങുകൾ പുലർച്ചെ മാറ്റിയത്.

ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾക്ക് പുറമെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, കന്നഡ സിനിമയിലെ പ്രമുഖ നടീനടന്മാർ തുടങ്ങിയവരും പങ്കെടുത്തു.

വെള്ളിയാഴ്ചയാണ് പുനീത് രാജ്കുമാർ (46) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥതയുണ്ടാവുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.