അപൂർവ്വ രോഗത്തിന് അടിമപ്പെട്ട പ്രഭുലാൽ അന്തരിച്ചു. 25 വയസായിരുന്നു. തന്റെ മുഖം മറുക് കൊണ്ട് മൂടിയപ്പോഴും വേദന തിന്നപ്പോഴും ചിരി കൊണ്ട് പോരാടിയ പ്രഭുലാൽ സോഷ്യൽമീഡിയയ്ക്കും നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ-ബിന്ദു ദമ്പതികളുടെ മകനായ പ്രഭുലാലിന്റെ വിയോഗം സുഹൃത്തുക്കൾക്കും തീരാവേദനയാണ് സമ്മാനിച്ചത്.
അർബുദം ബാധിച്ച് ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. ഹരിപ്പാട് നഗരസഭയിലെ ജീവനക്കാരനായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ പ്രവർത്തകനായിരുന്നു. തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച കാര്യവും പ്രഭുലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയായിരുന്നു പ്രഭു. വലതുതോളിലുണ്ടായ മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ചതോടെ ചികിത്സ തേടിയിരുന്നു. പിന്നാലെയാണ് മരണം കവർന്നത്. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് പ്രഭുലാലിന്റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.
തുടർന്ന് വിദഗ്ധ പരിശോധനയിൽ മാലിഗ്‌നന്റ് മെലോമ എന്ന അപകടകാരിയായ സ്‌കിൻ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. ഇതിനുള്ള ചികിത്സകൾ നടത്തി വരുന്നതിനിടെയാണ് പ്രഭുലാൽ വേദനകളുടെ ലോകത്ത് നിന്നും യാത്രയായത്.
Leave a Reply