തിരുവനന്തപുരത്ത് അധ്യാപികയായ ആലുവ സ്വദേശിനിയുടെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പീഡിപ്പിച്ചെന്നുമുള്ള പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കോവളം പോലീസ് കേസെടുത്തിരിക്കുന്നത്.

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഈ കേസ് കോവളം പോലീസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറും. യുവതിയുടെ മൊഴി കോവളം പോലീസ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയിരുന്നു.

അതേസമയം, മൊഴിയെടുക്കുന്നതിനിടെ തളര്‍ന്നുവീണ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയെക്കുറിച്ചു പ്രതികരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇതുവരെ തയാറായിട്ടില്ല.

ഉചിതമായ നടപടി സ്വീകരിക്കുമെന്നും, സ്ത്രീ വിരുദ്ധ നടപടികൾ ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് തുടർ നടപടികൾ വ്യക്തമാക്കുമെന്ന് സതീശൻ അറിയിച്ചു. എൽദോസ് നിരന്തരമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയായ അധ്യാപിക മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിയിരുന്നു. പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. നിരന്തരം അക്രമങ്ങളുണ്ടായി. പരാതി പിൻവലിക്കാൻ പണം വാഗ്ദ്ധാനം ചെയ്തു’ പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നു.

പരാതി ഒത്തുതീർപ്പാക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായതായും യുവതി ആരോപിച്ചിരുന്നു. കോവളം എസ്ച്ച്ഒയുടെ മുന്നിൽവെച്ചാണ് എംഎൽഎ പണം വാഗ്ദ്ധാനം ചെയ്തതെന്നും ഇവർ ആരോപിച്ചിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെയാണ് വിഡി സതീശൻ നിലപാട് അറിയിച്ചത്.