നാട്ടില്‍ ചികിത്സയ്ക്കായി പുറപ്പെട്ട പ്രവാസിയെ എയര്‍പോര്‍ട്ടിന് മുന്നില്‍ വെച്ച് വാഹനമിടിച്ചു. തമിഴ്‌നാട് തിരിച്ചിറപ്പള്ളി സിമിലി സ്വദേശി പാണ്ടിയന്‍ വീരമണിയാണ് അപകടത്തില്‍പ്പെട്ടത്. ഇയാളെ മലയാളി സാമൂഹികപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സംരക്ഷിച്ച് നാട്ടിലേക്ക് അയച്ചു.

നവംബര്‍ 24ന് പാണ്ടിയന്‍ വീരമണി സൗദിയിലെ നജ്‌റാനില്‍ ഒരു പുതിയ വാട്ടര്‍ കമ്പനിയില്‍ പ്ലാന്റ് എന്‍ജിനീയറായി എത്തിയതായിരുന്നു . ഫാക്ടറിക്കുള്ളില്‍ ജോലി ചെയ്യുന്നതിനിടെ മൂന്നാം ദിവസം തലകറങ്ങി വീണു. വലതു തോളിനും കൈക്കും ഗുരുതര പരിക്കേറ്റു.

വീഴ്ചയില്‍ തോളെല്ലിന് സ്ഥാനചലനമുണ്ടായി. ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായതോടെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചു. 28-ാം തീയതി ചെന്നൈയിലേക്കുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ പോകാന്‍ നജ്‌റാനില്‍നിന്ന് റിയാദിലെത്തി.

രാത്രിയില്‍ ഡൊമസ്റ്റിക് ടെര്‍മിനലില്‍നിന്ന് ഇന്റര്‍നാഷനല്‍ ടെര്‍മിനലിലേക്ക് നടക്കുന്നതിനിടയില്‍ വഴിതെറ്റി എയര്‍പോര്‍ട്ടിന് പുറത്തെ ഹൈവേയിലേക്ക് പ്രവേശിച്ചു. അതിനിടെ പാഞ്ഞുപോകുന്ന വാഹനങ്ങള്‍ക്കിടയില്‍പെട്ട്, ഒരു വാഹനത്തിന്റെ ഇടിയേറ്റ് തെറിച്ചുവീണു.

വീരമണി കൈകാലുകള്‍ ഒടിഞ്ഞും തലക്കും വാരിയെല്ലിനും ഗരുതര പരിക്കേറ്റും അബോധാവസ്ഥയില്‍ റോഡരികില്‍ കിടന്നു. തുടര്‍ന്ന് പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഇടപെട്ടാണ് ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത്.