പ്രവാസികളെ തിരിച്ചെത്തിക്കുന്നതി​​െൻറ ഭാഗമായി ബഹ്​റൈനിൽനിന്ന്​ കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കുള്ള ടിക്കറ്റ്​ വിതരണം തുടങ്ങി. ഇന്ത്യൻ എംബസി തയ്യാറാക്കിയ മുൻഗണനാ പട്ടികയിൽ ഉള്ളവർക്കാണ്​ ടിക്കറ്റ്​ നൽകുന്നതെന്ന്​ ചാർജ്​ ഡി അഫയേഴ്​സ്​ നോർബു നേഗി മാധ്യമങ്ങളോട് പറഞ്ഞു

എയർ ഇന്ത്യ ഒാഫീസ്​ അടച്ചിരിക്കുന്നതിനാൽ എംബസിയിൽ തന്നെയാണ്​ താൽക്കാലിക ഒാഫീസ്​ തുറന്ന്​ ടിക്കറ്റ്​ നൽകുന്നത്​. പട്ടികയിൽ ഉൾപ്പെട്ടവരെ ഇന്ത്യൻ എംബസിയിൽനിന്ന്​ ബന്ധപ്പെടുന്നുണ്ട്​. ഇവർ പാസ്​പോർട്ട്​ അടക്കമുള്ള രേഖകളുമായി എംബസിയിൽ ചെന്ന്​ ടിക്കറ്റ്​ വാങ്ങണം. കൊച്ചിയിലേക്ക്​ 84 ദിനാറും കോഴിക്കോ​േട്ടക്ക്​ 79 ദിനാറുമാണ്​ ടിക്കറ്റ്​ നിരക്ക്​.

യാത്ര പുറപ്പെടുന്നവർ ബഹ്​റൈനിൽ കോവിഡ്​ ടെസ്​റ്റ്​ നടത്തേണ്ടതില്ല. ഇത്രയധികം പേർക്ക്​ ചുരുങ്ങിയ സമയത്തിനുള്ളിൽ ടെസ്​റ്റ്​ നടത്തുക പ്രായോഗികമല്ലെന്നാണ്​ എംബസി അധികൃതർ വ്യക്​തമാക്കിയത്​. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന്​ മുമ്പ്​ തെർമൽ സ്​​ക്രീനിങ്​ നടത്തും.

പട്ടികയിലുള്ളവരിൽ ലോക്​ഡൗൺ കാലയളവിലെ യാത്രക്ക്​ ടിക്കറ്റ്​ ബുക്ക്​ ചെയ്​തവർക്ക്​ മുഴുവൻ തുകയും തിരിച്ച്​ നൽകുമെന്നാണ്​ എയർ ഇന്ത്യ അധികൃതർ അറിയിക്കുന്നത്​.