”ബോറിസ്, എനിക്ക് നിങ്ങളെ ഉപദ്രവിക്കാൻ ആഗ്രഹമില്ല. എന്നാൽ ഒരു മിസൈൽ ഉപയോഗിച്ച്, അതിന് ഒരു മിനിറ്റ് മാത്രമേ എടുക്കൂ”– എന്ന് സുദീർഘമായ ഫോൺ സംഭാഷണത്തിനിടെ പുടിൻ പറഞ്ഞതായി ജോൺസൺ വെളിപ്പെടുത്തി.

യുക്രെയ്ൻ അധിനിവേശത്തിനു തൊട്ടുമുമ്പ് തനിക്കെതിരെ മിസൈൽ ആക്രമണം നടത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഭീഷണി മുഴക്കിയിരുന്നതായി ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്ൻ അധിനിവേശം തുടങ്ങിയത്. അതിനു തൊട്ടുമുമ്പ് യുക്രെയ്നിലേക്ക് റഷ്യൻ സൈന്യത്തെ അയയ്ക്കുന്നതിനു മുമ്പ് ലഭിച്ച ഫോൺ കോളിലാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്നും പുടിൻ വേഴ്സസ് ദ വെസ്റ്റ് എന്ന പേരിലുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററിയിൽ ബോറിസ് ജോൺസൺ വെളിപ്പെടുത്തി.

​​ശാന്തമായ സ്വരത്തിലായിരുന്നു ഭീഷണി. റഷ്യയെ ചർച്ചയ്ക്ക് എത്തിക്കാനുള്ള എന്റെ ശ്രമങ്ങളെ അദ്ദേഹം കളിയാക്കുകയായിരുന്നുവെന്നും ബോറിസ് പറഞ്ഞു. പുടിനെ കുറിച്ചുള്ള മറ്റു വിവരങ്ങളും ബോറിസ് വെളിപ്പെടുത്തുന്നുണ്ട്.

ലോകനേതാക്കൾ റഷ്യയെ യുക്രെയ്ൻ അധിനിവേശത്തിൽ നിന്ന് പിന്തിരിപ്പിക്കുന്ന സമയം കൂടിയായിരുന്നു അത്. 2014ലെ റഷ്യയുടെ ക്രീമിയ അധിനിവേശം മുതൽ യുക്രെയ്ൻ വരെയുള്ള കാര്യങ്ങളും ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. സംഘർഷത്തിലേക്ക് നീങ്ങിയാൽ പുടിൻ ഉപരോധം നേരിടേണ്ടി വരുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നു​വെന്നും ബോറിസ് ജോൺസൺ പറയുന്നുണ്ട്.