ബിനോയ് എം. ജെ.

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭീകരപ്രവർത്തനം തന്നെ. ഇത് ലോകത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായിരിക്കുന്നു. ഇതിനെ എങ്ങനെ നേരിടണം എന്നറിയാതെ ലോകം മുഴുവൻ പകച്ചുനിൽക്കുന്നു. ആരാണീ ഭീകരർ? അവർ എങ്ങനെ ജനിച്ചു വീഴുന്നു? ഇവർ ആയുധം എടുക്കുന്നതാർക്കുവേണ്ടി? പലതരത്തിലുള്ള സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരു പറഞ്ഞാണ് ഭീകരപ്രവർത്തനം ഇന്ന് അരങ്ങേറുന്നത്. ഇവർ സാമൂഹിക പ്രവർത്തകരാണോ? അതോ രാഷ്ട്രീയക്കാരോ? അതോ മതപണ്ഡിതന്മാരോ? അതോ ആദ്ധ്യാത്മിക നേതാക്കളോ? അവർ പിന്നെ ആരാണ്? അവർ ആരുടെ വക്താക്കളാണ്? ആരുടെ പ്രതിനിധികളാണ്? സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ എന്ത് വൈദഗ്ദ്ധ്യമാണ് അവർക്ക് അവകാശപ്പെടുവാൻ ഉള്ളത്? അവർ സമാധാനം ഇച്ഛിക്കുന്നുണ്ടോ? ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ എന്തെങ്കിലും സമാധാനത്തിനുള്ള സാദ്ധ്യതകൾ കാണുമ്പോഴേക്കും അവർ കാശ്മീർ താഴ്വരയിൽ കൂടുതൽ ബോംബുകൾ പൊട്ടിക്കുകയും അശാന്തി പരത്തുകയും ചെയ്യുന്നു.

ഭീകരപ്രവർത്തനം എന്ന പ്രതിഭാസത്തിനു പിറകിൽ നിഗൂഢമായ അൽപം മന:ശ്ശാസ്ത്രം ഒളിഞ്ഞുകിടപ്പുണ്ട്. മനുഷ്യർക്കിടയിൽ പരക്കെ കാണപ്പെടുന്ന ശ്രേഷ്ഠതയിലെ അന്തരത്തെക്കുറിച്ച് നാം വേണ്ടത്ര ബോധവാന്മാരല്ല എന്ന് തോന്നുന്നു. ഒരാൾ മഹാൻ, മറ്റൊരാൾ അധമൻ; ഒരാൾ ഈശ്വരതുല്യൻ, മറ്റൊരാൾ മൃഗതുല്യൻ; ഒരാൾ ജഗദ്ഗുരു, മറ്റൊരാൾ അജ്ഞൻ – ഇവർക്കിടയിലെ അന്തരത്തിന് കാരണമെന്ത്? അല്ലെങ്കിൽ ശ്രീബുദ്ധനും തെരുവുഗുണ്ടയും തമ്മിലുള്ള വ്യത്യാസത്തിന് കാരണമെന്ത്? മഹാത്മാഗാന്ധിയും ബിൻലാദനും തമ്മിലുള്ള വ്യത്യാസമെന്ത്? ഒരൊറ്റ ജന്മം കൊണ്ട് ഒരാൾ ബുദ്ധനോ ജഗദ്ഗുരുവോ ആകുന്നില്ല. എന്നാൽ ഒരൊറ്റ ജന്മം കൊണ്ട് ഒരാൾക്ക് ഗുണ്ടയോ ഭീകരനോ ആകുവാൻ കഴിയുന്നു. അതെ! മനുഷ്യർ നിരവധി ജന്മങ്ങളിലൂടെ കടന്നു പോയാണ് മഹത്വവും മോക്ഷവും ആർജ്ജിച്ചെടുക്കുന്നത്. ഗാന്ധിയും ബുദ്ധനും നിരവധി മനുഷ്യജന്മങ്ങളിലൂടെയുള്ള സത്കർമ്മങ്ങളിലൂടെയും ഭാവാത്മക ചിന്തകളിലൂടയും ആർജ്ജിച്ചെടുത്ത പോസിറ്റീവ് ആയ എനർജിയെ മനുഷ്യനന്മക്കുവേണ്ടി തിരിച്ചുവിടുമ്പോൾ ബിൻലാദനെപോലെയുള്ളവർ നിരവധി മൃഗജന്മങ്ങളിലൂടെ ആർജ്ജിച്ചെടുത്ത മനുഷ്യവിരോധത്തെ ലോകനാശത്തിനുവേണ്ടി തിരിച്ചുവിടുന്നതിൽ വിജയം കണ്ടിരിക്കുന്നു!

ഇപ്രകാരം പുനർജന്മസിദ്ധാന്തമുപയോഗിച്ച് നമുക്കീ പ്രതിഭാസത്തിന് ഒരു വിശദീകരണം കൊടുക്കുവാൻ കഴിയുന്നു. ഇത് മനുഷ്യൻ മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയുടെ പ്രതിപ്രവർത്തനമായി കരുതുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. മനുഷ്യൻ തുടക്കം മുതലേ അവയെ കൊന്ന് ഭക്ഷിക്കുന്നു. മൃഗങ്ങൾക്ക് ഒരിക്കലും പ്രതികാരം ചെയ്യുവാനാവാത്തതിനാൽ അവനീ ക്രൂരത നിർബാധം തുടരുന്നു. ആരു ചോദിക്കുവാനാണ്? മൃഗങ്ങൾക്ക് അതിനെ ചോദ്യം ചെയ്യുവാനുള്ള കഴിവില്ല. എന്നാൽ ഇപ്രകാരം കൊല്ലപ്പെടുന്ന മൃഗങ്ങൾ കാലക്രമേണ മനുഷ്യരായിത്തന്നെ പുനർജ്ജനിക്കുന്നു. ഇവർ മനുഷ്യവംശത്തോടുള്ള കടുത്ത പകയും ആത്മാവിൽ സൂക്ഷിച്ചുകൊണ്ടാണ് പിറന്നു വീഴുന്നതു തന്നെ. ആദ്യത്തെ ഏതാനും മനുഷ്യജന്മങ്ങളിൽ ഇത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്യുന്നു. ഇത്തരക്കാരാണ് ഭീകരപ്രവർത്തനങ്ങളിലേക്ക് വഴുതിവീഴുന്നത്. അവർ യുദ്ധം ചെയ്യുന്നത് മനുഷ്യവംശത്തോട് തന്നെയാണ്. അവരിനിയും മനുഷ്യരായിട്ടില്ല. അവർ മനുഷ്യക്കുപ്പായമണിഞ്ഞ മൃഗങ്ങൾ മാത്രം.

തെരുവുഗുണ്ടകളും ഭീകരപ്രവർത്തകരും ഒരേ വിഭാഗത്തിൽ പെടുന്നവരാണ്. തെരുവുഗുണ്ടകൾക്ക് തങ്ങളുടെ അപക്വതയെയും മഠയത്തരത്തെയും മറച്ചുപിടിക്കുവാൻ കഴിയാതെ വരുമ്പോൾ ഭീകരപ്രവർത്തകർ അവയെ വിജയകരമായി മറച്ചുപിടിക്കുന്നു. തെരുവുഗുണ്ടകൾ വെറുതെ അക്രമങ്ങൾ കാട്ടിക്കൂട്ടുമ്പോൾ അൽപം കൂടി ബുദ്ധിശക്തിയുള്ള ഭീകരർ തങ്ങളുടെ വേണ്ടാദീനത്തിന്റെ കാരണം ചില സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളാണെന്ന് ലോകത്തെ ധരിപ്പിക്കുന്നു. അപ്രകാരം ലോകത്തിന്റെ ശ്രദ്ധ പ്രസ്തുത സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് തിരിയുകയും ഭീകരപ്രവർത്തനത്തിന്റെ യഥാർത്ഥ കാരണം മറക്കപ്പെടുകയും ചെയ്യുന്നു. അവർ ലോകത്തെ ഉപദ്രവിക്കുന്നതിലും കബളിപ്പിക്കുന്നതിലും കൂടുതൽ വിജയം കണ്ടെത്തുന്നു. ഭീകരപ്രവർത്തകരുടെ ലക്ഷ്യം ഖലിസ്ഥാനോ, കാശ്മീരോ, പാലസ്തീനോ ആണെന്ന് കരുതേണ്ടാ..അതൊരു മറ മാത്രം! അവരുടെ യഥാർത്ഥ പ്രശ്നം അല്പം മന:ശ്ശാസ്ത്രപരമാണ്. സാധാരണമായ ഏതെങ്കിലും ഉത്തരവാദിത്വത്തിലും തൊഴിലിലും അർത്ഥം കണ്ടെത്തുവാൻ ആവാത്ത ഇവർക്ക് എന്തെങ്കിലും പണി വേണ്ടേ? അവർക്ക് എന്തുകൊണ്ടും യോജിച്ചപണി ഭീകരപ്രവർത്തനം തന്നെ. അന്താരാഷ്ട്ര പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കപ്പെട്ടാൽ ഇവർ പിന്നെ എന്തു തൊഴിൽ ചെയ്യും? അതിനാൽ അവർ സമാധാനശ്രമങ്ങൾക്ക് തുരങ്കം വക്കുന്നു.

എലിയെ പേടിച്ച് ഇല്ലം ചുടുവാൻ പാടില്ല. തീവ്രവാദികളെ തോൽപിക്കുവാൻ വേണ്ടി ഒരു ലോകമഹായുദ്ധം അരങ്ങേറുവാൻ പാടില്ല. ലോകം മഴുവൻ കത്തിയെരിഞ്ഞാലും ഭീകരന്മാർ ഏതെങ്കിലും ഗുഹയിൽ ഒളിച്ചിരുന്ന് രക്ഷപെടും. എലിയെ പിടിക്കുവാൻ പൂച്ചകളെ വളർത്തിയാൽ മതി. ഭീകരന്മാരാകുന്ന എലികളെ പിടിക്കേണ്ടത് മന:ശ്ശാസ്ത്രജ്ഞന്മാരായ പൂച്ചകളാകുന്നു! ഒരു ബോംബു തന്നെയിട്ട് ഭീകരന്മാരെ മുഴുവൻ ഉന്മൂലനം ചെയ്താലും അത്തരം വ്യക്തിത്വങ്ങൾ വീണ്ടും ജനിച്ചു വീഴുക തന്നെ ചെയ്യും. അതിനെ തടയുവാൻ നമുക്കാവില്ലല്ലോ. എന്നാൽ മന:ശ്ശാസ്ത്രപരമായി ഈ പ്രശ്നത്തെ പരിഹരിച്ചാൽ അതൊരു ശാശ്വതമായ പരിഹാരമായിരിക്കും. ഒരു വ്യക്തിയെ ചൂണ്ടിക്കാട്ടി ഇത് അയാളുടെ എത്രാമത്തെ മനുഷ്യജന്മമാണെന്ന് കൃത്യമായി പറയുവാൻ മന:ശ്ശാസ്ത്രജ്ഞന്മാർക്ക് കഴിയണം. ഇത് സാധിക്കണമെങ്കിൽ മന:ശ്ശാസ്ത്രവും സമൂഹശാസ്ത്രവും മറ്റും കുറെ കൂടി വളരണം. “പുനരപി മരണം പുനരപി ജനനം” എന്ന് ഭാരതീയ ആചാര്യന്മാർ പണ്ടുമുതൽക്കേ പറഞ്ഞു പോന്നിരുന്നത് എത്രയോ ശരി. മനുഷ്യന് ഒരൊറ്റ ജന്മമേയുള്ളുവെന്ന് പറയുന്നത് മഠയത്തരങ്ങളിൽ വച്ച് ഏറ്റവും വലിയ മഠയത്തരമാണ്. പുനർജ്ജന്മത്തിന് തെളിവുകളില്ലപോലും..തെളിവുകളില്ലെന്നാരു പറഞ്ഞു? നിങ്ങൾ തെളിവുകൾ അന്വേഷിക്കുന്നില്ല, അതല്ലേ അതിന്റെ സത്യം? അല്ലയോ മന:ശ്ശാസ്ത്രജ്ഞന്മാരേ, സമൂഹശാസ്ത്രജ്ഞന്മാരേ, നാളെ മനുഷ്യ വംശത്തിന് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളതിന് ഉത്തരം പറയുമോ?

തീവ്രവാദത്തിന് ഒരു ശാശ്വതമായ പരിഹാരം കാണുവാൻ ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ ഒന്നിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം കൂടുതൽ മന:ശ്ശാസ്ത്രപരമാക്കേണ്ടിയിരിക്കുന്നു. പക്വതയില്ലാത്ത വ്യക്തിത്വങ്ങക്ക് ചെറുപ്പം മുതലേ അവരർഹിക്കുന്ന വിധത്തിലുള്ള സ്നേഹവും,പരിചരണവും കൗൺസിലിംഗും കൊടുക്കേണ്ടിയിരിക്കുന്നു. സൂചികൊണ്ട് എടുക്കാവുന്നത് തൂമ്പാകൊണ്ട് എടുക്കേണ്ട ഗതി വരരുത്. അതോടൊപ്പം പുനർജ്ജന്മത്തെ പറ്റിയുള്ള മന:ശ്ശാസ്ത്രപഠനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടിയിരിക്കുന്നു. എല്ലാറ്റിനും ഉപരിയായി മൃഗങ്ങളോടുള്ള ക്രൂരത നമുക്കവസാനിപ്പിക്കാം. നാമവയോട് ക്രൂരത കാട്ടിയാൽ അവ പിന്നീട് മനുഷ്യരായി പിറക്കുമ്പോൾ തിരിച്ച് നമ്മോടും ക്രൂരത തന്നെ കാട്ടും. അതിനാൽ നമുക്ക് സസ്യാഹാരത്തിലേക്ക് തന്നെ മടങ്ങാം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120