ബിനോയ് എം. ജെ.
മനഷ്യൻ ഒരു സാമൂഹിക ജീവിയാണ്. അതോടൊപ്പം തന്നെ അവൻ സമൂഹത്തിന്റെ യജമാനനും ഈശ്വരനുമാണ്. ‘നിങ്ങൾ ഈശ്വരൻ തന്നെ’ (തത്ത്വമസി) എന്നു പറയുമ്പോൾ ആധുനിക മനുഷ്യൻ അതിനെ പുച്ഛത്തോടെ നോക്കി കാണുന്നു. കാരണം അവന് അങ്ങനെ സങ്കല്പിക്കുവാൻ പോലും കഴിയാത്ത വിധം അത്രമാത്രം അധ:പതിച്ചിരിക്കുന്നു. സഹസ്രാബ്ദങ്ങൾ നീളുന്ന സാമൂഹിക അടിമത്തത്തിന്റെ കഥയാണ് അവന് പറയുവാനുള്ളത്. സമൂഹത്തിന്റെ അടിമയെ ആരെങ്കിലും ഈശ്വരൻ എന്ന് വിളിക്കുമോ? അപ്പോൾ പിന്നെ എവിടെയാണ് തെറ്റ് പറ്റിയിരിക്കുന്നത്? മനുഷ്യൻ സമൂഹത്തിന്റെ യജമാനൻ ആണെങ്കിൽ പിന്നെ അവൻ അതിന്റെ അടിമയായി കാണപ്പെടുന്നത് എന്തുകൊണ്ട്? എങ്ങനെ ഈ അടിമത്തത്തിൽ നിന്നും കരകയറാം?
നിങ്ങൾ പുകയിലയുടെയോ മദ്യത്തിന്റെയോ അടിമയാണെന്ന് കരുതുക. നിങ്ങൾ അതിനെ ഒരേസമയം ആസ്വദിക്കുകയും വെറുക്കുകയും ചെയ്യുന്നു. നിങ്ങൾ അതിനെ വെറുക്കുന്നതുകൊണ്ടാണ് അതിൽ നിന്നും പുറത്തു കടക്കുവാൻ ആഗ്രഹിക്കുന്നത്. പക്ഷേ നിങ്ങൾക്ക് അതിന് കഴിയുന്നില്ല. കാരണം നിങ്ങൾ അതിന്റെ സാന്നിദ്ധ്യത്തെ ആസ്വദിക്കുന്നു. എന്നാൽ അതിന്റെ അസാന്നിദ്ധ്യത്തെ നിങ്ങൾ ആസ്വദിക്കുന്നില്ല. അതിന്റെ അസാന്നിദ്ധ്യത്തെ ആസ്വദിക്കുവാൻ നിങ്ങൾക്ക് കഴിയുമായിരുന്നുവെങ്കിൽ നിങ്ങൾ അതിനെ ഉപേക്ഷിക്കുമായിരുന്നു. പക്ഷേ നിങ്ങളുടെ ആസ്വാദനം ഭാഗികമായിപ്പോയി! ഏതാണ്ടിതുപോലെ തന്നെയാണ് മനുഷ്യന്റെ സാമൂഹിക ജീവിതത്തിലും സംഭവിക്കുന്നത്. സമൂഹത്തിന്റെ സാന്നിദ്ധ്യത്തെ അവൻ ആസ്വദിക്കുന്നുണ്ട്. എന്നാൽ സമൂഹത്തിന്റെ അസാന്നിദ്ധ്യത്തെയോ? അൽപസമയം ഏകാന്തതയിൽ കഴിയുമ്പോഴേക്കും നമുക്കാകെ ബുദ്ധിമുട്ടാണ്. കാരണം നമുക്ക് സമൂഹത്തിന്റെ അസാന്നിദ്ധ്യത്തെ ആസ്വദിക്കുവാൻ കഴിയുന്നില്ല. അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരുൾക്കാഴ്ചയോ അതിനുള്ള പരിശീലനമോ നമുക്ക് കിട്ടിയിട്ടില്ല. വാസ്തവത്തിൽ സമൂഹജീവിതത്തെ നാം ഒരുവശത്തുകൂടി ആസ്വദിക്കുകയും മറുവശത്തു കൂടി വെറുക്കുകയും ചെയ്യുന്നുണ്ട്. ഈ വെറുപ്പിൽ നിന്നുമാണ് മനുഷ്യജീവിതത്തിലെ എല്ലാ തിന്മകളും ഉദയം കൊള്ളുന്നത്. സാമൂഹിക ജീവിതത്തെ അവൻ വെറുത്തിരുന്നില്ലെങ്കിൽ ഇവിടം ഒരു സ്വർഗ്ഗമായി അവന് അനുഭവപ്പെടുമായിരുന്നു. എന്നാൽ കാര്യങ്ങൾ അപ്രകാരം അല്ല പോകുന്നത്. വെറുക്കുന്ന കാര്യങ്ങളെ വലിച്ചെറിയുവാൻ കൂടി നാം പഠിക്കേണ്ടിയിരിക്കുന്നു. സമൂഹത്തെ വെറുക്കുന്ന സമയങ്ങളിൽ അതിനെ വലിച്ചെറിയുവാൻ കൂടി പഠിച്ചുകഴിഞ്ഞാൽ ഈ ജീവിതം ഒരു സ്വർഗ്ഗമായി നമുക്ക് അനുഭവപ്പെടും. അവിടെ പ്രകാശത്തിന്റെ വെള്ളി രേഖകൾ തെളിയുന്നു.
സമൂഹം എല്ലാ കാര്യങ്ങൾക്കും നമ്മെ സംബന്ധിച്ചിടത്തോളം ആദിമവും അന്തിമവുമായ പദമാണ്. സമൂഹം നമുക്ക് എല്ലാമെല്ലാമാണ്. അതുകൊണ്ട് തന്നെ നമുക്ക് സമൂഹമില്ലാതെ വയ്യ. സമൂഹത്തിന്റെ പിറകേ ഓടുന്ന മനുഷ്യനെ സമൂഹം വളരെയെളുപ്പം അതിന്റെ അടിമയായി പിടിക്കുന്നു. ഇവിടെ സമൂഹത്തെ വലിച്ചെറിയുവാൻ നമുക്ക് കഴിഞ്ഞാൽ നാം അനന്തമായ ശാന്തിയിലേക്ക് പ്രവേശിക്കുന്നു. വാസ്തവത്തിൽ സമൂഹം നമ്മുടെ യജമാനനല്ല. മറിച്ച് നാം സമൂഹത്തിന്റെ യജമാനന്മാരാണ്. “നീയിരിക്കേണ്ടിടത്ത് നീയിരുന്നില്ലെങ്കിൽ നീയിരിക്കേണ്ടിടത്ത് നായിരിക്കും” എന്ന ഒരു ചൊല്ലു തന്നെ നമ്മുടെ ഭാഷയിൽ ഉണ്ടല്ലോ. നാം സമൂഹത്തിന്റെ യജമാനന്മാരാകുന്നില്ല. ആ യജമാനസ്ഥാനം സമൂഹം നമ്മിൽ നിന്നും തട്ടിപ്പറിക്കുന്നു. ഇതാണ് കാര്യങ്ങളുടെ നിജസ്ഥിതി.
സമൂഹത്തിന്റെ അടിമത്തത്തിൽനിന്നും മോചനം നേടണമെന്നും സമൂഹത്തിന്റെ യജമാനൻ ആകണമെന്നും ആർക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അയാൾ ഏകാന്തത ശീലിക്കുകയും അതിനെ ആസ്വദിക്കുകയും ചെയ്യട്ടെ. അനന്തമായ ഏകാന്തത! അവിടേക്ക് കടന്നു വരുവാൻ സമൂഹത്തിന് കഴിയില്ല. കാലക്രമേണ നിങ്ങൾ സാമൂഹിക ബന്ധനങ്ങളിൽ നിന്നും മോചനം പ്രാപിക്കുകയും സ്വതന്ത്രനാവുകയും ചെയ്യും. ഈ സ്വാതന്ത്യത്തെ മോക്ഷം (Liberation) എന്നാണ് വിളിക്കുന്നത്. ഈ അനന്തമായ ഏകാന്തതയിൽ നിങ്ങൾ നിങ്ങളുടെ ആത്മസ്വരൂപത്തെ കണ്ടെത്തുകയും സത്യത്തിൽ നിങ്ങൾ ഈശ്വരൻ തന്നെയായിരുന്നുവെന്ന് അറിയുകയും ചെയ്യുന്നു. അതിന് ശേഷം ക്ലേശങ്ങളും ദുഃഖങ്ങളും നിങ്ങളെ ബാധിക്കുകയില്ല. നിങ്ങൾ അനന്താനന്ദത്തിലേക്ക് ചുവടുവയ്ക്കുന്നു.
സമൂഹവും ബാഹ്യപ്രപഞ്ചവും നാനാത്വത്തെ സൂചിപ്പിക്കുന്നു. ഈ നാനാത്വമാകട്ടെ നമ്മെ സദാ ആശയക്കുഴപ്പത്തിലാക്കുന്നു. ഈ ആശയക്കുഴപ്പമാണ് മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നം. നാനാത്വത്തിലെ ഏകത്വത്തെ ദർശിക്കുന്നതുവരെ ഈ പ്രശ്നങ്ങൾ തുടരുകയും ചെയ്യും. മനുഷ്യന്റെ വൈജ്ഞാനികമായ എല്ലാ അന്വേഷണങ്ങളും ഈ ഏകത്വത്തെ ദർശിക്കുവാൻ ഉന്നം വച്ചുള്ളതാണ്. സാമൂഹിക ശാസ്ത്രജ്ഞന്മാരും പ്രപഞ്ചശാസ്ത്രജ്ഞന്മാരും ഇതിനു വേണ്ടി കിണഞ്ഞ് പരിശ്രമിക്കുന്നു. ഈ ഏകത്വത്തെ ദർശിക്കുവാനുള്ള ഏറ്റവും ഫലപ്രദമായതും ആയാസരഹിതമായതുമായ മാർഗ്ഗം നമ്മിലേക്കു തന്നെ തിരിയുകയാണ്. ബാഹ്യലോകം നാനാത്വത്തിൽ അധിഷ്ഠിതമാണെങ്കിൽ ആന്തരിക ലോകം ഏകത്വത്തിൽ അധിഷ്ഠിതമാണ്. അവിടെ ‘ഞാൻ’ മാത്രമേയുള്ളൂ. ഞാനെന്ന ആ സത്ത ഈശ്വരനാണെന്നും ബാഹ്യലോകം ആ ഏകത്വത്തിന്റെ നാനാത്വഭാവം മാത്രമാണെന്നും അറിയുമ്പോൾ നമ്മുടെ ആശയക്കുഴപ്പങ്ങൾ എല്ലാം തിരോഭവിക്കുന്നു. പിന്നീട് നിങ്ങൾ ബാഹ്യലോകത്തിന്റെ അടിമയല്ല. നിങ്ങൾ പ്രപഞ്ചരഹസ്യം ഗ്രഹിച്ചിരിക്കുന്നു. സമൂഹം എന്തെന്ന് നിങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ പിന്നീട് നിങ്ങൾ അതിന്റെ അടിമയല്ല. എല്ലാം നിങ്ങളുടെ ചൊൽപടിയിൽ നിൽക്കുന്നു. നിങ്ങൾ അതിന്റെ യജമാനൻ ആയിക്കഴിഞ്ഞിരിക്കുന്നു!
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply