സംസ്ഥാനത്തെ ഉന്നത അധികാര കേന്ദ്രങ്ങൾ മുസ്ലിം സമുദായം തട്ടിയെടുക്കുന്നുവെന്ന വിദ്വേഷ പ്രസംഗം നടത്തി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. കേരളത്തിലെ ഏഴ് ജില്ലകളിലെ കളക്ടർമാർ ഒരു സമുദായത്തിൽപ്പെട്ടവരാണെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്ന് ആലോചിക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. പിഎസ്‌സിയിലെ നിയമന പ്രശ്‌നങ്ങളിലും ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലെ അരുവിത്തുറയിൽ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു പിസി ജോർജ്ജിന്റെ ജനങ്ങളെ വിഘടിപ്പിക്കുന്ന പ്രസംഗം.

ഒരു മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു പ്രത്യേക സമുദായത്തെ കുത്തിനിറക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിസഭയിലെ കത്തോലിക്കാ മന്ത്രിമാർ തങ്ങളുടെ വകുപ്പുകളിൽ കുറേയേറെ തസ്തികകൾ കത്തോലിക്കാ സഭക്കാരെ വയ്ക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധി സർവകലാശാലയിൽ വൈസ് ചാൻസിലർ പദവി തീരുമാനിക്കുന്ന സമയത്ത് ബി ഇക്ബാലിന്റെ പേരാണ് ഇടതുപക്ഷ പാർട്ടികൾ ഉന്നയിച്ചതെന്നും ഒടുവിൽ താൻ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാൻസിലറാക്കിയതെന്നും പിസി ജോർജ്ജ് അവകാശപ്പെട്ടു.

‘ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്ന് പറഞ്ഞാൽ ഒരു 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേർന്ന് തുടങ്ങിയതാണ്.’പക്ഷേ ഇന്നത്തെ നിലയെന്താണ്. വിദ്യാഭ്യാസത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്. ഐഎഎസ്, ഐഇഎസ്, ഐഎഫ്എസ് കോഴ്‌സുകൾ എടുത്തുനോക്കണം. അഖിലേന്ത്യാ സർവീസുകൾ എടുത്തു പരിശോധിക്കുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ വളരെ താഴെയാണ്. എന്താണതിന് കാരണമെന്ന് ഈ സഭ ചർച്ച ചെയ്യേണ്ട കാര്യമാണ് ജോർജ്ജ് ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ക്രിസ്ത്യാനികളൊഴിച്ച് എല്ലാ ന്യൂനപക്ഷവും വളർന്നെന്നും അതേ കുറിച്ചും ആലോചിക്കണം. പാകിസ്താനിൽ ഭരണകൂടം എല്ലാ കിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും മോസ്‌ക്കുകളാക്കി മാറ്റി. എല്ലാവരെയും മുസ്‌ലീങ്ങളാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇന്ത്യയിൽ ഒരു മുസ്‌ലിം ദേവാലയവും തകർക്കപ്പെട്ടില്ലെന്നും പിസി ജോർജ്ജ് പറഞ്ഞു.

പാകിസ്താനിൽ ക്രൈസ്തവ ദേവാലയങ്ങൾ മുഴുവൻ ചുട്ടുകരിച്ചെന്ന് മാത്രമല്ല, സ്വത്തുക്കൾ മുഴുവൻ ഇസ്ലാമിന്റേതാക്കി മാറ്റി, മുസ്‌ലിം പള്ളികളാക്കി മാറ്റി. ഹൈന്ദവ ക്ഷേത്രങ്ങൾ ഒരെണ്ണം ഒഴിച്ച് മറ്റെല്ലാം തകർത്തു. പക്ഷേ ആ ക്ഷേത്രത്തിൽ പോകാൻ ഹിന്ദുക്കളില്ലെന്നും അവരെയെല്ലാം മുസ്ലീംകളാക്കിയെന്നും- പിസി ജോർജ് പ്രസംഗത്തിൽ പറഞ്ഞു.