പാരീസ്: ഫ്രഞ്ചു തലസ്ഥാനത്ത് ഒരു പണ സ്ഥാപനം ഓഫീസിന്റെ വാതിലടയ്ക്കാന്‍ മറന്നു പോയത് തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആക്രി പെറുക്കുകാരനെ ലക്ഷപ്രഭു ആക്കി. പാരീസിലെ പ്രധാന വിമാനത്താവളമായ ചാള്‍സ് ഡേ ഗ്വാല്ലേയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ ഇയാളെ തപ്പി വീപ്പകള്‍ തോറും തെരഞ്ഞു നടക്കുകയാണ് പോലീസ്. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 എഫിലുള്ള ലൂമിസ് കാഷ് മാനേജ്‌മെന്റ കമ്പനിയില്‍ നിന്നാണ് പണം നഷ്ടമായത്.

മോഷ്ടാവ് രണ്ടു സഞ്ചികള്‍ നിറയെ പണമെടുത്തുകൊണ്ടുപോയപ്പോള്‍ മൂന്ന് ലക്ഷം യൂറോയാണ് സ്ഥാപനത്തിന് നഷ്ടമായത്. വിമാനത്താവളത്തിന് സമീപം കിടന്നുറങ്ങുന്ന അനേകരില്‍ നിന്നും സുരക്ഷാ ക്യാമറ ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പോലീസ് വ്യക്തമാക്കി. ഇയാള്‍ ഉപേക്ഷിച്ച സ്യുട്ട്‌കേയ്‌സുകള്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പണ സ്ഥാപനത്തിന്റെ ഓഫീസിന്റെ വാതില്‍ തുറന്നു കിടക്കുന്നതായി ഇയാള്‍ ആകസ്മികമായി കണ്ടെത്തുകയായിരുന്നു. തെരുവിലൂടെ പോകുമ്പോള്‍ വെറുതേ തള്ളിനോക്കിയതായിരുന്നു. അപ്പോള്‍ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പൂട്ടിയിട്ടില്ലാത്ത ഓഫീസിന്റെ വാതില്‍ തുറന്നുകിട്ടി. അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യത്തിന്റെ തണലില്‍ തന്റെ സ്യൂട്ട്‌കേയ്‌സ് വാതിലില്‍ ഇട്ടശേഷം അകത്തു കയറിയ ഇയാള്‍ സെക്കന്റുകള്‍ക്കകം പണം നിറച്ച രണ്ടു സഞ്ചിയുമായിട്ടാണ് വെളിയില്‍ ഇറങ്ങിയത്. സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ആളെ തിരിച്ചറിഞ്ഞ് തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.

അതേസമയം ഈ സമയത്ത് വാതില്‍ എന്തിനാണ് തുറന്നുകിടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. ആദ്യം കരുതിയത് മോഷണത്തിനുള്ള മനപ്പൂര്‍വ്വ ശ്രമമാണെന്നായിരുന്നു. എന്നാല്‍ അത് ഒരു ഭാഗ്യമായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. അത് അവിശ്വസനീയമായി തോന്നുകയും ചെയ്‌തെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. അമ്പതു കടന്നയാളാണ് മോഷ്ടാവെന്നും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങിയതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.