ബിനോയ് എം. ജെ.

ഈശ്വരനെ മറക്കുമ്പോൾ പ്രപഞ്ചം പ്രത്യക്ഷപ്പെടുന്നു. ഈശ്വരനെ സ്മരിക്കുമ്പോൾ പ്രപഞ്ചം തിരോഭവിക്കുന്നു. ഒരേ സമയം രണ്ടിനേയും കൂടി കാണുവാൻ ഒരാൾക്ക് കഴിയുകയില്ല. നിങ്ങൾ എല്ലായിടത്തും ഈശ്വരനെയാണ് കാണുന്നതെങ്കിൽ നിങ്ങൾ മുക്തനാണ്. നിങ്ങൾ മോക്ഷം പ്രാപിച്ചിരിക്കുന്നു. നിങ്ങൾ എല്ലായിടത്തും പ്രപഞ്ചത്തെയാണ് കാണുന്നതെങ്കിൽ നിങ്ങൾ ബദ്ധനാണ്, അല്ലെങ്കിൽ നിങ്ങൾ ബന്ധനത്തിൽ ആണ്. പ്രപഞ്ചത്തെ കാണുന്നവൻ അൽപാനന്ദത്തിൽ കഴിയുന്നു. ഈശ്വരനെ കാണുന്നവൻ അനന്താനന്ദത്തിലും. അതിനാൽ തന്നെ ഈശ്വരനെ കാണുക എന്നതാണ് മനുഷ്യജീവിതത്തിന്റെ അന്തിമമായ ലക്ഷ്യം. എല്ലാ ധാർമികതയും, എല്ലാ മതങ്ങളും, എല്ലാ ചിന്താപദ്ധതികളും ഇതിന് മനുഷ്യനെ സഹായിക്കുവാൻ ലക്ഷ്യം വച്ചുള്ളതാണ്. മാർഗ്ഗം പലതുണ്ട്; ലക്ഷ്യം ഒന്നു മാത്രം. ഒരാൾ ഈശ്വരനെ കാണുമ്പോൾ, കുറെ കൂടി കൃത്യമായി പറഞ്ഞാൽ അയാൾ ഈശ്വരനാകുമ്പോൾ തന്റെ പരിമിതമായ വ്യക്തി ബോധത്തെ മറക്കുകയും അനന്തസത്തയിൽ ലയിക്കുകയും ചെയ്യുന്നു. ഞാനീകാണുന്ന ശരീരവും, വ്യക്തിയുമാണെന്ന ചിന്ത അത്യന്തം അപകടകരവും അനന്താനന്ദത്തിന് തടസ്സവുമാണ്. കാരണം ഈശരീരം എതു സമയത്തും നശിക്കാം. വ്യക്തിബോധമുള്ളവർ സദാ ഉത്കണ്ഠയിലാണ്. അവർക്ക് ജീവിതം ആസ്വദിക്കുവാൻ കഴിയുകയില്ല. എന്നാൽ ഈശ്വരനുമായി താദാത്മ്യം പ്രാപിച്ചവർക്ക് ആധിയുടെ സ്പർശനമേയില്ല. അവർക്ക് എന്തിനേക്കുറിച്ചാണ് ക്ലേശിക്കുവാനുള്ളത്? എന്തിനേക്കുറിച്ചാണ് ദു:ഖിക്കുവാനുള്ളത്? അവർക്ക് പരിമിതികളില്ല, ബന്ധനങ്ങൾ ഇല്ല, ആഗ്രഹങ്ങളില്ല, ആവശ്യങ്ങളുമില്ല.

മാനവരാശിയുടെ ദുഃഖത്തിന് പരിഹാരം അന്വേഷിച്ച ശ്രീബുദ്ധൻ മനുഷ്യനെ അവമതിക്കുന്ന മൂന്നു കാര്യങ്ങളിലേക്കു വിരൽ ചൂണ്ടുന്നു. അവ താഴെ പറയുന്നവയാണ്.
1. ഇന്ദ്രിയപരതത(SENSUOUSNESS)
2. ലൗകികത(WORLDLINESS)
3. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം.

ഇവയെ സസ്സൂക്ഷ്മം പരിശോധിച്ചാൽ നമുക്ക് ഒരു കാര്യം മനസ്സിലാകും. ഈ മൂന്നു കാര്യങ്ങളാണ് മനുഷ്യനെ സന്തോഷിക്കുന്നത്. കാഴ്ചകൾ കാണുന്നതും, സംഗീതം കേൾക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, ലോകത്തിന്റെ പിറകേ ഓടുന്നതും, മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നതും മറ്റും മനുഷ്യനെ സന്തോഷിപ്പിക്കുന്നു എന്നുള്ളത് ആർക്കും നിഷേധിക്കുവാനാവാത്ത കാര്യമാണ്. ഇതിനോട് ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം ഇതേ സംഗതികൾ തന്നെ മനുഷ്യന് ദുഃഖങ്ങളും കൊണ്ടുവന്ന് തരുന്നു എന്നതാണ്. കാഴ്ചയോ കേൾവിയോ നഷ്ടപ്പെട്ടു പോയാൽ എന്ത് ചെയ്യും? ഭക്ഷണം കിട്ടാതെ വന്നാലോ? ലോകത്തിന് പിറകേ ഓടുന്നത് ഒരു രസമായിരിക്കാം. എന്നാൽ ലോകം നിങ്ങളെ ചവിട്ടി തൂത്താലോ? സ്വർഗ്ഗത്തിൽ പോകുന്നത് നല്ലതായിരിക്കാം, എന്നാൽ നിങ്ങൾ പോകുന്നത് നരകത്തിലേക്കാണെങ്കിലോ?ഇതിനെല്ലാമുപരിയായി അനന്താനന്ദത്തിനുള്ള ഒരു സാധ്യത മനുഷ്യ ജീവിതത്തിലുണ്ടെന്ന അത്ഭുതകരമായ സത്യം ബുദ്ധൻ കണ്ടെത്തിക്കഴിഞ്ഞിരുന്നു! ഇതിനെ കുറിച്ച് ആധുനിക മനുഷ്യന് കാര്യമായ ഗ്രാഹ്യം ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ അവൻ ഇന്ദ്രിയങ്ങളുടെ പിറകേ ഇത്രയധികം ഓടുമായിരുന്നില്ല. അത്ഭുതകരമായ ഈ അനന്താനന്ദത്തെ പ്രാപിക്കുവാൻ അൽപാനന്ദത്തിന്റെയും അപ്പുറത്ത് പോകേണ്ടിയിരിക്കുന്നു. താനീശ്വരനാണെന്ന ഉറച്ച ബോധ്യം മനസ്സിൽ വേരോടിത്തുടങ്ങിയാൽ കാലക്രമേണ വ്യക്തി- ബോധവും അൽപാനന്ദവും തിരോഭവിച്ചുകൊള്ളും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിങ്ങൾ ഈശ്വരനാണെന്ന് വന്നാൽ പിന്നെ ഏതു ദുഃഖത്തിനാണ് നിങ്ങളെ ബാധിക്കുവാൻ കഴിയുക? ഏത് പരിമിതിയാണ് നിങ്ങൾക്ക് അനുഭവപ്പെടുക? അവിടെ ഇന്ദ്രിയങ്ങളെ പ്രീണിപ്പിക്കുവാൻ ആരും മിനക്കെടില്ല. ലോകത്തിന്റെ പിറകേ ഓടേണ്ട ആവശ്യവുമില്ല. അനന്തസത്തയെ പ്രാപിക്കുന്നവർക്ക് എന്തു മരണാനന്തര ജീവിതം? വ്യക്തി ബോധമാണ് മനുഷ്യജീവിതത്തിലേക്ക് ക്ലേശങ്ങളെ കൊണ്ടുവരുന്നത്. സമഷ്ടിബോധം(COLLECTIVITYCONSCIOUSNESS) നഷ്ടപ്പെടുന്നവന് പിന്നെ വ്യക്തിബോധത്തിൽ കടിച്ചുതൂങ്ങുവാനല്ലാതെ മറ്റെന്താണ് കഴിയുക? ഒരു നിമിഷത്തേക്കെങ്കിലും നിങ്ങൾ ഈശ്വരനല്ലെന്ന തോന്നൽ നിങ്ങൾക്കുണ്ടായാൽ ആ നിമിഷം തന്നെ നിങ്ങൾക്ക് അപകർഷതയും, ആധിയും,വിരസതയും, പരിമിതികളും, ഭയവും എന്നുവേണ്ട സകലവിധ മനക്ലേശങ്ങളും വന്നുചേരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് നിങ്ങൾ ലോകത്തിന്റെ പിറകേ ഓടിത്തുടങ്ങുന്നത്. ഇതത്യന്തം വികലവും അപക്വപരവുമാണ്. പണവും, പ്രശസ്തിയും അധികാരവും ഉണ്ടായാൽ നിങ്ങൾ പൂർണ്ണനാകുമോ? ലോകത്തിന്റെ പിറകേയുള്ള ഓട്ടം നിങ്ങൾക്ക് മറ്റൊരു പ്രശ്നത്തെ കൂടി കൊണ്ടുവന്ന് തരുന്നു – സാമൂഹിക അടിമത്തം. അതിൽ പെട്ടുപോയാൽ പിന്നെ നിങ്ങൾ രക്ഷപ്പെടുമെന്ന് കരുതേണ്ടാ. അവിടെ സമൂഹം നമുക്ക് എല്ലാമെല്ലാമാണ്. കോടിക്കണക്കിന് നക്ഷത്രങ്ങളും, സൗരയൂഥങ്ങളും, അനന്തമായ ശൂന്യാശവുമുള്ള ഈ പ്രപഞ്ചത്തിൽ, ഒരു പൊടിയേക്കാൾ ഒട്ടും വലുതല്ലാത്ത ഭൂമിയും, അതിലെ സമൂഹവും നമുക്കെല്ലാമെല്ലാമായിത്തീരുന്ന പ്രതിഭാസം അത്യന്തം വിചിത്രവും അത്ഭുതകരവുമാണ്. ഈശ്വരൻ ഒന്നൂതിയാൽ പറന്നു പോകുവാനുള്ളതേയുള്ളൂ ഈ സമൂഹം! ആ ഈശ്വരൻ നിങ്ങൾ തന്നെയാകുന്നു (തത്ത്വമസി). അത്യുന്നതമായ ഈശ്വരപഥത്തിൽ കഴിയുന്നതിന് പകരം സുഖഭോഗങ്ങളുടെയും, ഈ ലോകത്തിലെ തുച്ഛമായ സന്തോഷങ്ങളുടെയും പിറകേ ഓടുന്ന മനുഷ്യനെ മഠയനെന്നല്ലാതെ മറ്റെന്താണ് വിളിക്കുക? അവൻ വിവേകമുള്ള ജീവിയല്ല(HOMOSAPIENCE) മറിച്ച് വിവേകമില്ലാത്ത ജീവിയാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120