ബിനോയ് എം. ജെ.

ധാരാളം തത്വചിന്തകളെക്കുറിച്ച് നമുക്ക് പഠിക്കുവാനുള്ളപ്പോൾ അസ്ഥിത്വവാദ (Existentialism) ത്തെക്കുറിച്ച് എന്തുകൊണ്ട് പ്രത്യേകം പരാമർശിക്കുന്നു എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഉത്തരം ലളിതമാണ് – മറ്റു തത്വചിന്തകൾ നിങ്ങൾക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം, അത് നിങ്ങളുടെയിഷ്ടം. ഓരോരുത്തർക്കും ഓരോ തത്വചിന്തയോടാണ് ആഭിമുഖ്യം. എന്നാൽ അസ്ഥിത്വവാദം നാമെല്ലാവരും പഠിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ട ഒരു തത്വചിന്തയാണ്, കാരണം അതു നമ്മെ പ്രതിഭാശാലികളാക്കുന്നു.

അസ്ഥിത്വവാദവും ഭാരതീയ തത്വചിന്തയും ഒഴിച്ച് മറ്റെല്ലാ തത്വചിന്തകളും ഒരു പരിധിവരെ വെറും ബുദ്ധി കസർത്ത് മാത്രമാണ്. ഒരു തത്വചിന്തയെ എതിർത്തുകൊണ്ട് മറ്റൊരെണ്ണം നിലനിൽക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാം. എന്നാൽ അസ്ഥിത്വവാദം നിങ്ങളുടെ തന്നെ തത്വചിന്ത കണ്ടെത്തുവാൻ നിങ്ങളെ സഹായിക്കുന്നു. അത് കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ മറ്റുള്ളവരുടെ തത്വചിന്തയുടെയോ, വ്യക്തിത്വത്തിന്റെയോ, മനോഭാവത്തിന്റയോ പിറകെ നിങ്ങൾക്ക് പോകേണ്ടിവരില്ല. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടേതായ ഒരു ചിന്താപദ്ധതി നിങ്ങളുടെയുള്ളിൽ വളർന്നുവരുന്നു. നിങ്ങൾ കഠിനാദ്ധ്വാനം ചെയ്താൽ നിങ്ങൾക്ക് സ്വന്തമായ ഒരു തത്വചിന്ത ലോകത്തിന് സംഭാവന നൽകുവാൻ കഴിയും.

ഇനിയെന്താണ് അസ്ഥിത്വവാദം ? സൈദ്ധാന്തികങ്ങളായ വിശദീകരണങ്ങളിലേക്ക് കടക്കാതെ പ്രായോഗികമായി ചിന്തിച്ചാൽ അത് നമ്മെ തന്നെ സ്വീകരിക്കുന്ന പ്രക്രിയയാണ്. സമൂഹം നമ്മെ എല്ലായ്പ്പോഴും സ്വീകരിക്കണമെന്ന് നിർബന്ധമില്ല; പലപ്പോഴും അത് നമ്മെ തിരസ്കരിക്കുന്നതായാണ് കാണുന്നത്; നിങ്ങൾ വ്യത്യസ്തനായ ഒരു വ്യക്തിയാണെങ്കിൽ സമൂഹം നിങ്ങളെ തീർച്ചയായും തിരസ്കരിക്കും. സമൂഹം നമ്മെ സ്വീകരിച്ചാലും തിരസ്കരിച്ചാലും നാം നമ്മെത്തന്നെ സ്വീകരിച്ചേ തീരൂ..നാം നമ്മെ തന്നെ സ്വീകരിക്കുമ്പോൾ നമ്മിലെ ആന്തരിക വിജ്ഞാനം വളർന്നുവരുന്നു. പിന്നീട് നമുക്ക് പഠിക്കുവാൻ ഓക്സ്ഫോർഡിലോ, കേംബ്രിഡ്ജിലോ, ഹാർവാർഡിലോ പോകേണ്ടിവരില്ല. അനന്തമായ വിജ്ഞാനം നമ്മുടെ ഉള്ളിൽ നിന്നുതന്നെ പുറത്തേക്ക് വരുന്നു . ലോകം കണ്ട പ്രതിഭാശാലികളെല്ലാം തന്നെ അറിഞ്ഞോ അറിയാതെയോ അസ്ഥിത്വവാദം ജീവിതത്തിൽ പകർത്തിയവരാണ്. അത് നമ്മിലെ ചിന്താശക്തിയെ ഉണർത്തുന്നു. ശരിയും തെറ്റും വിവേചിക്കുവാനുള്ള കഴിവ് നമുക്ക് കിട്ടുന്നു. നാം ലോകത്തിന് ഒരു വഴികാട്ടിയാകുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.