ബിനോയ് എം. ജെ.

ആധുനിക സമൂഹത്തിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിക്കുന്ന പ്രതിഭാസമാണ് തകരുന്ന കുടുംബ വ്യവസ്ഥിതി. ലോകമാസകലം കുടുംബങ്ങൾ തകരുകയാണ്. കുട്ടികളെ നോക്കുവാൻ മാതാപിതാക്കൾക്ക് ആവുന്നില്ല. മാതാപിതാക്കളെ നോക്കുവാൻ കുട്ടികൾക്കും ആവുന്നില്ല. പണ്ടൊക്കെ കൂട്ടുകുടുംബങ്ങൾ ആയിരുന്നു. അത് നല്ലതും ആയിരുന്നു. പക്ഷേ കാലം മാറി വരുന്നു. കൂട്ടുകുടുംബങ്ങൾ പണ്ടേ തിരോഭവിച്ചു കഴിഞ്ഞു. ഇന്ന് അണുകുടുംബങ്ങൾ ആണ്. അവയും തിരോഭവിക്കുകയാണ്. പണ്ടൊക്കെ കുട്ടികളെ നോക്കുവാൻ മാതാപിതാക്കൾക്ക് സമയവും സാഹചര്യങ്ങളും ഉണ്ടായിരുന്നു. മാതാപിതാക്കളെ വാർദ്ധക്യത്തിൽ നോക്കുവാൻ കുട്ടികൾക്കും സമയവും സാഹചര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സാഹചര്യങ്ങൾ മാറി വരുന്നു. ഇന്ന് എല്ലാവർക്കും തങ്ങളുടെ ജോലിയും ഉത്തരവാദിത്വങ്ങളും ഉണ്ട്. അതിന്റെ കൂടെ കുട്ടികളെയോ മാതാപിതാക്കളെയോ നോക്കുവാൻ ആർക്കാണ് സമയം? കാലം മാറി വരുന്നു . പഴയ മൂല്യങ്ങളും ഉത്തരവാദിത്വങ്ങളും തിരോഭവിക്കുന്നു. അവിടെ പുതിയ മൂല്യങ്ങളും ഉത്തരവാദിത്വങ്ങളും രംഗപ്രവേശം ചെയ്യുന്നു .അതിനെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കിയിട്ട് കാര്യവുമില്ല.

സമൂഹ ശാസ്ത്രജ്ഞന്മാർ(sociologists) തുടക്കംമുതലേ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- കുടുംബത്തിന് പകരം വയ്ക്കാൻ മറ്റൊരു സംവിധാനവും ഇല്ലേ? അതോ കുടുംബം സാർവ്വത്രികം ആണോ? അങ്ങനെയൊരു ബദൽ സംവിധാനം നിർദ്ദേശിക്കുവാൻ തങ്ങൾ പരാജയപ്പെടുന്നതിൽ ഭൂരിപക്ഷം സാമൂഹ ശാസ്ത്രജ്ഞന്മാർക്കും അസംതൃപ്തിയുമുണ്ട്. അത്തരമൊരു ബദൽ സംവിധാനം സാമൂഹ്യമാറ്റത്തിന്റെ കാഹളധ്വനിയാണ്. കുടുംബത്തിന് തീർച്ചയായും ഒരു ബദൽ സംവിധാനം ഉണ്ട്. അതിനെക്കുറിച്ച് പ്ലേറ്റോ ഇപ്രകാരം പറയുന്നു. സമൂഹം മൊത്തത്തിൽ ഒരു കുടുംബമാണ്. അതിനുള്ളിൽ മറ്റു കുടുംബങ്ങൾ പാടില്ല .2500 വർഷങ്ങൾക്കു മുമ്പ് പ്ളേറ്റോ പറഞ്ഞ ഈ കാര്യം ഇനിയും നമ്മുടെ തലയിൽ പ്രവേശിച്ചിട്ടില്ല എന്നു തോന്നുന്നു. പണ്ടൊക്കെ- അതായത് കൂട്ടുകുടുംബം ഉണ്ടായിരുന്നപ്പോൾ – കുടുംബം തന്നെയായിരുന്നു സമൂഹം .എന്നാൽ ഇന്ന് കാലം മാറി വരുന്നു .ഇന്ന് സമൂഹം തന്നെ ഒരു വലിയ കുടുംബമായി മാറി വരുന്നു. കുട്ടികളെ നോക്കുന്നതിനും മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും ഇന്ന് ബദൽ സംവിധാനങ്ങൾ ആയി വരുന്നു. ഇന്ന് സമൂഹം എല്ലാം നോക്കുന്നു. ഇത് സോഷ്യലിസത്തിന്റെ കാഹളധ്വനിയാണ്. സമൂഹം മുഴുവൻ ഒരൊറ്റ കുടുംബമായി മാറി വരികയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനോടൊപ്പം ചോദിക്കേണ്ട മറ്റൊരു ചോദ്യം കൂടി ഉണ്ട്. മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യ ശിശുക്കൾ സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുള്ളവരായി മാറുന്നതിന് വളരെയധികം കാലം വേണ്ടിവരുന്നു. എന്താണ് ഇതിന്റെ കാരണം? ഉത്തരം വളരെ ലളിതമാണ്. കുട്ടികളെ മുതിർന്നവർ വളരെ ശക്തമായി അടിച്ചമർത്തുന്നു. ഈ അടിച്ചമർത്തലിൽ നിന്നും മോചനം നേടുവാൻ വളരെയധികം വർഷങ്ങൾ എടുക്കുന്നു. കുട്ടികൾ കഴിവ് കുറഞ്ഞവരാണ് എന്ന ഒരു ധാരണ പരക്കെ കണ്ടുവരുന്നു. ഇത് എത്രമാത്രം ശരിയാണ്? കുട്ടികളെ അടിച്ചമർത്തിയാൽ അവർ കഴിവുകെട്ടവരായി കാണപ്പെടും. അതിൽ അത്ഭുതമൊന്നുമില്ല . എന്നാൽ കുട്ടികളെ അവരുടെ സ്വാതന്ത്ര്യത്തിന് -പൂർണ്ണമായും അവരുടെ ഇഷ്ടത്തിന് -വിട്ടു കൊടുത്താൽ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് അവർ പ്രാപ്തരാവുന്നത് കാണാം. അവരുടെ കഴിവുകൾ അപ്പോൾ ഉണർന്നെണീൽക്കും. അവർ മുതിർന്നവർക്ക് തുല്യരായി മാറും . ഈ കാര്യത്തിലും സമത്വം ഉണ്ടെന്ന് അറിഞ്ഞുകൊള്ളുക.

കുട്ടികളുടെ മന:ശ്ശാസ്ത്രം പഠിച്ചാൽ അവർ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരും അവരുടേതായ രീതിയിൽ ജീവിക്കുവാനും വളരുവാനും ആഗ്രഹിക്കുന്നവരും ആണെന്ന് കാണാം. എന്നാൽ മാതാപിതാക്കളും അധ്യാപകരും മറ്റു മുതിർന്നവരും അവർക്ക് ഒട്ടും തന്നെ സ്വാതന്ത്ര്യം കൊടുക്കുന്നില്ല . കുട്ടികളുടെ കഴിവുകളെ കുറിച്ച് അവർ അജ്ഞരും ഭയം നിറഞ്ഞവരും ആണെന്നതാണ് കാര്യം. കുട്ടികൾ കഴിവുള്ളവരും കാര്യപ്രാപ്തിയുള്ളവരും ആണെന്ന് സമ്മതിച്ചാൽ അടുത്തപടി അവരെ അവരുടെ ഇഷ്ടത്തിന് വിടുക എന്നുള്ളതാണ്. മുതിർന്നവരല്ല കുട്ടികളെ വളർത്തേണ്ടത്. കുട്ടികളെ കുട്ടികൾക്ക് തന്നെ വിട്ടു കൊടുക്കുക. തലമുറകൾ തമ്മിലുള്ള അന്തരത്തെ പൂർണ്ണമായും ഒഴിവാക്കുക. അപ്പോഴേ ഇവിടെ സമത്വവും നീതിയും പുലരൂ …കുട്ടികളെ ആരും സഹായിക്കേണ്ട !അവർക്ക് ആരുടേയും സഹായവും ആവശ്യമില്ല! അവരെ ഉപദ്രവിക്കാതെ വിട്ടാൽ മതി.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.