ബിനോയ് എം. ജെ.

മരണം മനുഷ്യന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്നു. അതങ്ങനെ ആവേണ്ടിയിരുന്നില്ല. നേരെ മറിച്ചായിരുന്നു സംഭവിക്കേണ്ടിയിരുന്നത്. മരണം ജീവിതത്തെ പ്രകാശിപ്പിക്കേണ്ടിയിരുന്നു. മരണത്തിന് വേണ്ടിയുള്ള ഒരു തയ്യാറെടുപ്പാണ് ജീവിതം എന്ന് വേണമെങ്കിൽ പറയാം. അല്ലെങ്കിൽ മരണം ജീവിതത്തിനും ഉപരിയോ ജീവിതത്തേക്കാൾ ശ്രേഷ്ഠമോ ആണ്. ഒളിംപിക്സിൽ സ്വർണ്ണം കൊയ്യുവാൻ വേണ്ടി ജീവിതത്തിന്റെ നല്ല ഒരു ഭാഗം പരിശീലനത്തിനായി മാറ്റിവക്കുന്ന കായികതാരങ്ങളെ കണ്ടിട്ടില്ലേ? ഒളിംപിക്സിലെ പ്രകടനമാണവരുടെ ലക്ഷ്യം. അതാണ് വർഷങ്ങളായുളള അവരുടെ തയ്യാറെടുപ്പുകൾക്കും ജീവിതത്തിനു തന്നെയും അർത്ഥം പകരുന്നത്. ഇപ്രകാരം ജീവിതം മരണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാകുമ്പോൾ മരണം ജീവിതത്തിന് അർത്ഥം പകരുകയും ജീവിതത്തിൽ പ്രകാശം ചൊരിയുകയും ചെയ്യും.

എന്താണ് ജീവിതം? എന്താണ് മരണം?ആത്മാവിന്റെ ശരീര ബന്ധനമാണ് ജീവിതം. മരണമാവട്ടെ ഈ ബന്ധനത്തിൽ നിന്നുള്ള ആത്മാവിന്റെ മോചനവും. ആത്മാവ് ശരീരവുമായി യോജിച്ച് പ്രവൃത്തിക്കുമ്പോൾ താനീ ശരീരം തന്നെ എന്ന മിഥ്യാ ഭ്രമം ഉണ്ടാവുക സ്വാഭാവികം. ഇതാണ് ശാരീര ബന്ധനം. എന്നാൽ കൂടിച്ചേർന്നവ ഒക്കെ വേർപെട്ടേ തീരൂ. ആത്മാവ് ശരീരത്തിൽനിന്നും വേർപെടണം. ഈ വേർപെടലാകുന്നു മരണം. എന്നാൽ മരണവുമായി പൊരുത്തപ്പെടുവാൻ ആകാത്തവരിൽ ഈ കൂടിച്ചേരൽ വീണ്ടും സംഭവിക്കുന്നു. പുനരപി ജനനം, പുനരപി മരണം. നിങ്ങൾ എന്ന് മരണവുമായി പൊരുത്തപ്പെടുന്നുവോ അന്നു വരെ നിങ്ങളുടെ ജീവിതത്തിൽ ജനനവും മരണവും ആവർത്തിച്ച് കൊണ്ടേയിരിക്കും. ഇതൊരു വലയം ആണ്. പരീക്ഷയിൽ തോൽക്കുന്നവൻ വീണ്ടും പരീക്ഷ എഴുതിയേ തീരൂ. മരണത്തിന്റെ മുന്നിൽ തോൽവി സമ്മതിക്കുന്നവൻ വീണ്ടും അതിൽ കൂടി കടന്നു പോയേ തീരൂ. ഇതിനു വേണ്ടി അയാൾ പുനർജ്ജനിക്കുന്നു . എന്ന് മരണവുമായി ഞാനും നിങ്ങളും പൊരുത്തപ്പെടുന്നുവോ അന്നു വരെ നമ്മുടെ ജീവിതത്തിൽ ജനിമൃതികൾ സംഭവിച്ചുകൊണ്ടേയിരിക്കും.

മരണം ഒരു പരീക്ഷയാണ്. അത് മോക്ഷപ്രാപ്തിയിലേക്കുള്ള പ്രവേശന പരീക്ഷയാണ്. അത് നിഷേധാത്മകമായ ഒരു സംഗതിയല്ല. മറിച്ച് അത് അത്യന്തം ഭാവാത്മകമാണ്. പഠിക്കാത്തവനാണ് പരീക്ഷയെ ഭയപ്പെടുന്നത്. ഉഴപ്പിത്തല്ലി നടക്കുന്നവന് പരീക്ഷ ഒരു പേടിസ്വപ്നമാണ്. അവന് ദിശാബോധമില്ല. അവൻ വഴി പിഴച്ചു പോയിരിക്കുന്നു. പഠിക്കുമ്പോൾ പ്രണയത്തിന്റെ പിറകേ പോകുന്നവന് പരീക്ഷയിൽ വിജയം കൊയ്യുവാനാവില്ല. ജീവിച്ചിരിക്കുമ്പോൾ ഈ ലോകത്തിലെ മായാഭ്രമങ്ങൾക്ക് പിറകേ പോകുന്നവന് മരണത്തിൽ വിജയം കൊയ്യുവാനാവില്ല. അത്തരക്കാർ വഴി പിഴച്ചു പോയവരാണ്. അവർ വീണ്ടും ജനിക്കുന്നു. കൊതി തീരുവോളം അവർ ജീവിതം ആസ്വദിക്കേണ്ടിയിരിക്കുന്നു. അപ്രകാരം ഇവിടുത്തെ സുഖദു:ഖങ്ങളിലൂടെയെല്ലാം വേണ്ടുവോളം കടന്നുപോയി വിരക്തിയാർജ്ജിച്ചവർ മാത്രമേ മരണത്തിന് മേൽ വിജയം വരിക്കുന്നുള്ളൂ. അവർക്ക് മാത്രമേ മോക്ഷം കിട്ടുന്നുള്ളൂ.

ജീവിതത്തോട് ആസക്തിയുള്ളവരുടെ ജീവിതം വീണ്ടും തുടരുന്നു. അതങ്ങനെ തന്നെയാകുവാനേ വഴിയുള്ളൂ. ജീവിതം മടുത്തുപേക്ഷിച്ചവന് മാത്രമേ മോക്ഷം കിട്ടുന്നുള്ളൂ. ഇത് തിരിച്ചറിയാൻ ഉള്ള പരീക്ഷണമാകുന്നു മരണം. നിങ്ങൾക്ക് മരണത്തോട് പൊരുത്തപ്പെടുവാൻ കഴിയുന്നുണ്ടോ? നിങ്ങൾ ജീവിതം മടുത്ത ആളാണെങ്കിൽ നിങ്ങൾക്ക് മരണം സ്വാഗതാർഹമാണ്. ജീവിതത്തിൽ കൊതി ബാക്കിയുണ്ടെങ്കിൽ നിങ്ങൾക്ക് മരണം സ്വാഗതാർഹമല്ല. നിങ്ങൾക്ക് അതിനോട് പൊരുത്തപ്പെടുവാനാകുന്നില്ല. നിങ്ങൾ പുനർജ്ജനിച്ചേ തീരൂ.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120