ബിനോയ് എം. ജെ.

സ്വർത്ഥത മനുഷ്യസഹജമാണ്. എന്നാൽ സ്വാർത്ഥത മാത്രം അന്വേഷിച്ചു നടക്കുന്നവർക്ക് ജീവിതത്തിൽ ദു:ഖമേ കിട്ടൂ. ഇനി സ്വർത്ഥതാപരിത്യാഗത്തിലെത്തിയവരുടെ ജീവിതം എങ്ങനെയായിരിക്കും? അവർ സ്വാർത്ഥപരമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ലാത്തവരാണോ?അവരുടെ സ്വന്തം കാര്യങ്ങൾ ആരുനോക്കും? സ്വാർത്ഥതാപരിത്യാഗത്തെക്കുറിച്ച് പറയുമ്പോൾ സാധാരണക്കാർ അസ്വസ്ഥരാകുന്നതിന്റെ കാരണവും ഇതൊക്കെത്തന്നെ. എന്താണ് സ്വാർത്ഥത? എന്താണ് നിസ്വാർത്ഥത?നിസ്വാർത്ഥത കൊണ്ട് എന്ത് നേടാം?നിസ്വാർത്ഥത എങ്ങനെ ആർജ്ജിച്ചെടുക്കാം?

നിങ്ങൾ പണത്തോട് ആഭിമുഖ്യമുള്ള ഒരു വ്യക്തിയാണെന്ന് കരുതുക. നിങ്ങൾ പണത്തെ സ്നേഹിക്കുന്നു. പണത്തോടുള്ള ഈ സ്നേഹത്തെ നിങ്ങൾക്ക് മൂന്ന് രീതിയിൽ തൃപ്തിപ്പെടുത്തുവാനാവും. ഒന്നാമതായി ഏത് വിധത്തിലും പണമുണ്ടാക്കുക. അത് എത്ര നീചമായ മാർഗ്ഗത്തിലൂടെയായാലും ശരി, പണം ഉണ്ടാക്കുക! ഇവിടെ നിങ്ങൾ സ്വന്തം പണസമ്പാദനത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. നിങ്ങൾ സ്വാർത്ഥനാണ്. എന്നാൽ നിങ്ങൾക്ക് പണത്തോടുളള സ്നേഹത്തെ മറ്റൊരു രീതിയിലും കൈകാര്യം ചെയ്യുവാൻ സാധിക്കും. നിങ്ങൾ പണത്തെ സ്നേഹിക്കുന്നു. അതൊരു നല്ല കാര്യമല്ലേ?അതിൽ പ്രചോദിതനായി നിങ്ങൾ പണത്തെക്കുറിച്ചും ധനതത്വശാസ്ത്രത്തെക്കുറിച്ചും ഒരു പഠനം തുടങ്ങി വയ്ക്കുന്നു. ക്രിയാത്മകമായി പണം എങ്ങനെ സമ്പാദിക്കാം? അതിനെ എങ്ങനെ ചിലവഴിക്കാം? സാമൂഹിക ജീവിതത്തിൽ സമ്പത്തിന്റെ പ്രാധാന്യമെന്ത്? ദാരിദ്ര്യത്തെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യാം? തുടങ്ങി ധാരാളം ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം അന്വേഷിക്കുന്നു. പണത്തോടുള്ള നിങ്ങളുടെ സ്നേഹം നിങ്ങളെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും സത്യാന്വേഷിയും മഹാനും ആക്കി മാറ്റിയിരിക്കുന്നു! ധനത്തെക്കുറിച്ച് നിങ്ങൾ ആർജ്ജിച്ചെടുക്കുന്ന വിജ്ഞാനം സമൂഹത്തിന് മുഴുവൻ ഒരു മുതൽകൂട്ടാണ്. അതുപയോഗിച്ച് നിങ്ങൾക്കും പണമുണ്ടാക്കാം. നിങ്ങൾ നിസ്വാർത്ഥനാണ്.

ഇനിയും പണത്തോടുള്ള ഈ സ്നേഹത്തെ അൽപം കൂടി ഉദാത്തവത്കരിക്കാം. നിങ്ങൾ പണത്തെ സ്നേഹിക്കുന്നതിനാൽ ലോകത്തിൽ ഉള്ള എല്ലാവരും പണമുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. അതിനുള്ള മാർഗ്ഗങ്ങൾ നിങ്ങൾ അന്വേഷിക്കുന്നു. അതിനായി നിങ്ങൾ സദാ പരിശ്രമിക്കുന്നു. ലോകത്തിൽ നിന്നും ദാരിദ്ര്യം തുടച്ചുനീക്കുവാൻ നിങ്ങൾ യത്നിക്കുന്നു. ലോകത്തെ മെച്ചപ്പെടുത്താനുള്ള ഈ പരിശ്രമത്തിൽ നിങ്ങൾ സ്വയം മറക്കുന്നു. നിങ്ങൾ നിർവാണത്തിലേക്ക് പ്രവേശിക്കുന്നു.

ഇപ്രകാരം പണത്തോടുള്ള സ്നേഹത്തെ മൂന്ന് രീതിയിൽ നിങ്ങൾക്ക് കൈകാര്യം ചെയ്യാം. ആദ്യത്തേതിൽ നിങ്ങൾ തികച്ചും സ്വാർത്ഥനാണ്. രണ്ടാമത്തെ തലത്തിൽ നിങ്ങൾ അൽപം കൂടി നിസ്വാർത്ഥനാണ്. മൂന്നാമത്തേതിൽ നിങ്ങൾ പൂർണ്ണമായും നിസ്വാർത്ഥനാണ്. മൂന്ന് തലങ്ങളിലും നിങ്ങളുടെ സമീപനരീതിയിൽ മാത്രം മാറ്റം സംഭവിക്കുന്നു. പണത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന് കുറവൊന്നും സംഭവിക്കുന്നില്ല. നിങ്ങളുടെ സ്വാർത്ഥതയെ നിങ്ങൾ ഉദാത്തവത്കരിക്കുന്നു! അതോടൊപ്പം നിങ്ങളുടെ സന്തോഷ (ആനന്ദം)വും വർദ്ധിച്ചുവരുന്നു. മഹത്വം ആർജ്ജിച്ചെടുക്കുവാൻ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ പരിത്യജിക്കേണ്ടതില്ല, മറിച്ച് അവയെ ഉദാത്തവത്കരിച്ചാൽ മതിയാവും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ നിങ്ങൾ മറ്റൊരാൾ ആവേണ്ടതില്ല. മറിച്ച് നിങ്ങളിൽ തന്നെ കൂടുതൽ കൂടുതൽ ശക്തമായി വിശ്വാസം അർപ്പിക്കുക. മഹത്വം നിങ്ങളിൽ തന്നെ കുടികൊള്ളുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120