ബിനോയ് എം. ജെ.

ശ്രീബുദ്ധൻ ദുഃഖസത്യം എന്ന ആശയത്തെ അവതരിപ്പിച്ചു. എല്ലാം ദുഃഖമയം. ഈ പ്രപഞ്ചം ആകെ ദുഃഖം നിറഞ്ഞു നിൽക്കുന്നു. അദ്ദേഹം ഇതിനെ പ്രപഞ്ച ദുഃഖം എന്ന് വിളിച്ചു. ഇപ്രകാരം ജീവിതത്തെയും പ്രപഞ്ചത്തെയും തള്ളിക്കളയുമ്പോൾ ദുഃഖം താനേ തിരോവോഭവിക്കുന്നു. ദുഃഖം തിരോഭവിക്കുന്നിടത്ത് അനന്താനന്ദം സംഭവിക്കും. ശ്രീബുദ്ധൻ മാത്രമല്ല ഈ രീതിയിൽ ചിന്തിച്ചത്. അർഷഭാരതസംസ്കാരം മുഴുവൻ ഈ ഒരാശയത്തിന്റെ വിപുലീകരണം ആണെന്ന് തോന്നിപ്പോകുന്നു. അവർ ജീവിതത്തെ നിഷേധാത്മകമായി നോക്കിക്കാണുന്നു. അതുകൊണ്ടാകാം ആർഷഭാരത സംസ്കാരവും ആധുനിക പാശ്ചാത്യ സംസ്കാരവും തമ്മിൽ സംഘടനത്തിൽ വരുന്നത്. അതുകൊണ്ടുതന്നെയാണ് ഭാരതം കുറെ കാലങ്ങളായി എല്ലാ

കാര്യങ്ങളിലും പുറകിലായി പോകുന്നത്. ജീവിതം ദുഃഖമാണെങ്കിൽ പിന്നെ എന്തിന് ജീവിക്കണം? ജീവിതത്തോടുള്ള നിഷേധാത്മകമായ ഈ നിലപാട് അത്യന്തം അപകടകരമാണ്.

ആധുനികലോകം ജീവിതത്തെയും പ്രപഞ്ചത്തെയും ഭാവാത്മകമായി നോക്കിക്കാണുന്നു. അവർ എല്ലായിടത്തും സുഖം അന്വേഷിക്കുന്നു. അതിനെ കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ അനന്തമായ സുഖത്തെ കുറിച്ചുള്ള ആശയം പശ്ചാത്യർക്ക് ഇന്നും അപ്രാപ്യമാണ്. അവർ ഇനിയും അവിടെ എത്തിച്ചേർന്നിട്ടില്ല. എന്നാൽ വരുംകാലങ്ങളിൽ അവർ അവിടെ എത്തിച്ചേരുമെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. വീണ്ടും ആഹ്ലാദത്തിന്റെ ഒരു വേലിയേറ്റം സംഭവിക്കുവാൻ ഇരിക്കുന്നു. അവിടെ ജീവിതം അത്യന്തം ഭാവാത്മകവും

സുന്ദരവും ആകുന്നു. ക്ലേശങ്ങളെല്ലാം എങ്ങോ പോയ് മറയുന്നു. ആദ്ധ്യാത്മിക തത്വങ്ങൾ വീണ്ടും പ്രകാശിക്കുന്നു. ലോകം നിർവാണത്തിലേക്ക് നടന്ന ടുക്കുന്നു.

നമ്മുടെ ക്ലേശങ്ങളെല്ലാം താൽക്കാലികങ്ങൾ ആയിരുന്നു. രണ്ട് വിജ്ഞാന വിസ്ഫോടനങ്ങൾക്കിടയിലുള്ള അന്ധകാരാത്മകമായ ഒരു ഇടവേള. പ്രാചീന ഭാരതത്തിൽ അരങ്ങേറിയ വിജ്ഞാന വിസ്ഫോടനം മറ്റൊരു രൂപത്തിൽ പശ്ചാത്യലോകത്ത് അരങ്ങേറുവാൻ ഇരിക്കുന്നു എന്ന ആശയം പല ചിന്തകന്മാരും ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. അത് ആഗോള സംസ്കാരത്തിൽ ഉണ്ടാക്കുവാൻ ഇരിക്കുന്ന സ്വാധീനം പ്രവചനാതീതമാണ്. മനുഷ്യൻ മരണത്തെ ജയിക്കുവാനുള്ള തത്രപ്പാടിലാണ്. അതിൽ അവൻ വിജയിക്കുകയും ചെയ്യും.

ആർഷഭാരത സംസ്കാരം നിഷേധാത്മകമാണ്. പശ്ചാത്യ സംസ്കാരം ഭാവാത്മകവും. സത്യത്തിലേക്കുള്ള രണ്ടു വഴികൾ ആണിത്. ഒന്ന് നിഷേധാത്മകവും മറ്റേത് ഭാവാത്മകവും. പൂച്ച കറുത്തതാണെങ്കിലും വെളുത്തതാണെങ്കിലും എലിയെ പിടിച്ചാൽ മതിയല്ലോ! മനുഷ്യന് അനന്താനന്ദം കിട്ടേണ്ടിയിരിക്കുന്നു. ക്ലേശങ്ങളും ദുഃഖങ്ങളും രോഗങ്ങളും മരണവും മാറേണ്ടിയിരിക്കുന്നു. മനുഷ്യൻ മരണത്തെ ജയിക്കുവാൻ അത്യധികമായി ആഗ്രഹിക്കുന്നു. അവന്റെ എല്ലാ പ്രയത്നങ്ങളും അങ്ങനെ ഒരു ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ടാണ് സംഭവിക്കുന്നത്. ആർഷഭാരത ആചാര്യന്മാർ അതിൽ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിജയിച്ചു എങ്കിൽ, അപ്രകാരം ജീവിതത്തെ ത്യജിക്കുവാനും സുഖങ്ങളെ തള്ളിക്കളയുവാനും ആർക്കു കഴിയും? ഇവിടെയാണ് സന്തോഷസത്യം എന്ന ആശയത്തിന്റെ പ്രസക്തി. മരണത്തെ ജയിക്കുവാനും പ്രപഞ്ചത്തെ വരുതിയിൽ കൊണ്ടുവരുവാനും വിരക്തിയുടെ ആവശ്യമില്ല. നിഷേധാത്മകമായി ചിന്തിക്കേണ്ട ആവശ്യവുമില്ല. നിങ്ങൾ അത്യന്തം ഭാവാത്മകമായി ചിന്തിക്കുവിൻ! ജീവിതം ആവോളം ആസ്വദിക്കുവിൻ! ഈ ഭാവാത്മകതയിൽ മരണത്തെ ജയിക്കാനുള്ള ആശയത്തിന്റെ ബീജം കിടക്കുന്നു. സുഖവും ദുഃഖവും എന്ന് രണ്ട് സംഗതികൾ ഇല്ല. എല്ലാ മനോസംഘർഷങ്ങളും മരണം പോലും കിടക്കുന്നത് ഈ ദ്വൈതഭാവത്തിലാണ്. സുഖം മാത്രമാണ് യാഥാർത്ഥ്യം! അതിനാൽ ദുഃഖത്തെ

തള്ളിക്കളയവിൻ. ദുഃഖം ഒരു മിഥ്യാഭ്രമം മാത്രമാണ്. മരണവും മിഥ്യതന്നെ! മനുഷ്യൻ സുഖത്തെ ദു:ഖമായി തെറ്റിദ്ധരിക്കുന്നു. മരണത്തെ ആസ്വദിക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞാൽ പിന്നീട് അത് മരണമല്ല. ജീവിതത്തിലെഎല്ലാ പ്രശ്നങ്ങളെയും നിഷേധാത്മകതെയും ഭാവാത്മകമായി കാണുവിൻ. അപ്പോൾ മരണം നിങ്ങൾക്ക് അനന്താനന്ദകരമായി അനുഭവപ്പെടും.

വാസ്തവത്തിൽ മരണം എന്നൊന്ന് അവിടെയില്ല. അത് അന്ധകാരാവൃതമായ ഒരു ഇടനാഴി മാത്രമാണ്. ആ ഇടനാഴിയെ നിങ്ങൾക്ക് ബുദ്ധികൊണ്ട് പ്രകാശിപ്പിക്കേണ്ടിയിരിക്കുന്നു. അപ്പോൾ മരണം അവിടെ നിന്നും തിരോഭവിയ്ക്കുന്നതായി കാണുവാൻ കഴിയും. മരണത്തെ കണ്ട് ഭയന്ന് ഓടി

ഒളിക്കുന്നതിന് പകരം ധീരമായി അതിനെ നോക്കി കണ്ടാൽ നിങ്ങൾ അതിന്റെ മേൽ വിജയം വരിക്കും. അപ്പോൾ അത് സന്തോഷത്തിന്റെ ഒരു ആവിഷ്കാരം മാത്രമായിരുന്നു എന്ന തിരിച്ചറിവ് നിങ്ങൾക്ക് ലഭിക്കുന്നു. ദുഃഖം എന്നൊന്ന് ഇല്ല എല്ലാം സന്തോഷത്തിന്റെ ആവിഷ്കാരം മാത്രം. സന്തോഷം പല രൂപഭാവങ്ങളിലായി നമ്മുടെ മുന്നിൽ നൃത്തം ചെയ്യുന്നു. നാമത് ആവോളം ആസ്വദിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും സന്തോഷത്തിന് പല രൂപഭാവങ്ങളും പല തലങ്ങളും ഉണ്ട്. ഈ വർണ്ണ വൈവിധ്യമാണ് വാസ്തവത്തിൽ സന്തോഷത്തിന്റെ പകിട്ട്. എന്നാൽ സങ്കുചിത മനസ്സോടെ നാം അതിനെ കണ്ടാൽ നമുക്ക് അതിലെ സന്തോഷം ആസ്വദിക്കുവാൻ കഴിയാതെ പോകുന്നു. ചിലതിനോടൊക്കെ ആകർഷണവും

മറ്റു ചിലതിനോടൊക്കെ വികർഷണവും തോന്നുന്നു. അപ്രകാരം ആശയക്കുഴപ്പങ്ങളും മനോ സംഘർഷങ്ങളും ജന്മം എടുക്കുന്നു. പിന്നീടങ്ങോട്ട് പ്രശ്നങ്ങളുടെ ഒരു ലോകമാണ്. അതിനാൽ തന്നെ ദുഃഖസത്യം എന്ന ആശയത്തെക്കാൾ പകിട്ടേറിയതാണ് സന്തോഷ സത്യം എന്ന ആശയം. ഈ പ്രപഞ്ചം മുഴുവൻ സന്തോഷം നിറഞ്ഞിരിക്കുന്നു. അതിന് പരിധികളോ പരിമിതികളോ ഇല്ല. അതിന്റെ ആഘാതത്തിൽ നാം ബോധം കെട്ട് വീഴുന്നു. ഇതിനെ സമാധി എന്നാണ് പറയുക. ഇപ്രകാരം ഭാവാത്കമായ മനോഭാവത്തിലൂടെ നമുക്ക് ഈശ്വരനിൽ ലയിക്കുവാൻ കഴിയും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120