ബിനോയ് എം. ജെ.
ആധ്യാത്മികതയുടെ കാര്യത്തിൽ സ്ത്രീപുരുഷഭേദം ഉണ്ടോ? ആദ്ധ്യാത്മികതയുടെ വാതിൽ എല്ലാവർക്കുമായി തുറന്നു കിടക്കുകയല്ലേ? ഇങ്ങനെയൊക്കെ എല്ലാവരും ചോദിക്കുന്നു. വാസ്തവത്തിൽ ആദ്ധ്യാത്മികയുടെ വാതിൽ എല്ലാവർക്കും വേണ്ടി തുറന്നു കിടക്കുകയാണ് . പക്ഷേ വിരളം ആൾക്കാർ മാത്രമേ അതിലൂടെ പ്രവേശിക്കുന്നുള്ളൂ. പലപ്പോഴും ലൗകീക വ്യഗ്രത അദ്ധ്യാത്മികതയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട് -പ്രത്യേകിച്ച് ആദ്ധ്യാത്മികതയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ധാരണയും ഇല്ലാത്ത ആധുനികകാലത്ത്. ഉദാഹരണത്തിന് ഓസ്ട്രേലിയയിലേക്കോ അമേരിക്കയിലേക്കോ പോവാനുള്ള ശക്തമായ ആഗ്രഹത്തിൽ പ്രേരിതയായ ഒരു പെൺകുട്ടി ദിവസവും മണിക്കൂറുകളോളം ദേവാലയത്തിൽ പ്രാർത്ഥന മുറിയിലിരുന്ന് പ്രാർത്ഥിച്ചു എന്നു വരാം. ഇത് പ്രകടമായ ലൗകികതയാണ്. ആദ്ധ്യാത്മികതയേ അല്ല.
അപ്പോൾ പിന്നെ എന്താണ് ആദ്ധ്യാത്മികത. ഈശ്വരനു വേണ്ടിയും കൈവല്യത്തിനു വേണ്ടിയും ലൗകികജീവിതത്തെ എന്തിന് ജീവിതത്തെത്തന്നെ വലിച്ചെറിയുന്നത് ആകുന്നു ഉത്തമമായ ആദ്ധ്യാത്മികതയുടെ ലക്ഷണം. മറ്റുള്ളവയെല്ലാം ലൗകികതയാണ് . മുമ്പ് പറഞ്ഞതുപോലെ ലൗകിക വിജയത്തിനുവേണ്ടി ഈശ്വരനെ സമീപിക്കുന്നത് വേഷം മാറി വരുന്ന ലൗകികത തന്നെയാണ് . മറിച്ച് വിരക്തി ആകുന്നു ആദ്ധ്യാത്മികതയുടെ ലക്ഷണം. പല ജന്മാന്തരങ്ങളിലൂടെ ജീവിതത്തെ അനുഭവിച്ചും അടുത്തറിഞ്ഞും അതിനോടുള്ള താല്പര്യം നഷ്ടപ്പെടുന്നവർക്ക് മാത്രമേ ലൗകിക ജീവിതത്തെ വലിച്ചെറിയാനുള്ള ശക്തി ലഭിക്കൂ. മറിച്ച് ജന്മാന്തരങ്ങളിലൂടെ കഷ്ടപ്പാടുകളും അടിച്ചമർത്തലുകളും ഏറ്റുവാങ്ങി ലൗകീക ജീവിതത്തെ അല്പംപോലും അനുഭവിക്കുവാനോ ആസ്വദിക്കുവാനോ കഴിയാത്തവർക്ക് അടക്കാനാവാത്ത ജീവിത വ്യഗ്രത കാണപ്പെടുന്നു. ആദ്ധ്യാത്മികതയെക്കുറിച്ച് ചിന്തിക്കുന്നത് പോലും അവരിൽ ആശയക്കുഴപ്പം ജനിപ്പിക്കുന്നു. അത്തരക്കാർക്ക് ലൗകീക ജീവിതം തന്നെയാണ് വിധിച്ചിരിക്കുന്നത്. ആദ്ധ്യാത്മികജീവിതമല്ല!
പുരുഷന്മാർ ഏറെക്കുറെ- അവരിൽ കുറെ പേരെങ്കിലും ലൗകീക ജീവിതം ആസ്വദിച്ച് കൊതിതിർന്നവരാണ്. എന്നാൽ സഹസ്രാബ്ദങ്ങളിലൂടെ സ്ത്രീകൾ അടിച്ചമർത്തപ്പെട്ടു പോരുന്നു. അവർക്ക് ജീവിക്കുവാനും ആ ജീവിതം ആസ്വദിക്കുവാനും ഉണ്ടാകുന്ന വ്യഗ്രതയിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതിനാൽ പുരുഷന്മാർ അദ്ധ്യാത്മിക ജീവിതത്തിലേക്കും സ്ത്രീകൾ ലൗകീക ജീവിതത്തിലേക്കും പ്രവേശിക്കട്ടെ . രണ്ടുകൂട്ടർക്കും തൃപ്തി ആവുകയും ചെയ്യും . സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും അദ്ധ്യാത്മിക ജീവിതത്തിലേക്ക് കടന്നാൽ ലൗകിക കാര്യങ്ങൾ ആര് നോക്കും? ഈശ്വരൻ ആ വിധത്തിലാണ് സമൂഹത്തെ സംവിധാനം ചെയ്തിരിക്കുന്നത് . ഒരു അമൃതാനന്ദമയിയോ ഒരു ബ്രഹ്മകുമാരി ശിവാനിയോ അവിടെയോ അല്ലെങ്കിൽ ഇവിടെയോ വിജയം കണ്ടേക്കാം. എന്നിരുന്നാലും അമൃതാനന്ദമയിയുടെ വ്യക്തിത്വമല്ല ഒരു ശരാശരി പെൺകുട്ടിയുടെ വ്യക്തിത്വം.
എന്തായാലും ലോകം ഒരേ സമയം ഒരു ആദ്ധ്യാത്മികതയുടെയും ഒരു ലൗകികതയുടെയും വിപ്ലവത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പുരുഷന്മാർ ആധ്യാത്മികതയിലേക്ക് ചേക്കേറിയെങ്കിലേ സ്ത്രീകൾക്ക് ലൗകികതയിലേക്ക് പ്രവേശിക്കുവാൻ കഴിയൂ . സ്ത്രീകൾ ലൗകികതയിലേക്ക് പ്രവേശിച്ചാൽ മാത്രമേ പുരുഷന്മാർക്ക് മന:സ്സമാധാനത്തോടെ ആദ്ധ്യാത്മികതയിലേക്ക് പ്രവേശിക്കാൻ പറ്റൂ. ഇതു രണ്ടും ഒരുമിച്ച് സംഭവിക്കുന്നത് ഒരു അത്ഭുതം തന്നെയാണ്. വലിയൊരു കുതിച്ചുചാട്ടത്തിനുള്ള സമയം ആസന്നമായിരിക്കുന്നു .അതിനാൽ നമുക്ക് വിവേകത്തോടെയും കരുതലോടെയും ഇരിക്കാം.
Leave a Reply