ബിനോയ് എം. ജെ.

ഏകാന്തതയെ പ്രണയിക്കുവിൻ. ഏകാന്തതയിൽ പ്രതിഭ വിരിയുന്നു. ഏകാന്ത ജീവിതവും (solitude) സാമൂഹിക ജീവിതവും (sociability) മനുഷ്യന്റെ ജീവിതശൈലിയുടെ രണ്ടു വശങ്ങളാണ്. ഒന്നിനെ കൂടാതെ മറ്റൊന്നിന് നിലനിൽക്കുവാനാവില്ല. എന്നാൽ നിലവിലുള്ള കാഴ്ചപ്പാടനുസരിച്ച് സാമൂഹിക ജീവിതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കപ്പെടുന്നതായി തോന്നുന്നു. അതുകൊണ്ടായിരിക്കാം ആധുനിക മനുഷ്യന്റെ സാമൂഹിക ജീവിതം വ്യർത്ഥതയിലേക്ക് ചായുന്നത്. അവൻ ഒറ്റ ചിറകുകൊണ്ട് പറക്കുവാൻ ശ്രമിക്കുന്നു.

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നും സമൂഹത്തെ കൂടാതെ അവന് നിലനിൽക്കുവാനാവില്ലെന്നും വ്യക്തമാണ്. അതോടൊപ്പം തന്നെ വ്യക്തമായ വസ്തുതയാണ്, മനുഷ്യന്റെ ആന്തരിക സത്ത ,ബാഹ്യ ലോകത്തിൽ നിന്നും തികച്ചും ഭിന്നമാണെന്നുള്ളത്. ആ , ഭിന്നമായ സത്തയാണ് മനുഷ്യന്റെ ജീവിതത്തിന് ആനന്ദവും അർത്ഥവും നൽകുന്നത് . ആന്തരികമായ ഈ സത്തയെ ഈശ്വരൻ എന്ന് വിളിക്കാം. നാം സമൂഹത്തിന്റെ പിറകെ ഓടുമ്പോൾ ഉള്ളിലുള്ള ഈശ്വരൻ മറക്കപ്പെടുന്നു. ഈശ്വരനെ മറക്കുന്നവൻ അജ്ഞാനത്തിൽ വീഴുന്നു . ഈ അജ്ഞാന അന്ധകാരമാണ് മനുഷ്യജീവിതത്തിലെ എക്കാലത്തും ഉള്ള ഏറ്റവും വലിയ പ്രശ്നം .

ഏകാന്തതയെ സ്നേഹിക്കുന്നയാൾ ഉള്ളിലുള്ള ഈശ്വരനുമായി ചങ്ങാത്തം കൂടുന്നു . അനന്തമായ ഏകാന്തതയിൽ എത്തുന്നയാൾ ഉള്ളിലുള്ള ഈശ്വരനെ സാക്ഷാത്കരിക്കുന്നു . അയാൾ ഈശ്വരനായി മാറുന്നു . അപ്പോൾ മാത്രമാണ് ഒരാളുടെ സാമൂഹ്യജീവിതം അർത്ഥവത്തായി മാറുന്നത്. സ്വയം അറിഞ്ഞു കൂടാത്ത വ്യക്തിയുടെ സാമൂഹികജീവിതം നരക തുല്യമാണ്. അയാൾ ഒരു അനുകർത്താവ് മാത്രമാണ്. അയാൾ ആശയക്കുഴപ്പത്തിലാണ്.

മൂന്ന് നാൾ ഏകാന്തതയിൽ കഴിഞ്ഞാൽ മനോവിഭ്രാന്തിയിലേക്ക് വഴുതിവീഴുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും . നമുക്ക് അതിനുള്ള പരിശീലനം കിട്ടിയിട്ടില്ല. എന്നാൽ പരിശീലിച്ചു നോക്കൂ അവാച്യമായ ആനന്ദം നമുക്ക് അവിടെ കാണുവാൻ ആകും . പിന്നീട് നമ്മുടെ സുഹൃത്തുക്കൾ എല്ലാം തന്നെ നമ്മെ ഉപേക്ഷിച്ചു പോയാലും നമുക്ക് അത് വിഷയമല്ല. നാം അവരുടെ അടിമയല്ല. നമ്മുടെ സാമൂഹിക ജീവിതത്തിന് പുതിയൊരു അർത്ഥം കൈവന്നിരിക്കുന്നു . നാം വെറുതെ ജീവിക്കുകയല്ല മറിച്ച് നാം ലോകത്തിനു മാതൃകയും വഴികാട്ടിയുമായി മാറിക്കഴിഞ്ഞിരിക്കുന്നു. സമൂഹം നമ്മെ ആദരിച്ചു തുടങ്ങുന്നു .

ഏകാന്തതയെ സ്നേഹിച്ചു തുടങ്ങുന്ന ആളുടെ മുന്നിൽ ആത്മസാക്ഷാത്കാരത്തിലേക്കുള്ള വാതിൽ തുറന്നു കിട്ടുന്നു. ആ പാതയിലൂടെ നിർഭയം സഞ്ചരിക്കുവിൻ. അപ്പോൾ സാമൂഹിക ജീവിതം എന്നോ ഏകാന്തജീവിതം എന്നോ ജീവിതത്തെ നാം വേർതിരിച്ച് കാണുകയില്ല. അവ രണ്ടും നമുക്ക് ഒരുപോലെ സ്വീകാര്യം ആണ്. ഒന്നുള്ളിടത്ത് മറ്റതും ഉണ്ട്. അവ ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ ആകുന്നു. അപ്പോൾ മാത്രമാണ് മനുഷ്യജീവിതം പൂർണ്ണമാകുന്നത്.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.