ബിനോയ് എം. ജെ.

ഭൂരിപക്ഷം ആളുകളും വിചാരിക്കുന്നത് ജീവിതത്തിൽ വിജയിച്ച ആളുകളെ അനുകരിച്ചാൽ ജീവിതത്തിൽ വിജയിക്കുമെന്നാണ്. ഇത് ഒരുതരം മഠയത്തരം ആണ്. നമ്മുടെ കുട്ടികൾ മെഡിസിനും, എൻജിനീയറിങ്ങിനും, ബയോടെക്നോളജിക്കും, ബിസിനസ് അഡ്മിനിസ്ട്രേഷനും മറ്റും പോകുവാൻ ഇഷ്ടപ്പെടുന്നതിന്റെ മന:ശാസ്ത്രം ഇതാണ്. അത്തരം ജോലികൾ ചെയ്യുന്നവർ ജീവിതത്തിൽ വിജയിക്കുന്നതായി കാണപ്പെടുന്നു. ഈ കുട്ടികൾക്ക് പ്രസ്തുത വിഷയങ്ങളിൽ താല്പര്യം ഉള്ളതുകൊണ്ടല്ല അവർ അത് പഠിക്കുവാൻ പോകുന്നത്. ഇവർ കാലക്രമത്തിൽ ജീവിതത്തിൽ പരാജയപ്പെടുകയേ ഉള്ളൂ. കാരണം ഇഷ്ടമില്ലാത്ത ജോലികൾ ചെയ്യുന്ന ആർക്കും ജീവിതത്തിൽ വിജയിക്കുവാൻ കഴിയുകയില്ല.

സ്വയം കണ്ടെത്തുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. അതിലുമുപരി ഈശ്വരന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. സ്വയം കണ്ടെത്തുന്നവരാണ് ഈശ്വരന്റെ ഇഷ്ടം നിറവേറ്റുന്നത്. കാരണം ഈശ്വരൻ നമ്മുടെ ഉള്ളിൽ വസിക്കുന്നു. ഇത് ഒരേ സമയം ഒരു കലയും ഒരു ശാസ്ത്രവുമാണ്. സ്വയം കണ്ടെത്തിയ ഒരാളുടെ അല്ലെങ്കിൽ ആത്മസാക്ഷാത്ക്കാരം കിട്ടിയ ഒരാളുടെ സാന്നിധ്യവും സഹായവും നിങ്ങൾക്ക് ആവശ്യമാണ്. അവരുടെ സാന്നിധ്യം തന്നെ വലിയ ഒരു അനുഗ്രഹമാണ്. അത് കിട്ടുന്നവർ വിരളം; അവർ ഭാഗ്യവാന്മാരാണ്. ആത്മസാക്ഷാത്കാരം കിട്ടിയവർ അഥവാ ഗുരുക്കന്മാർ നിങ്ങളെ അൽഭുതകരമായി സഹായിക്കുന്നു. അവർ സാധന ചെയ്യുന്നതിൽ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സഹായിക്കുകയും, ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. സാധന പുരോഗമിക്കുന്തോറും നിങ്ങൾ ആത്മസാക്ഷാത്കാരത്തോട് അടുക്കുന്നു. ഒരുനാൾ നിങ്ങൾ അവിടെ എത്തുന്നു, നിങ്ങൾ സത്യം കണ്ടെത്തുന്നു.

മുകളിൽ പ്രസ്താവിച്ചതിൽ നിന്നും സാധന ആത്മസാക്ഷാത്കാരത്തിന് ആവശ്യമാണ് എന്ന് സിദ്ധിക്കുന്നു. എന്താണ് സാധന? നാം, മൃഗ ജന്മങ്ങളിലൂടെയും, പൂർവ ജന്മങ്ങളിലൂടെയും ആർജ്ജിച്ചെടുത്ത തെറ്റായതും നിഷേധാത്മകവുമായ ഗുണങ്ങളെ തിരുത്തി അവിടെ ഭാവാത്മകമായ ഗുണങ്ങളെ വളർത്തിയെടുക്കുന്ന പ്രക്രിയയാണ് സാധന. ഇത് വെല്ലുവിളികളും, കഠിനാധ്വാനവും, സങ്കീർണ്ണതകളും നിറഞ്ഞ ഒരു പ്രക്രിയയാണ്. നിങ്ങളുടെ മനസ്സ് ശുദ്ധിയാകുമ്പോൾ അന്ധകാരം നിങ്ങളിൽ നിന്ന് തിരോഭവിക്കുന്നു. വിജ്ഞാനം നിങ്ങളെ തേടിയെത്തുന്നു. കൃത്യമായി പറഞ്ഞാൽ ഉള്ളിലുള്ള വിജ്ഞാനം പ്രകാശിക്കുന്നു !പുറമേനിന്ന് വിജ്ഞാനം ശേഖരിക്കുന്നതിൽ വലിയ അർത്ഥമില്ല. കാരണം ബാഹ്യ വിജ്ഞാനം ആപേക്ഷികമാണ്. അതിൽ പകുതിയെ സത്യമുള്ളൂ. പകുതി തെറ്റാണ്. എന്നാൽ ഉള്ളിൽ നിന്ന് വരുന്ന വിജ്ഞാനം നിരപേക്ഷികവും സത്യവുമാകുന്നു. അത് കിട്ടിയവർ എല്ലാറ്റിനെയും അറിയുന്നു. അത് കിട്ടണമെങ്കിൽ മനസ്സിനെ സുതാര്യം ആക്കേണ്ടി ഇരിക്കുന്നു. മനസ്സ് ശാന്തമാകുമ്പോൾ അത് സുതാര്യം ആകുന്നു. മനസ്സിനെ ശാന്തമാക്കാൻ ഭാവാത്മകമായും ആരോഗ്യകരമായും ചിന്തിക്കേണ്ടിയിരിക്കുന്നു. ആ ശീലം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. ഈ പ്രക്രിയയെ സാധന എന്ന് വിളിക്കുന്നു. സാധന ചിലപ്പോഴൊക്കെ പല ജന്മാന്തരങ്ങളിലൂടെ നീണ്ടേക്കാം. പക്ഷേ നഷ്ട ധൈര്യരാവരുത്. ഒരുനാൾ നിങ്ങൾ പൂർണ്ണതയിൽ എത്തും! നിങ്ങൾ സത്യം കണ്ടെത്തും! അപ്പോൾ മാത്രമേ നിങ്ങൾ ജീവിതത്തിൽ വിജയിച്ചു എന്ന് ആധികാരികമായും ആത്മാർത്ഥമായും പറയുവാൻ നിങ്ങൾക്ക് കഴിയൂ…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.