ഫാല്‍കിര്‍ക്: എഡിന്‍ബറോ രൂപതയിലുള്ള ക്രിസ്റ്റോർഫിൻ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. മാര്‍ട്ടിന്‍ സേവ്യര്‍ എന്ന വൈദികനെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ ദിവ്യബലിക്കെത്തിയ വിശ്വാസികള്‍ വൈദികനെ കാണാത്തതിനെ തുടര്‍ന്നു പള്ളി മുറി പരിശോധിച്ചപ്പോള്‍ മുറി തുറന്ന്‍ കിടക്കുന്നതായാണ് കണ്ടത്.
വൈദികന്റെ പേഴ്സും, പാസ്പോര്‍ട്ടും മൊബൈലും മറ്റു വസ്തുക്കളും മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നു വിശ്വാസികള്‍ മടങ്ങുകയായിരിന്നു. ഉച്ചയ്ക്ക് വൈദികനെ അന്വേഷിച്ച് ആളുകള്‍ വീണ്ടും പള്ളിമുറിയില്‍ എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായിരിന്നു. ഈ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണ്. വൈദികന്റെ തിരോധാനത്തില്‍ ദുരൂഹത തുടരുകയാണ്.
സിഎം ഐ സഭാംഗമായ ഫാ. മാര്‍ട്ടിന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇടവകയില്‍ സേവനം ആരംഭിച്ചത്. എഡിന്‍ബറോ ബിഷപ് സി എം ഐ പ്രൊവിന്‍ഷ്യലിനെ വിളിച്ചു മാര്‍ട്ടിന്‍ അച്ചനെ കാണ്മാനില്ല എന്ന് അറിയിക്കുകയായിരുന്നു. ആശങ്കാകുലരായ കുടുംബാംഗങ്ങള്‍ യുകെ യിലെ എല്ലാ മലയാളികളോടും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി വൈദികന്റെ സഹോദരന്‍ ആന്റണി സേവ്യര്‍ പറഞ്ഞു.
യു കെയില്‍ തുടരെ തുടരെ ഉണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളുടെയും തട്ടിക്കൊണ്ടു പോകലുകളുടെയും വെളിച്ചത്തില്‍ അച്ചന്റെ തിരോധാനത്തെ ആശങ്കയോടെയാണ് കുടുംബാംഗങ്ങള്‍ നോക്കിക്കാണുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്. അച്ചനെ സംബന്ധിച്ച ഏതെങ്കിലും വിവരം ലഭ്യമായവര്‍ എത്രയും വേഗം അടുത്ത പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Leave a Reply