ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഹാരി രാജകുമാരന്റെ ആത്മകഥയായ സ്പെയറിനെ ചുറ്റിപറ്റി അനുദിനം വാർത്തകൾ പുറത്ത് വരികയാണ്. ദിനംതോറും വലിയ ചർച്ചകളിലേക്കാണ് ഇവ നയിക്കുന്നത്. കാമിലയെ വിവാഹം കഴിക്കരുതെന്ന് താനും വില്യം രാജകുമാരനും പിതാവിനോട് ആവശ്യപ്പെട്ടത് പോലുള്ള രാജകുടുംബത്തിലെ ആവലാതികളും കയ്പുമാണ് പുസ്തകം പ്രധാനമായും വിവരിക്കുന്നത്. ഇതിനിടയിൽ വില്യം തന്നെ ശാരീരികമായി ആക്രമിച്ചു എന്നുള്ള വാദം പുസ്തകത്തെ കൂടുതൽ ചർച്ചകളിൽ സജീവമാക്കി.

പുസ്തകം അടുത്തയാഴ്ച പുറത്തിറങ്ങും. വിവാദങ്ങൾ സൃഷ്ടിച്ച പല സംഭവങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ അതിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.1980 കളിൽ മേജർ ജെയിംസ് ഹെവിറ്റുമായി തനിക്ക് അഞ്ച് വർഷത്തെ ബന്ധമുണ്ടായിരുന്നുവെന്ന് ഹാരിയുടെ അമ്മ ഡയാന രാജകുമാരി മരിക്കുന്നതിന് മുമ്പ് സ്ഥിരീകരിച്ചിരുന്നു. ഇതുൾപ്പടെയുള്ള കാര്യങ്ങളിലാണ് പുസ്തകം ഇറങ്ങുന്നതോടെ വ്യക്തത വരാൻ പോകുന്നത്. ഹാരിയുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ ആർമി ഹെലികോപ്റ്റർ പൈലറ്റെന്ന നിലയിലുള്ള അനുഭവങ്ങളെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്.

ഹാരിയും വില്യമും കാമിലയെ കല്യാണം കഴിക്കരുതെന്ന് പിതാവിനോട് ആവശ്യപ്പെട്ടിരുന്നതായി പുസ്തകം പറയുന്നു. ദുഷ്ടയായ രണ്ടാനമ്മയായി മാറുമോ എന്നുള്ള ഭയത്താൽ ആയിരുന്നു ഇതെന്നും ഹാരി കൂട്ടിച്ചേർത്തു. കുടുംബത്തിലെ അംഗമാകുന്നതിനു മുൻപ് താനും സഹോദരനും കാമിലയുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തിയിരുന്നതായി ഹാരി അവകാശപ്പെടുന്നതായി ദി സൺ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. 17 -മത്തെ വയസിൽ കൊക്കയിൻ ഉപയോഗിച്ച് തുടങ്ങിയെന്നും, മുതിർന്ന സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും,മേഗനുമായുള്ള വിവാഹത്തിനെതിരെ കുടുംബം പലതരത്തിൽ ദ്രോഹിച്ചെന്നും പുസ്തകം സാക്ഷ്യപെടുത്തുന്നു.