ലോകമാകെ കോവിഡ് വ്യാപനം തടയാൻ സമ്പർക്കവിലക്കുപോലുള്ള മാർഗങ്ങൾ അവലംബിക്കുേമ്പാൾ എൽസാൽവദോർ പോലുള്ള രാജ്യങ്ങൾ ജയിലുകളിൽ തടവുകാരെ ക്രൂരമായി മർദ്ദിക്കുന്നതിെൻറ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് എൽസാൽവദോർ.
ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രസിഡൻറ് നായിബ് ബുക്കലെ ശക്തമായ നടപടികൾ പ്രഖ്യാപിച്ചതോടെ ജയിലുകളിലെയും സ്ഥിതി കഷ്ടമായി. കഴിഞ്ഞ ദിവസം ഇസാൽകോ ജയിലിൽ തടവുകാർ സംഘം ചേർന്നുണ്ടായ ഏറ്റുമുട്ടലിൽ 22 പേർ കൊല്ലപ്പെട്ടു. തുടർന്ന് തടവുകാർക്കെതിരെ കടുത്ത ശിക്ഷനടപടികളാണ് പ്രഖ്യാപിച്ചത്. തടവുകാരെ മുഴുവൻ ഒരുദിവസം കൂട്ടിയിട്ട് കെട്ടിയിട്ടു. ഗ്യാങ്ലീഡർമാരെ വെടിവെക്കാനും പൊലീസിന് നിർദേശം നൽകി.
തടവുകാർക്കെന്ത് സമ്പർക്കവിലക്ക്
ചിലിയിലെ സാൻറിയാഗോയിലെ പൂെൻറ അൾട്ടോ ജയിലിൽ ഇതിനകം തന്നെ 300 ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് ജയിലിലെ 1100 തടവുകാർ ഭീതിയിലാണ്. സമ്പർക്കവിലക്കൊന്നും തിങ്ങിനിറഞ്ഞ ജയിൽമുറികളിൽ പ്രായോഗികമല്ലെന്ന് പ്രിസൺ നഴ്സ് സിമേന ഗ്രാൻറിഫോ പറയുന്നു.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ വിവിധ ജയിലുകളിലായി 15 ലക്ഷം തടവുകാരാണുള്ളത്. പലതിലും കൈകൾ കഴുകി വൃത്തിയാക്കാൻ സോപ്പും വെള്ളവും പോലും നൽകാൻ സാധിക്കുന്നില്ല. ഇവിടെ തടവുകാരും ജയിൽ ജീവനക്കാരുമടക്കം 1400 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു.പെറുവിലെ 613 തടവുകാർ രോഗബാധിതരാണ്. 13 പേർ മരിക്കുകയും ചെയ്തു.
ഡൊമിനികൻ റിപ്പബ്ലിക്കിലെ ലാ വിക്ടോറിയ ജയിലിൽ 5500 തടവുകാരിൽ പരിശോധന നടത്തി. അതിൽ 239 േപർ കോവിഡ് പോസിറ്റീവാണ്.
പ്യൂർടോറികയിൽ 9000 തടവുകാരാണുള്ളത്. കൊളംബിയയിൽ 23 തടവുകാർ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. ബ്രസീലിലെ ജയിലുകളിൽ നിന്ന് 1300 തടവുകാർ കോവിഡിനെ പേടിച്ച് രക്ഷപ്പെട്ടു.
അർജൻറീനയിൽ ആയിരത്തിലേറെ തടവുകാർ നിരാഹാരസമരത്തിലാണ്. മഹാമാരിയിൽ നിന്നുള്ള സംരക്ഷണമാണ് എല്ലാവരുടെയും ആവശ്യം. കോവിഡ് പൊട്ടിപ്പുറപ്പെട്ടതുമുതൽ കുടുംബാംഗങ്ങളാരും തടവുകാരെ കാണാൻ ചെല്ലാറില്ല. പലർക്കും ആകെയുണ്ടായിരുന്ന ആശ്വാസമായിരുന്നു അത്. കോവിഡാനന്തരം തടവുകാർക്ക് ഭക്ഷണം നൽകുന്ന കടകളിൽ സാധനങ്ങളുടെ വില കുതിച്ചുയർന്നു. അതോടെ ഭക്ഷണവും കിട്ടാക്കനിയായി മാറിയിരിക്കയാണ്.
മെക്സിക്കോ അടക്കമുള്ള രാജ്യങ്ങളിൽ സോപ്പ്പൊടി പോലുള്ളവക്ക് ഇരട്ടിയിലേറെ തുകയാണ് ഇപ്പോൾ ഈടാക്കുന്നത്. ഹെയ്തി, ബൊളിവിയ, ഗ്വാട്ടമാല രാജ്യങ്ങളിലെ തടവുകാർ ഇതിലും മോശപ്പെട്ട സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിെൻറ നിരീക്ഷണം. അപകടകാരികളല്ലാത്ത തടവുകാരെ മോചിപ്പിച്ച് ജയിലുകളിലെ എണ്ണം കുറക്കണമെന്നും ശുചീകരണപരിപാലനം കാര്യക്ഷമമാക്കണമെന്നും ചിലി മുൻ പ്രസിഡൻറും യു.എൻ മനുഷ്യാവകാശ ഹൈ കമ്മീഷണറുമായ മിഷേൽ ബച്ലറ്റ് ആവശ്യപ്പെട്ടിരുന്നു.
ചിലി, കൊളംബിയ രാജ്യങ്ങൾ 7500 ഓളം തടവുകാരെ കോവിഡ് പശ്ചാത്തലത്തിൽ മോചിപ്പിച്ചിട്ടുണ്ട്. മെക്സിക്കോയിൽ ആയിരങ്ങളെ മോചിപ്പിക്കാൻ സെനറ്റ് കഴിഞ്ഞാഴ്ച അംഗീകാരം നൽകിയിരുന്നു. എന്നാൽ ബ്രസീൽ അത്തരം നടപടികൾക്കൊന്നും മുതിർന്നിട്ടില്ല. ചില രാജ്യങ്ങളിലെ ജയിലുകളിൽ തടവുകാരോടുള്ള സമീപനത്തിലും മാറ്റംവന്നിട്ടുണ്ട്.
ഉദാഹരണമായി അർജൻറീനയിൽ 13,000 തടവുകാർക്ക് വീഡിയോ കാൾ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അതുപോലെ ബ്വേനസ് ഐറിസിൽ തടവുകാർക്ക് മൊബൈൽ ഫോൺ അനുവദിച്ചിട്ടുണ്ട്. കോവിഡിനെ പേടിച്ച് ബൊളീവിയൻ ജയിലുകളിൽ കഴിയുന്ന ചില തടവുകാർ സ്വന്തം നിലക്ക് ക്വാറൻറീൻ പോലുള്ള സുരക്ഷ നടപടികൾ പാലിക്കാൻ ശ്രമിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ സന്ദർശനത്തെയും അവർ സ്വമേധയ വിലക്കി.
Leave a Reply