ഒന്‍പത് തരത്തിലുള്ള അര്‍ബുദങ്ങള്‍ക്കെതിരെ ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കുന്ന വാക്‌സിനായ ഗാര്‍ഡസില്‍ 9ന്റെ സ്വകാര്യ സപ്ലൈ ബ്രിട്ടനില്‍ നിലച്ചു. കഴിഞ്ഞയാഴ്ച മുതലാണ് സപ്ലൈ ഇല്ലാതായത്. വാക്‌സിനേഷന്‍ നല്‍കുന്ന ബൂട്ട്‌സ്, സൂപ്പര്‍ഡ്രഗ് എന്നീ ചെയിനുകള്‍ തങ്ങളുടെ വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നുവെന്ന് അറിയിച്ചു. പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ സ്വീകരിക്കുന്നില്ലെന്നും ചെയിനുകള്‍ വ്യക്തമാക്കി. നിലവില്‍ 12, 13 വയസുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നല്‍കി വരുന്ന ഈ വാക്‌സിന്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ് മൂലമുണ്ടാകുന്ന ക്യാന്‍സറുകളില്‍ നിന്നാണ് സംരക്ഷണം നല്‍കുന്നത്. ലൈംഗികബന്ധത്തിലൂടെയോ ചുംബനത്തിലൂടെയോ ആണ് ഈ വൈറസുകള്‍ പകരുന്നത്. എംഎസ്ഡി എന്ന മരുന്ന് നിര്‍മാണക്കമ്പനിയാണ് ഈ വാക്‌സിന്‍ ഉദ്പാദിപ്പിക്കുന്നത്. വരുന്ന ജൂലൈ വരെ ഈ മരുന്നിന്റെ പ്രൈവറ്റ് സപ്ലൈ ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചു. യുകെ ഫാര്‍മസികളില്‍ നിന്നുള്ള ഓര്‍ഡറുകളുടെ വര്‍ദ്ധനയാണ് ഇതിന് കാരണമെന്നും കമ്പനി വ്യക്തമാക്കി.

മുതിര്‍ന്നവരില്‍ ഏതാണ്ട് 80 ശതമാനം പേരും ഹ്യൂമന്‍ പാപ്പിലോമ വൈറസ് ബാധിതരാണ്. ഈ വൈറസാണ് ഗര്‍ഭാശയമുഖം, മലദ്വാരം, ജനനേന്ദ്രിയങ്ങള്‍, കണ്ഠനാളം തുടങ്ങിയവയെ ബാധിക്കുന്ന ക്യാന്‍സറുകളുടെ പ്രധാന കാരണം. വൈറസ് ബാധയുണ്ടായി ദശകങ്ങള്‍ക്ക് ശേഷമായിരിക്കും പലപ്പോഴും രോഗം പ്രത്യക്ഷപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഗാര്‍ഡസില്‍ 9 സൗജന്യ വാക്‌സിനേഷന്‍ പരിമിതപ്പെടുത്തിയതില്‍ എന്‍എച്ച്എസിനെതിരെ ത്രോട്ട് ക്യാന്‍സര്‍ ഫൗണ്ടേഷന്‍ നിയമപ്പോരാട്ടത്തിലാണ്. പ്രതിരോധമരുന്ന് വിതരണത്തില്‍ ലിംഗവിവേചനം കാട്ടുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്‍എച്ച്എസില്‍ നിന്ന് ഈ വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ ആണ്‍കുട്ടികള്‍ക്ക് വാക്‌സിനേഷനായി മാതാപിതാക്കള്‍ സ്വകാര്യസ്ഥാപനങ്ങളെയാണ് ആശ്രയിക്കാറുള്ളത്. ബൂട്ട്‌സും സൂപ്പര്‍ഡ്രഗുമാണ് ഇത് നല്‍കി വരുന്നത്. രണ്ട് ഡോസ് വേണ്ടിവരുന്ന 14 വയസ് വരെ പ്രായമുള്ളവര്‍ക്ക് 310 പൗണ്ടും മൂന്ന് ഡോസ് വരെ വേണ്ടിവരുന്ന മുതിര്‍ന്നവര്‍ക്ക് 450 പൗണ്ടുമാണ് ഇതിനായി ഈടാക്കുന്നത്. അതേസമയം എട്ടാം ക്ലാസ് പ്രായത്തിലുള്ള രാജ്യത്തെ എല്ലാ ആണ്‍കുട്ടികള്‍ക്കും വാക്‌സിനേഷന്‍ എന്‍എച്ച്എസിലൂടെ നല്‍കിയാല്‍ 30 മുതല്‍ 40 പൗണ്ട് വരെ മാത്രമേ ചെലവാകുകയുള്ളുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.