പൊലീസും പ്രക്ഷോഭകരും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുകളുണ്ടായതോടെ ഹോങ്കോങ് നഗരം വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നു. കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനൽകാനുള്ള ബില്ല് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ബിൽ താല്‍ക്കാലികമായി മാറ്റിവച്ചെന്ന പ്രഖ്യാപനത്തിൽ പ്രക്ഷോഭകർ തൃപ്തരല്ല.

പ്രാദേശിക സമയം ഞായറാഴ്ച രാത്രി 11 മണിക്ക് മുമ്പാണ് പ്രകടനം അക്രമാസക്തമായത്. പോലീസ് പ്രക്ഷോഭകരുടെ അടുത്തേക്ക് നീങ്ങാൻ തുടങ്ങിയതോടെ മിക്ക ആളുകളും പിന്‍വാങ്ങുകയും മറ്റുള്ളവരോട് താല്‍ക്കാലികമായി പിന്മാറാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ലാത്തിയുമായി റോഡിന്‍റെ ഇരു വശത്തുനിന്നും പോലീസ് ഇരച്ചു കയറിയതോടെ പ്രതിഷേധക്കാര്‍ പിന്മാറാന്‍ മറ്റുവഴികളില്ലാതെ കുടുങ്ങി. നിരവധി പേർ അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30-ന് പോലീസിന്‍റെ അനുമതിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. കൊവ്ലൂണ്‍ ഉപദ്വീപിലെ സിം ഷാ സൂയിയെന്ന പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലാണ് പ്രക്ഷോഭകര്‍ തടിച്ചു കൂടിയിരുന്നത്. ആയുധധാരികളായ പ്രക്ഷോഭകര്‍ ഒരുവശത്തും പോലീസ് മറ്റൊരു വശത്തും നിലയുറപ്പിച്ചതോടെ പിരിമുറുക്കം രൂക്ഷമായി. സമരം നേരത്തെതന്നെ അവസാനിപ്പിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അവര്‍ കൊവ്ലൂണിലെ പ്രധാന പാതയായ നഥാൻ റോഡ്‌ കയ്യടക്കി. മുദ്രാവാക്യം മുഴക്കിക്കൊണ്ട് മോങ് കോക്കിലേക്ക് നീങ്ങി. അവിടെവച്ചാണ് പോലീസ് അവരെ തടഞ്ഞതും അക്രമമുണ്ടായതും. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോള്‍ കണ്ണടയും മാസ്കും ധരിച്ച് കുടകൾ ഉയർത്തിപ്പിടിച്ച് അവര്‍ ചെറുത്തു നിന്നു. പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ഹോങ്‌കോങ്ങിൽ ചൈനയുടെ പിന്തുണയുള്ള മേഖലാ ഭരണാധികാരി കാരി ലാമിനുനേരെ ഒരു മാസത്തോളമായി നടക്കുന്ന പ്രക്ഷോഭത്തിൽ ലക്ഷക്കണക്കിനുപേരാണ് തെരുവിലിറങ്ങുന്നത്. കുറ്റവാളികളെ വിചാരണയ്ക്ക് ചൈനയടക്കമുള്ള രാജ്യങ്ങൾക്ക്‌ കൈമാറാൻ കാരി ലാം കൊണ്ടുവന്ന ബിൽ പ്രതിഷേധങ്ങളെത്തുടർന്ന് മരവിപ്പിച്ചിരുന്നു. ബിൽ മരവിപ്പിച്ചാൽ പോരാ, ഔദ്യോഗികമായി പിൻവലിക്കുക തന്നെ വേണമെന്ന ആവശ്യത്തിൽ യുവാക്കൾ ഉറച്ചുനിൽക്കുകയാണ്. ലാം രാജിവയ്ക്കുക, അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭകർ ഉന്നയിക്കുന്നുണ്ട്. 2012-ൽ അധികാരമേറ്റശേഷം ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളിയാണ് ഹോങ്‌കോങ് പ്രക്ഷോഭം.