നടിയെ തട്ടികൊണ്ടു പോയി ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പൾസർ സുനി എന്ന സുനില്‍ കുമാര്‍ പെണ്‍വാണിഭ കേസില്‍ ദുബായ് പോലീസ് അന്വേഷിക്കുന്ന സുനില്‍ സുരേന്ദ്രനെന്നയാളാണെന്ന് സൂചന. സിനിമയില്‍ അവസരം തേടിയെത്തുന്ന പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിലെത്തിക്കുകയായിരുന്നു ഇയാള്‍.2013-14 വര്‍ഷങ്ങളില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പലതവണ ഇയാള്‍ ദുബായില്‍ എത്തിയിരുന്നു.സിബഐ അന്വേഷിക്കുന്ന പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി ലിസി സോജനൊപ്പം സുനിലും ഉണ്ടായിരുന്നു. മറ്റു പ്രതികളുടെ മൊഴികളിലും ഡ്രൈവറായിരുന്ന സുനിലിനെക്കുറിച്ച് പറയുന്നുണ്ട്.

സെക്‌സ് റാക്കറ്റിനെക്കുറിച്ച് ദുബായ് പോലീസിന് സൂചന ലഭിച്ചതോടെ സുനി കേരളത്തിലേയ്ക്ക് കടന്നു. മൂന്നു പേരുകളില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉള്ളതിനാല്‍ ദുബായ് പോലീസിന് ഇയാളെ പിടികൂടാനായില്ല.നടിയെ ആക്രമിച്ച കേസില്‍ ഇയാള്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇട്ടതോടെയാണ് മൂന്നു പാസ്‌പോര്‍ട്ട് ഉള്ള കാര്യം വ്യക്തമായത്.ദുബായ് പോലീസ് പെണ്‍വാണിഭ കേസ് സിബിഐയ്ക്ക് കൈമാറിയപ്പോള്‍ അജ്ഞാതനായ സുനില്‍ സുരേന്ദ്രന്‍ പതിയെ ഒഴിവാക്കപ്പെടുകയായിരുന്നു. ഈ കേസിലെ പ്രതികള്‍ പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞ് മൊഴി നല്‍കിയാല്‍ സിബിഐ പ്രതി ചേര്‍ത്ത് ചോദ്യം ചെയ്യും.