നടിയെ ആക്രമിച്ച കേസ് അന്വേഷണം ഇതുവരെ പരസ്യമായി ചിത്രത്തിലില്ലാതിരുന്ന പുതിയ ഒരാളിലേയ്ക്ക് നീങ്ങുന്നതായി സൂചന. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ പറഞ്ഞ മാഡം എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് പുതിയ അന്വേഷണം.

സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ഫെനി ബാലകൃഷ്ണനാണ് ഈ മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. കേസില്‍ ഈ സ്ത്രീയുടെ ഇടപെടലിനെക്കുറിച്ച് ഫെനി ബാലകൃഷ്ണന്‍ നടന്‍ ദിലീപിനോട് പറഞ്ഞിട്ടുണ്ട്. ദിലീപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെനി ബാലകൃഷ്ണനെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍.

നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങാന്‍ പള്‍സര്‍ സുനി തന്നെ സമീപിച്ചിരുന്നുവെന്നാണ് ഫെനി ബാലകൃഷ്ണന്‍ ദിലീപിനോട് പറഞ്ഞത്. ഫെനി മൂന്ന് തവണ തന്നെ വിളിച്ചിട്ടുണ്ടെന്ന് ദിലീപ് കഴിഞ്ഞ ദിവസം നടന്ന മാരത്തണ്‍ ചോദ്യംചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. ഇക്കാര്യം ചാനലുകളിലൂടെ ഫെനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളായ മനോജ്, മഹേഷ് എന്നീ രണ്ടുപേരാണ് തന്നെ വന്നു കണ്ടെന്ന് ഫെനി പറഞ്ഞു. ചെങ്ങന്നൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാവാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ഒരുപാട് പൊലീസുകാര്‍ ഉള്ളതിനാല്‍ മാവേലിക്കരയില്‍ ഹാജരാകുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. മാഡത്തോട് അന്വേഷിച്ചിട്ട് മറുപടി പറയാം എന്നു പറഞ്ഞാണ് അവര്‍ മടങ്ങിയതെന്ന് ഫെനി പറഞ്ഞു.

സംഭവവുമായി ഏതാനും സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പുതിയ വഴിത്തിരിവ്. നടി ആക്രമിക്കപ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പള്‍സര്‍ സുനിയും ദിലീപും ഒരേ മൊബൈല്‍ ഫോണ്‍ ടവറിന് കീഴില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിന് തൊട്ടുപിറകെയാണ് കേസന്വേഷണത്തിലേയ്ക്ക് പുതിയ കഥാപാത്രത്തിന്റെ കടന്നുവരവ്. അഡ്വ. ബി.എ. ആളൂരാണ് ഇപ്പോള്‍ പള്‍സര്‍ സുനിക്കുവേണ്ടി ഹാജരാകുന്നത്. ആളൂര്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി സുനിയെ കണ്ടിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി സുനി തന്നോട് പറഞ്ഞതായി ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Read more.. ചോദ്യം ചെയ്യലിൽ നാദിർഷക്കു പിടിച്ചു നിൽക്കാനായില്ല; ദിലീപിന്റെ കേരളത്തിനകത്തും പുറത്തുമുള്ള കോടികളുടെ ഇടപാടുകൾ വെളിപ്പെടുത്തി