ന്യൂഡൽഹി ∙ ടേക്ക് ഓഫിനിടെ റൺവേയിൽ വാഹനവും ആളും കണ്ടതിനെ തുടർന്നു നിശ്ചിത സമയത്തിനു മുൻപു വിമാനം ആകാശത്തിലേക്ക് പറത്തി പൈലറ്റ്. പുണെ വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. പുണെയിൽ നിന്നു ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എ321 വിമാനമാണ് അടിയന്തര ടേക്ക് ഓഫ് നടത്തിയത്. പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്നു വൻ ദുരന്തം ഒഴിവായി.

വിമാനത്തിന്റെ പുറംച്ചട്ടയ്ക്കു ചെറിയ കേടുപാടു സംഭവിച്ചെങ്കിലും സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിമാനം ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെ വഴിയിൽ ഒരു ജീപ്പും ഒരാളും നിൽക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടു. കൂട്ടിമുട്ടൽ ഒഴിവാക്കാൻ വിമാനം ഉടൻ ആകാശത്തിലേക്ക് പറത്തുകയായിരുന്നു. മണിക്കൂറിൽ ഏകദേശം 222 കി.മീറ്റർ വേഗതയിലാണ് വിമാനം നീങ്ങിക്കൊണ്ടിരുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഇതിന്റെ ഭാഗമായി വിമാനത്തിന്റെ സർവീസ് തൽക്കാലം നിർത്തിവച്ചതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു. വിമാനത്തിന്റെ കോക്‌പിറ്റ് വോയിസ് റെക്കോർഡർ പരിശോധിക്കും. പുണെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടാൻ എയർ ഇന്ത്യയ്ക്ക് നിർദേശം നൽകിയതായും ഡിജിസിഎ അറിയിച്ചു.