ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ 2026–27 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ വാഹന നികുതി (Vehicle Excise Duty – VED) നിരക്കുകൾ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു . ഇതോടെ വാഹന ഉടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . CO₂ പുറന്തള്ളൽ 151–170 g/km ഉള്ള കാറുകൾക്ക് ആദ്യ വർഷം മാത്രം £1,410 വരെ നികുതി അടയ്ക്കേണ്ടിവരും എന്ന് ചാൻസലർ റേച്ചൽ റീവ്സ് സ്ഥിരീകരിച്ചിരുന്നു . മലിനീകരണം കൂടുതലുള്ള വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ വർധനവിന്റെ പ്രധാന ലക്ഷ്യം. “സ്റ്റാൻഡേർഡ് പെർഫോർമൻസ്” വിഭാഗത്തിൽപ്പെടുന്ന ചില ജനപ്രിയ മോഡലുകൾ പോലും ഈ ഉയർന്ന നികുതി നിരക്കിൽ ഉൾപ്പെടുന്നതോടെ, സാധാരണ കുടുംബങ്ങൾക്കും ഈ തീരുമാനം സാമ്പത്തികമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നത് .

2017 ഏപ്രിൽ 1ന് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ കാറുകൾക്കും ആദ്യ വർഷ നികുതി CO₂ പുറന്തള്ളലിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. സീറോ എമിഷൻ വാഹനങ്ങൾക്ക് വളരെ കുറഞ്ഞ നിരക്കായ £10 മാത്രമാണുള്ളത്. എന്നാൽ ഉയർന്ന മലിനീകരണമുള്ള വാഹനങ്ങൾക്ക് ഇത് £5,000 ക്ക് മുകളിലേക്കും ഉയരും . 51–90 g/km പുറന്തള്ളൽ ഉള്ള സാധാരണ പെട്രോൾ, ഡീസൽ കാറുകൾ കൂടുതലും £135 മുതൽ £280 വരെ നികുതി നൽകേണ്ടിവരും. എന്നാൽ ആദ്യ വർഷത്തിന് ശേഷം എല്ലാ കാറുകളും ഏകീകൃതമായ £200 എന്ന സ്റ്റാൻഡേർഡ് നിരക്കിലേക്ക് മാറും. ഇതോടൊപ്പം, വിലക്കയറ്റം പരിഗണിച്ച് ഈ നിരക്കുകൾ വീണ്ടും ഉയരുമെന്ന സൂചനയുമുണ്ട് . അതായത് വാഹന ഉടമകൾക്ക് ദീർഘകാല ചെലവ് കൂടും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

ഇതിനിടെ, CO₂ അളക്കുന്നതിനുള്ള പരിശോധനാ രീതിയിൽ വന്ന മാറ്റവും നികുതി വർധനയ്ക്ക് കാരണമായി മാറിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങൾ പ്രകാരം ടെസ്റ്റിംഗ് നടത്തുന്നതിനാൽ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളുടെ കാർബൺ പുറന്തള്ളൽ മുൻകാലത്തേക്കാൾ ഉയർന്നതായി ആണ് രേഖപ്പെടുത്തപ്പെടുന്നത് . ഇതിന്റെ ഫലമായി മുമ്പ് കുറഞ്ഞ നികുതി ബാൻഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ ഇപ്പോൾ ഉയർന്ന നിരക്കിലേക്കു മാറാൻ സാധ്യതയുണ്ട്. എന്നാൽ 2025 ജനുവരി മുതൽ 2028 ഏപ്രിൽ വരെ കമ്പനി കാർ ആയി വാങ്ങുന്ന PHEV വാഹനങ്ങൾക്ക് സർക്കാർ താൽക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. പുതിയ ടെസ്റ്റിംഗ് മൂലം ഉണ്ടാകുന്ന അധിക നികുതി ഭാരം ഒഴിവാക്കാനും ‘ബിനിഫിറ്റ് ഇൻ കൈൻഡ്’ നികുതി വർധനയിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുമാണ് ഈ നടപടി.











Leave a Reply