ഒാണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ചുംബനസമരനേതാക്കളായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇവരുള്‍പ്പെടെ പതിമൂന്നു പേരെ പ്രതികളാക്കി തിരുവനന്തപുരം പോക്സോ കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രാഹുലും രശ്മിയുമുള്‍പ്പെടെയുള്ള പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബംഗലുരുവില്‍ നിന്ന് എത്തിച്ച് പെണ്‍വാണിഭം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

സദാചാര ഗുണ്ടായിസത്തിനെതിരെ കേരളത്തെ ഇളക്കിമറിച്ച ചുംബനസമര നേതാക്കളെന്ന നിലയില്‍ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴാണ് ഒാണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും പിടിയിലാകുന്നത്. 2015 ലായിരുന്നിത്. മോഡലായ രശ്മിയെ ഭര്‍ത്താവ് രാഹുല്‍ ഇടപാടുകാര്‍ക്കായി എത്തിച്ചു നല്കിയെന്നായിരുന്നു പൊലീസ് ഭാഷ്യം. ഒാപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരിട്ട് ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് രാഹുലും രശ്മിയും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. നെടുമ്പാശേരിയിലെ ഹോട്ടലിലില്‍ നിന്നായിരുന്നു അറസ്റ്റ്.

തിരുവനന്തപുരം പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 13 പ്രതികളാണുള്ളത്. ബംഗലുരുവില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച് വാണിഭം നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒാണ്‍ലൈന്‍ വഴി പ്രതികള്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നെന്നും കൊച്ചുസുന്ദരികള്‍ എന്ന പേരില്‍ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയായിരുന്നു പെണ്‍വാണിഭമെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. നാലു വര്‍ഷത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്.