‘അനുരാഗക്കരിക്കിന്‍ വെള്ളം’ എന്ന ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനേത്രിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ വിജയൻ, തന്റെ നിലപാടുകളിലൂടെയും സിനിമ തിരഞ്ഞെടുപ്പിലെ വ്യത്യസ്തതയിലൂടെയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ്. അഭിനയജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെപ്പറ്റിയും മനസ്സ് തുറക്കുകയാണ് രജീഷ, ഈ ഓണക്കാലത്ത്.

ഓണവും മലയാളിയും

ജാതിമത വേർതിരിവുകൾ ഇല്ലാതെ നമ്മളെല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. നമ്മൾ മലയാളികൾ ക്രിസ്തുമസും ഈദും ഒരുമിച്ചാഘോഷിക്കുന്നവരാണ്. ഓണവും അത്തരത്തിൽ ഒന്നാണ്. ഓണക്കാലത്ത് ഓരോ മലയാളിയുടെയും മനസ്സിൽ നിറയുന്നത് ഒരുമയുടെ അനുഭവമാണ്.

കുടുംബം

അച്ചന്റെ പേര് വിജയൻ. അച്ഛൻ ആർമിയിലായിരുന്നു. അമ്മയുടെ പേര് ഷീല വിജയൻ. അമ്മ അധ്യാപികയായിരുന്നു. ഒരു അനിയത്തിയുണ്ട്. പേര് – അഞ്ജുഷ വിജയൻ. അവൾ ഇപ്പോൾ ബിരുദം പൂർത്തിയാക്കി. പൂണെ, പഞ്ചാബ്, ഡൽഹി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു എന്റെ പഠനം. ഉപരിപഠനം ഡൽഹി നോയിഡ അമിറ്റി യൂണിവേഴ്സിറ്റിയിലായിരുന്നു.

കേരളത്തിന് പുറത്തുള്ള സ്കൂൾപഠനകാലവും മലയാളവും

ഞാൻ മലയാളം പഠിക്കാനുള്ള പ്രധാന കാരണം എന്റെ മാതാപിതാക്കളാണ്. കൂടുതൽ ഭാഷകളിലുള്ള അറിവ് കൂടുതൽ സഹായകമാകും. അമ്മ പണ്ട് പറയുമായിരുന്നു, “എവിടെയാണെങ്കിലും ഒരു ബസിന്റെ ബോർഡ്‌ എങ്കിലും വായിക്കാനുള്ള മലയാളം അറിഞ്ഞിരിക്കണമെന്ന്.” സ്കൂളിൽ മലയാളം പഠിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വീട്ടിലിരുന്ന് അമ്മ മലയാളം പഠിപ്പിച്ചതുകൊണ്ടാണ് ഇന്ന് നല്ലതുപോലെ സംസാരിക്കുന്നതും ബുദ്ധിമുട്ടില്ലാതെ സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതും.

സിനിമകളുടെ തിരഞ്ഞെടുപ്പ്

എപ്പോഴും ചെയ്തവയിൽനിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. അതാണ് കൂടുതൽ താല്പര്യം. ജൂൺ പോലെയൊരു കഥാപാത്രം വീണ്ടും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ കഥാപാത്രത്തിലൂടെ ഒരു കഥ പ്രേക്ഷകരിലേക്ക് എത്തണമോയെന്ന് ചിന്തിക്കും. തിരക്കഥ വായിക്കുമ്പോൾ അതാണ് മനസ്സിൽ വരിക. നല്ല അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും കൂടെ ഒന്നിക്കാനുള്ള അവസരത്തെക്കാൾ ഉപരിയായി തിരക്കഥയിലാണ് ശ്രദ്ധിക്കുക. എന്റെ കഥാപാത്രമില്ലാതെ തിരക്കഥ പൂർണതയിൽ എത്തുമോയെന്ന് നോക്കുമ്പോൾ തന്നെ നമുക്ക് അറിയാൻ കഴിയും, ആ സിനിമയിലെ എന്റെ റോളിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന്. ഇത്രയും കാര്യങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കുക.

നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ

സിനിമയുടെ തിരഞ്ഞെടുപ്പിൽ ഏത് കഥാപാത്രകേന്ദ്രീകൃതമായാണ് കഥ നീങ്ങുന്നതെന്ന് നോക്കാറില്ല. ‘അനുരാഗ കരിക്കിൻ വെള്ളം’ ഒരു അച്ഛന്റെയും മകന്റെയും കഥയാണ്. എന്നാൽ അതിൽ നിന്ന് നായിക കഥാപാത്രത്തെ മാറ്റി നിർത്തിയാൽ സിനിമ പൂർണമാകില്ല. എന്നാൽ ജൂൺ, ഒരു സ്ത്രീയുടെ കാഴ്‌ചപ്പാടിലൂടെ നീങ്ങുന്ന ചിത്രമാണ്. അതിന് അതിന്റെതായ സൗന്ദര്യമുണ്ട്.

സിനിമ സംവിധായകന്റെ കലയാണെന്ന് ഞാൻ പറയും. അദ്ദേഹം തന്റെ കഥ പറയാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് അഭിനേതാക്കളും മറ്റുള്ളവരും. സ്ത്രീപക്ഷ സിനിമയുടെ തിരിച്ചുവരവ് ഈ കാലത്ത് കൂടുതലായി സംഭവിക്കുന്നുണ്ട്. അത് വളരെ നല്ല കാര്യമാണ്.

സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്

കുറെക്കാലമായി കേൾക്കുന്നുണ്ടെങ്കിലും ഈയൊരു വാക്ക് പൂർണമായി മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കാരണം, എന്റെ രാഷ്ട്രീയം ആയിരിക്കില്ല എന്റെ മുന്നിലിരിക്കുന്ന വ്യക്തിയുടേത്. അപ്പോൾ ആരുടെ രാഷ്ട്രീയമാണ് ശരിയെന്ന തോന്നൽ വരും. ആ വാക്ക് മാറ്റി നിർത്തി പറയുകയാണെങ്കിൽ സിനിമയിൽ ഒരു കഥാപാത്രം പീഡിപ്പിക്കാനോ മയക്കുമരുന്ന് ഉപയോഗിക്കാനോ പാടില്ലെന്ന് പറയാൻ സാധിക്കില്ല. കാരണം അങ്ങനെ ചെയ്യുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ അങ്ങനെ തന്നെയാണ് സിനിമയിൽ കാണിക്കേണ്ടതും. എന്നാൽ മോശമായ ഒരു കാര്യത്തെ ഗ്ലോറിഫൈ ചെയ്യാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അത് സിനിമയെടുക്കുന്ന വ്യക്തിയുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. തെറ്റിനെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളിൽ ഉൾപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാഴ്ചപ്പാടും ചിന്താഗതിയും

എന്റെ കാഴ്ചപ്പാടിനെയും ചിന്താഗതിയെയും സ്വാധീനിക്കുന്നത് ജീവിതാനുഭവങ്ങളാണ്. മലയാള സിനിമാ മേഖലയിലെ പ്രഗത്ഭരായ ഒരുപാട് ആളുകളെ കാണാനും അവരുമായി സംവദിക്കാനും അവസരമുണ്ട്. അതിലൂടെ എന്റെ കാഴ്ചപ്പാടുകളും നവീകരിക്കപ്പെട്ടിട്ടുണ്ട്. മാറാൻ സ്വയം തയ്യാറാകണമെന്ന് മാത്രം. എന്റെ ചിന്തകൾ മാത്രമാണ് ശരിയെന്നു കരുതാൻ പാടില്ല.

കോവിഡും ഖാലിദ് റഹ്മാന്റെ ‘ലവ്വും’

കഴിഞ്ഞ ലോക്ക്ഡൗണിലാണ് ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചത്. ലവ്, ഖോ ഖോ, കർണൻ തുടങ്ങിയ ചിത്രങ്ങൾ ആ സമയത്താണ് പൂർത്തിയാക്കിയത്. ഒരു സിനിമാ സെറ്റിൽ 75 – 150 ആളുകൾ വരെ ഉണ്ടാവുന്ന സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് 35 ആളുകൾക്ക് മാത്രമായിരുന്നു അന്ന് അനുമതി. ലവ് ൽ അഭിനേതാക്കൾ ആറു പേർ മാത്രമാണെന്നത് ഗുണമായി. അപ്പാർട്ട്മെന്റിൽ ചിത്രീകരിക്കാൻ അനുമതി ഇല്ലാതിരുന്നതിനാൽ സംവിധായകന്റെ താമസസ്ഥലത്ത് തന്നെയായിരുന്നു ചിത്രീകരണം. താഴത്തെ ഫ്ലാറ്റിൽ ഒരുങ്ങി, മുകളിലത്തെ ഫ്ലാറ്റിലെത്തി അഭിനയിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ അനുഭവമായിരുന്നു ലവ്. ഫ്ലാറ്റിനുള്ളിൽ തന്നെ 20 – 25 ദിവസത്തെ ഷൂട്ട്. റഹ്മാൻ സിനിമ ഒരുക്കിയ രീതിയും വളരെ വ്യത്യസ്തമായിരുന്നു. മൂന്നുനാലു മാസം മുറിയുടെ ഉള്ളിൽ അടച്ചിരുന്നിട്ട് ഏതുവിധവും ജോലി ചെയ്യണമെന്ന അവസ്ഥയായി. ആ സമ്മർദ്ദത്തിൽ നിൽക്കുമ്പോഴാണ് റഹ്മാന്റെ ക്ഷണം വരുന്നത്. കോവിഡ് നൽകിയ മാനസിക പിരിമുറുക്കത്തിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയായിരുന്നു ലവ്.

തമിഴിലേക്കുള്ള അരങ്ങേറ്റം – കർണൻ. മാരി സെൽവരാജും ധനുഷും.

തമിഴിലേക്കുള്ള പ്രവേശനം മാരി സെൽവരാജ് എന്ന സംവിധായകാനൊപ്പം ആണെന്നത് വലിയ കാര്യമായി കരുതുന്നു. നല്ലതുപോലെ വായിക്കുന്ന, നല്ലതുപോലെ ചിന്തിക്കുന്ന, സിനിമയെ കൂടുതൽ ദൃശ്യാത്മകമായി സമീപിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു മാസ്സ് പടം എങ്ങനെ ക്ലാസ്സായി എടുക്കാം എന്നതിനുദാഹരണമാണ് കർണൻ. തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ധനുഷ്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി, കണ്ണുകൊണ്ടുള്ള അഭിനയം എന്നിവ ഗംഭീരമാണ്. എല്ലാവരുടെയും കൂടി വർക്ക്‌ ചെയ്യാൻ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യമായി കരുതുന്നു.

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളോടൊപ്പം സിനിമകൾ

ആരുടെ കൂടെ അഭിനയിക്കുന്നു എന്നതിനേക്കാൾ ഉപരിയായി നല്ല കഥാപാത്രം, നല്ല കഥ, മികച്ച സംവിധായകൻ എന്നിവയിലാണ് ശ്രദ്ധിക്കുന്നത്. സൂര്യ, കാർത്തി തുടങ്ങിയവരോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നുവെന്നത് ഭാഗ്യമായി കരുതുന്നു. ജൂൺ സിനിമയ്ക്ക് ശേഷമാണ് ഈ അവസരങ്ങളെല്ലാം എന്നെ തേടിയെത്തിയതും. ഭാഷയുടെ അതിരുകൾ കൂടാതെ അഭിനയിക്കണമെന്നാണ് ആഗ്രഹം. ലഭിക്കുന്ന കഥാപാത്രത്തെ പൂർണതയിൽ എത്തിക്കുവാൻ പരിശ്രമിക്കും. അത് ഉറപ്പാണ്.   എല്ലാ മലയാളികൾക്കും എൻെറ തിരുവോണാശംസകൾ.

തയ്യാറാക്കിയത് – ഷെറിൻ പി യോഹന്നാൻ