ഇന്ത്യയേയും ശ്രീലങ്കയേയും ബന്ധിപ്പിച്ച് ഏറെക്കാലമായി സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ രാമസേതു പാലം മനുഷ്യനിര്‍മ്മിതമാണെന്ന് അമേരിക്കന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍. ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സിന്റെ യുഎസിലെ സയന്‍സ് ചാനലാണ് ഇതേക്കുറിച്ച്‌ നടത്തിയ പഠന ങ്ങള്‍ ‘വാട്ട് ഓണ്‍ എര്‍ത്ത്’ എന്ന പരിപാടിയിലൂടെ പുറത്തുവിടുന്നത്. ഇതിന്റെ പ്രൊമോ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ആദംസ് ബ്രിഡ്ജ് എന്ന് വിളിക്കപ്പെടുന്ന രാമസേതുവിന്റെ രഹസ്യത്തെക്കുറിച്ച്‌ ചാനല്‍ പ്രോമോ 1.1 മില്ല്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.

മണല്‍ത്തിട്ട പ്രകൃതിദത്തമാണെങ്കിലും അതിന് മുകളിലുള്ള കല്ലുകള്‍ അങ്ങിനെയുള്ളതല്ല. കല്ലുകളുടെ പഴക്കം 7000 വര്‍ഷവും, മണല്‍ത്തിട്ടയ്ക്ക് 4000 വര്‍ഷം പഴക്കമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചുണ്ണാമ്ബുകല്ല് തിട്ടകളാണ് രാമസേതുവില്‍ കാണുന്നതെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്.
സേതുസമുദ്രം പദ്ധതി നടപ്പായിരുന്നെങ്കില്‍ ആഴത്തിലുള്ള ഡ്രെഡ്ജിംഗിലൂടെ ഇത് നശിച്ച്‌ പോകുമായിരുന്നു.

മതവിശ്വാസത്തിന്റെ പേരില്‍ മാത്രമല്ല പദ്ധതി വിമര്‍ശനം ഏറ്റുവാങ്ങിയത്, പ്രദേശത്തെ ആഴക്കടല്‍ ജൈവ വൈവിധ്യം കൂടി ഇല്ലാതാകുമായിരുന്നു.ഇന്ത്യാന യൂണിവേഴ്സിറ്റി നോര്‍ത്ത്വെസ്റ്റ്, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബൗള്‍ഡര്‍, സതേണ്‍ ഒറിഗോണ്‍ യൂണിവേഴ്സിറ്റി എന്നിവരുടെ ഗവേഷണ വിവരങ്ങളും സയന്‍സ് ചാനല്‍ തിയറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയിലെ രാമേശ്വരത്ത് പാമ്പന്‍ ദ്വീപുകള്‍ക്കും, ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപുകള്‍ക്കും ഇടയില്‍ 50 കീലോമീറ്റര്‍ നീളത്തിലാണ് രാമസേതു നിലനില്‍ക്കുന്നത്. 2005ല്‍ ഒന്നാം യുപിഎ ഭരണകാലത്ത് ഇവിടെ ഡ്രെഡ്ജിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബിജെ പിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

പദ്ധതി നടന്നിരുന്നുവെങ്കില്‍ പ്രാചീന ശിലകള്‍ക്ക് കേടുപാട് സംഭവിക്കുമായിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാനിരിക്കെയാണ് ശാസ്ത്രലോകം തെളിവുകള്‍ നിരത്തുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റൊറിക്കല്‍ റിസേര്‍ച്ച്‌ മാര്‍ച്ചില്‍ പഠനം നടത്തുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും സംഗതി ആരംഭിച്ചിട്ട് പോ ലുമില്ല. ഒരുക്കങ്ങള്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് എഎസ്‌ഐ പറയുന്നത്.

രാമസേതു വിശ്വാസവുമായി ബന്ധപ്പെട്ട സ്ഥലമല്ലെന്നായിരുന്നു യുപിഎ ഒന്നാം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. സംഭവം വിവാദമായതോടെ ഇത് പിന്‍വലിക്കുകയായിരുന്നു.

ഭാരതത്തിലെ മഹാപുരാണമായ രാമായണത്തിൽ ആണ് ആദ്യമായി രാമസേതു എന്ന പദം ഉപയോഗിക്കുന്നത്. ശ്രീരാമൻ തന്റെ ഭാര്യയായ സീതയെ രാക്ഷസരാജാവായ രാവണനിൽ നിന്നും വീണ്ടെടുക്കാൻ വാനരപടയുടെ സഹായത്തോടെ രാമ സേതു നിർമ്മിക്കുകയും ലങ്കയിൽ എത്തി രാവണനെ നിഗ്രഹിച്ചു എന്നും ആണ് ഐതിഹ്യം. വാല്മീകി രാമ സേതു നിർമ്മാണത്തെ പറ്റി രാമായണത്തിന്റെ സേതു ബന്ധനം എന്ന അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഭാരതത്തെയും ശ്രീലങ്കയെയും വേർതിരിക്കുന്ന സമുദ്ര ഭാഗം സേതു സമുദ്രം എന്നറിയപ്പെടുന്നു.